തൊടുപുഴ: പാതയോരങ്ങളിലും പൊതുസ്ഥലങ്ങളിലും സ്ഥാപിച്ച പരസ്യബോർഡുകളും ഫ്ലക്സുകളും നീക്കിത്തുടങ്ങി. നീക്കംചെയ്യാൻ കേരള ഹൈകോടതി നൽകിയ സമയം ബുധനാഴ്ച അവസാനിച്ചതിനെത്തുടർന്നാണ് ഉദ്യോഗസ്ഥർ തന്നെ നേരിട്ടെത്തി നീക്കിയത്. ജില്ലയിൽ നിന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് 1699 അനധികൃത ബോർഡാണ് ഒറ്റ ദിവസം കൊണ്ട് നീക്കിയത്. നീക്കം ചെയ്യാത്തവരിൽ നിന്ന് 11,000 രൂപ പിഴയും ഈടാക്കി.
പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച ഫ്ലക്സുകളും ബോർഡുകളും വാഹനത്തിൽ കൊണ്ടുപോകുന്നു
ബോർഡുകൾക്ക് പുറമേ 253 ബാനറുകളും, 165 കൊടികളും 45 കമാനങ്ങളും നീക്കം ചെയ്തിട്ടുണ്ട്. ജില്ലയിലെ പ്രധാന പാതയോരങ്ങളിലെ പരസ്യബോർഡുകൾ മിക്കതും നീക്കിയെങ്കിലും കോടതി ഉത്തരവ് ഇനിയും പൂർണമായി നടപ്പായിട്ടില്ല. ഗ്രാമീണ മേഖലകളിൽ രാഷ്ട്രീയ പാർട്ടികളും സംഘടനകളും വ്യക്തികളും സ്ഥാപിച്ചിരിക്കുന്ന ബോർഡുകൾ ഇപ്പോഴും കാണാം. ഇവ ഉടനടി നീക്കി ഉത്തരവാദികളിൽനിന്ന് പിഴ ഈടാക്കാനാണ് തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് ലഭിച്ചിരിക്കുന്ന നിർദേശം.
പൊതുറോഡുകൾ, നടപ്പാതകൾ, മീഡിയനുകൾ മുതലായവയിൽ സർക്കാർ വകുപ്പുകളുടെയോ സർക്കാർ അനുബന്ധ സ്ഥാപനങ്ങളുടെയോ സ്വകാര്യ ഏജൻസികളുടെയോ മതസ്ഥാപനങ്ങളുടെയോ, മറ്റ് സ്ഥപനങ്ങളുടെയോ ബോർഡുകൾ, ബാനറുകൾ, പോസ്റ്ററുകൾ, കൊടിതോരണങ്ങൾ എന്നിവ സ്ഥാപിക്കാൻ പാടില്ലെന്നാണ് കോടതി നിർദേശിച്ചത്. ഇത്തരത്തിൽ സ്ഥാപിച്ചിട്ടുള്ളവ തദ്ദേശ സ്ഥാപന സെക്രട്ടറിമാർ ഇടപെട്ട് അടിയന്തരമായി നീക്കംചെയ്യാൻ സർക്കാർ സർക്കുലർ ഇറക്കിയിരുന്നു.
വിവിധ രാഷ്ട്രീയ പാർട്ടികൾ സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ, ബാനറുകൾ, പോസ്റ്ററുകൾ, കൊടിതോരണങ്ങൾ എന്നിവ നീക്കം ചെയ്യാൻ തദ്ദേശസ്ഥാപനങ്ങൾ അറിയിപ്പ് നൽകിയിരുന്നു. ഉത്തരവ് പൂർണമായി നടപ്പാക്കാത്ത സെക്രട്ടറിമാരിൽ നിന്ന് പോസ്റ്ററുകൾ, ബോർഡുകൾ, ബാനറുകൾ, കൊടികൾ എന്നിവ ഓരോന്നിനും 5000 രൂപ നിരക്കിൽ പിഴ ഈടാക്കുമെന്നും സർക്കുലറിൽ പറയുന്നുണ്ട്. വാഹനമോടിക്കുന്നവരുടെ കാഴ്ച മറച്ചും, കാൽനടയാത്രക്കാർക്കടക്കം ഗതാഗത തടസ്സം സൃഷ്ടിച്ചുമാണ് ഫ്ലക്സ് ബോർഡുകൾ പലതും സ്ഥാപിച്ചിരുന്നത്. കൂറ്റൻ ആർച്ചുകളും, കമാനങ്ങളും ഏതുനിമിഷവും മറിഞ്ഞ് വീഴാവുന്ന സ്ഥിതിയിലുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.