ഇടുക്കി : 'പൊലീസ് ഭക്ഷണം' ജനങ്ങൾക്ക് വിലക്കിയും പൊലീസിന് മാത്രമായി ചുരുക്കിയും ഉത്തരവിറക്കിയ ജില്ല പൊലീസ് മേധാവിക്കെതിരെ പൊലീസ് അസോസിയേഷൻ.
പൊലീസുകാർക്ക് മാത്രമായി ഭക്ഷണം നൽകേണ്ടെന്ന് തീരുമാനിച്ച് കാൻറീനുകൾ പൂട്ടിയത് വിവാദമായി. ജനങ്ങൾക്ക് വിൽപന നടത്താനാകുന്നില്ലെങ്കിൽ നഷ്ടക്കച്ചവടമാകുമെന്ന് നിരീക്ഷിച്ചാണ് എസ്.പിയെ തോൽപിക്കുന്ന പൊലീസ് നടപടി. നടത്തിപ്പിൽ ക്രമക്കേട് അടക്കം കണക്കിലെടുത്താണ് കാൻറീൻ നടത്തിപ്പിൽ എസ്.പിയുടെ ഇടപെടലെന്നാണ് വിവരം.
എന്നാൽ, എസ്.പിയുടെ നടപടി പിൻവലിപ്പിക്കാൻ അതിനിടെ സർക്കാർതല സമ്മർദം ശക്തമായി. ജില്ലയിലെ മന്ത്രിയടക്കം ഇടപെട്ടെന്നാണ് വിവരം.
അനുമതിയില്ലാതെ പൊലീസ് ഭൂമിയിൽ നിർമാണപ്രവൃത്തികൾ സാധ്യമല്ലെന്നിരിക്കെ, കാൻറീനുകൾ അനധികൃതമായി പ്രവർത്തിക്കുന്നതായി കണ്ടെത്തിയും സർക്കാർ ജീവനക്കാർ മറ്റ് വരുമാനമാർഗം ഉണ്ടാക്കുന്ന ജോലികളിൽ ഏർപ്പെട്ടുകൂടെന്ന സർവിസ് ചട്ടം ലംഘിക്കുകയുമാണ് കാൻറീനുകൾ പൊലീസ് നേരിട്ട് നടത്തുന്നതിലൂടെ സംഭവിക്കുന്നതെന്ന് വിലയിരുത്തിയുമാണ് പുറംവിൽപന നിരോധിച്ച എസ്.പിയുടെ നടപടിയെന്നാണ് സൂചന. പൊലീസ് നേരിട്ട് കാൻറീൻ നടത്തിപ്പ് ഏറ്റെടുത്തതിലൂടെ ഇവരുടെ സേവനം സ്റ്റേഷനിൽ ലഭ്യമല്ലാതായി.
ഒരുവിഭാഗം സേനാംഗങ്ങള്‍ സ്ഥിരമായി പൊലീസ് കാൻറീനുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് മാറിയതും ഇത് ക്രമസമാധാനപാലന ഡ്യൂട്ടിയെ കാര്യമായി ബാധിക്കുന്നതും ശ്രദ്ധയിൽപെട്ടതോടെയാണ് എസ്.പി കർശന നിലപാടിന് മുതിർന്നത്. ചിലയിടങ്ങളിൽ കാൻറീന് നടത്തിപ്പ് സംബന്ധിച്ച് പരാതികള്‍ വർധിച്ചതും ഇതുസംബന്ധിച്ച് അന്വേഷണം ആരംഭിച്ചതും പെട്ടെന്നുള്ള നടപടിക്ക് കാരണമായതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. മറ്റ് ജില്ലകളിൽ കാൻറീൻ നടത്തിപ്പ് സ്വകാര്യ വ്യക്തികളാണ്. പൊലീസുകാർക്ക് സൗജന്യനിരക്കിൽ ഭക്ഷണം കിട്ടുമെന്ന് മാത്രം.
സംഭവത്തിൽ കാൻറീൻ പ്രവർത്തിക്കുന്ന പൊലീസ് സ്റ്റേഷനുകളിലെ എസ്.എച്ച്.ഒമാരോട് തിങ്കളാഴ്ച പൊലീസ് ആസ്ഥാനത്ത് എത്താനാണ് ഡി.ജി.പിയുടെ നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.