ഒാണമടുത്തതോടെ വിപണി സജീവം. ഓഫറുകളുമായി വ്യാപാര സ്ഥാപനങ്ങളടക്കം ഉണർന്നതോടെ ജില്ലയിലെ നഗരങ്ങളടക്കം ഉത്സാഹത്തിലായി. കോവിഡ് ആശങ്കയിലും ഓണവിപണി ഉണരുന്ന കാഴ്ചയാണെന്ന് വ്യാപാരികളും ചൂണ്ടിക്കാട്ടുന്നു.
ഇളവുകൾ നൽകി പരമാവധി ആളുകളെ വ്യാപാര സ്ഥാപനങ്ങളിലേക്ക് ആകർഷിക്കുന്ന കാഴ്ചയാണ് എവിടെയും. തുണിത്തരങ്ങൾ, ഗൃഹോപകരണങ്ങൾ, വാഹനങ്ങൾ, മൊബൈൽ ഫോൺ തുടങ്ങിയ എല്ലാത്തിനും ഓഫർ മഴയാണ്.
ഓണം പ്രമാണിച്ച് വ്യാപാര സ്ഥാപനങ്ങൾക്ക് സെപ്റ്റംബർ രണ്ടുവരെ രാവിലെ ഏഴു മുതൽ രാത്രി ഒമ്പതുവരെ തുറന്നു പ്രവർത്തിക്കാൻ ഇളവ് അനുവദിച്ചിരുന്നു. വസ്ത്രശാലകളിലും തിരക്കേറിയിട്ടുണ്ട്. സ്മാർട്ട് ഫോണുകൾക്കും ഓഫറുകളേറെ.
അനുകൂല കാലാവസ്ഥയും ഏറെ പ്രതീക്ഷയാണ് നൽകുന്നതെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. ആളുകൾ ഇറങ്ങിത്തുടങ്ങിയതോടെ തൊടുപുഴ നഗരത്തിലടക്കം തിരക്ക് വർധിച്ചിട്ടുണ്ട്.
കോവിഡ് വ്യാപന ഭീഷണി പൂർണമായി ഒഴിയാത്ത സാഹചര്യത്തിൽ വ്യാപാരികളും ഉപഭോക്താക്കളും കർശന നിയന്ത്രണം പാലിച്ചുവേണം വ്യാപാരം നടത്തേണ്ടതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്.
എല്ലാവരും സമൂഹ അകലം കൃത്യമായി പാലിക്കുകയും മാസ്ക് ധരിക്കുകയും വേണം. വസ്ത്രശാലകളിലേക്കടക്കം കുടുംബാംഗങ്ങൾ കൂട്ടത്തോടെ പോകുന്നത് ഒഴിവാക്കി പകരം രണ്ടോ മൂന്നോ പേർ മാത്രം പോകുന്ന രീതി അവലംബിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.