നെടുങ്കണ്ടം: അധികൃതരുടെ അവഗണന കണ്ട് മടുത്തപ്പോൾ കല്ലാർ പുഴയോരത്ത് സുരക്ഷാ മുൻകരുതൽ ബോർഡ് സ്ഥാപിച്ച് അംഗൻവാടി അധ്യാപികമാർ. കല്ലാര്‍ പതിനഞ്ചിൽപടി ഭാഗത്താണ് അംഗൻവാടി അധ്യാപികമാരുടെ വാട്സ്ആപ് ഗ്രൂപ്പായ 'ജീവമിത്ര' ഗ്രൂപ് നേതൃത്വത്തിലാണ് അപകട മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചത്.
'ശാന്തമായി ഒഴുകുന്ന കല്ലാർപുഴ കണ്ണിനും മനസ്സിനും കുളിർമ നൽകുമെങ്കിലും അഗാധങ്ങളിലെ അപകടങ്ങളെ കാണാതെ പോകരുത്. ആഴം കൂടുതൽ ഉള്ളതിനാൽ അടിത്തട്ടിൽ ചേറും ചളിയും പാറകളും ഉള്ളത് അപകടം വിളിച്ചുവരുത്തുന്നു. ഇവിടെ കുളിക്കുന്നത് പരമാവധി ഒഴിവാക്കുക' തുടങ്ങിയ മുന്നറിയിപ്പുകളാണ് ബോർഡിൽ. കല്ലാർ പുഴയിൽ നിരവധി ജീവൻ പൊലിഞ്ഞിട്ടും സുരക്ഷാ മുന്‍കരുതൽ സ്വീകരിക്കുന്ന കാര്യത്തിൽ അധികൃതർ വിമുഖത കാട്ടിയിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ വിദ്യാർഥികളടക്കം അഞ്ചു ജീവനാണ് കല്ലാർപുഴയില്‍ പൊലിഞ്ഞത്. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ പുഴയില്‍ ഒഴുക്കില്‍പെട്ട് നെടുങ്കണ്ടം സ്വദേശിയായ 13കാരന് മരിച്ചിരുന്നു.
ടണലിലൂടെ വെള്ളം ഒഴുകുന്നതിനാല്‍ അടിയൊഴുക്ക് ശക്തമാണ്. അപകടകരമായ പാറയിടുക്കുകളും നിരവധിയുണ്ട്. അപകട സാധ്യത വർധിച്ചതോടെ പ്രദേശവാസികള്‍ നിലവില്‍ പുഴയില്‍ ഇറങ്ങാറില്ല.
എന്നാല്‍, നെടുങ്കണ്ടത്തെ സ്കൂളുകളില്നിന്നെത്തുന്ന കുട്ടികള്‍ പുഴയില്‍ ഇറങ്ങി നീന്തിക്കുളിക്കുന്നത് പതിവാണ്. താന്നിമൂട് മുതല്‍ ഡാം വരെ രണ്ട് കിലോമീറ്ററോളം ദൂരത്തിലാണ് കൂടുതല്‍ അപകട സാധ്യതയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.