കുമളി: ശബരിമല തീർഥാടനകാലം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ പ്രധാന ഇടത്താവളമായ കുമളിയിൽ അധികൃതരുടെ അവഗണന തുടരുന്നു. തമിഴ്നാടിന് പുറമേ കർണാടക, പുതുച്ചേരി, ആന്ധ്ര സംസ്ഥാനങ്ങളിൽ നിന്ന് ആയിരക്കണക്കിന് തീർഥാടകരാണ് ഓരോ വർഷവും കുമളി വഴി ശബരിമലയിലേക്ക് പോകുന്നത്.
സ്വകാര്യ വാഹനങ്ങളിലും ബസുകളിലുമായി കുമളിയിലെത്തുന്ന തീർഥാടകർക്ക് അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കാൻ പഞ്ചായത്ത്, പൊലീസ്, ദേശീയപാത അധികൃതർക്ക് കഴിഞ്ഞിട്ടില്ല. തീർഥാടകരുടെ വാഹനങ്ങൾ വഴിതെറ്റാതിരിക്കാൻ ദിശ ബോർഡുകൾ, പാർക്കിങ് സൗകര്യം, കുടിവെള്ളം, ശൗചാലയങ്ങൾ വിശ്രമിക്കാൻ സ്ഥലം എന്നിങ്ങനെ പലതും ദിവസങ്ങൾക്കുള്ളിൽ ഒരുക്കേണ്ടതുണ്ടെങ്കിലും അധികൃതർ ഉറക്കമുണർന്നിട്ടില്ല.
തീർഥാടന കാലത്ത് ഭക്ഷണത്തിന് വില ഉയരുന്നത് തടയാൻ ഹോട്ടലുകളിൽ വില വിവരപട്ടിക പ്രസിദ്ധപ്പെടുത്തുന്നതിനും തീർഥാടകരുടെ വാഹനങ്ങൾ വഴിയിൽ തടഞ്ഞ് കച്ചവടം നടത്തുന്നത് തടയാനും അധികൃതർക്ക് കഴിയാറില്ല. ഫുഡ് ആൻഡ് സേഫ്റ്റി, അളവ് തൂക്കവിഭാഗം എന്നിവർ തീർഥാടന കാലത്ത് പരിശോധന എന്ന പേരിൽ രംഗത്തുവരാറുണ്ടെങ്കിലും പിരിവാണ് മുഖ്യ അജണ്ടയെന്നത് പരസ്യമായ രഹസ്യം.
തിരക്കേറിയ കുമളി ടൗണിൽ സെൻട്രൽ ജങ്ഷനിൽ നടപ്പാത കൈയേറിയാണ് വഴിയോര കച്ചവടം തുടരുന്നത്. വീതി കുറഞ്ഞ റോഡിന്റെ ഒരുവശം മുഴുവൻ ലോട്ടറി കട മുതൽ ഭക്ഷണശാലകൾ വരെ നിരന്നിരിക്കുന്നത് ഈ ഭാഗത്ത് ഗതാഗതക്കുരുക്കിന് വഴിയൊരുക്കുന്നു. പോസ്റ്റ് ഓഫിസിൽ കയറാൻ വരുന്നവരുടെ വാഹനങ്ങൾ പോലും നിർത്താൻ കഴിയാത്ത വിധമാണ് റോഡിന്റെ ഒരു വശത്ത് ലോട്ടറി-വഴിയോര കച്ചവടം തുടരുന്നത്.
ആയിരക്കണക്കിന് തീർഥാടകരും നാട്ടുകാരും വിനോദ സഞ്ചാരികളും വന്നിറങ്ങുന്ന ടൗണിലെ ബസ് സ്റ്റാൻഡിലെ ടാറിങ് പല ഭാഗത്തും പൊളിഞ്ഞ് വെള്ളക്കെട്ടിന് കാരണമാകുന്നു.
ബസ് സ്റ്റാൻഡിലേക്ക് ദേശീയ പാതയിൽ നിന്ന് വാഹനങ്ങൾ കയറുന്ന ഭാഗത്തെ ഓടയുടെ സ്ലാബുകൾ ഇടിഞ്ഞുതാഴ്ന്ന് ഈ ഭാഗത്തെ ടാറിങ് നശിച്ച് വെള്ളക്കെട്ട് രൂപപ്പെട്ടിട്ട് മാസങ്ങളായി. ദേശീയപാത, പഞ്ചായത്ത് അധികൃതർ തമ്മിൽ തുടരുന്ന ശീതസമരം കാരണം പൊട്ടിപ്പൊളിഞ്ഞ ഭാഗം അറ്റകുറ്റപ്പണി നടത്താൻ അധികൃതർ തയാറായിട്ടില്ല.
അപകടത്തിനിടയാക്കുമെന്നറിഞ്ഞിട്ടും അധികൃതർ തുടരുന്ന അനാസ്ഥ നാട്ടുകാരിൽ കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ബസ് സ്റ്റാൻഡിനുള്ളിൽ പല ഭാഗത്തും ടാറിങ് ഇളകി കുഴികൾ രൂപപ്പെട്ടത് വാഹനങ്ങൾക്കൊപ്പം യാത്രക്കാർക്കും പ്രയാസം സൃഷ്ടിക്കുന്നു.
ടൗണിന് നടുവിൽ ലക്ഷങ്ങൾ ചെലവഴിച്ച് ഒന്നിനു പകരം മൂന്ന് ശൗചാലയം ഉണ്ടെങ്കിലും ഒരെണ്ണത്തിൽ പോലും മൂക്ക് പൊത്താതെ കയറാനാവില്ല. ശൗചാലയം മറച്ച് ലോട്ടറി കച്ചവടം മുതൽ ചെരിപ്പ് തുന്നൽ വരെ ഇടം പിടിച്ചതോടെ അത്യാവശ്യക്കാർ ശൗചാലയം തേടിപ്പിടിക്കേണ്ട സ്ഥിതിയായി. തീർഥാടന കാലത്തിന് മുമ്പായി ശൗചാലയം പെയിന്റ് ചെയ്ത് വൃത്തിയാക്കി ബോർഡുകൾ സ്ഥാപിക്കാൻ പഞ്ചായത്ത് നടപടി സ്വീകരിച്ചിട്ടില്ല.
ശൗചാലയം കെട്ടിടത്തിന് മുകളിലും പരിസരത്തും സാമൂഹിക വിരുദ്ധർ താവളമാക്കുന്നതും മദ്യപാനം തുടരുന്നതും വെല്ലുവിളിയാണ്. പഞ്ചായത്ത് നിശ്ചയിച്ചിട്ടുള്ള തുകയേക്കാൾ കൂടുതൽ തുക വാടകക്കാരിൽ നിന്ന് കരാറുകാരൻ ഇടാക്കുന്നത് വ്യാപക പരാതിക്കിടയാക്കിയെങ്കിലും നടപടിയൊന്നുമില്ല.
പഞ്ചായത്ത് വക ടൗൺ ബസ്സ്റ്റാൻഡിൽ വാഹനങ്ങൾ കയറുന്നതും ഇറങ്ങുന്നതും തോന്നിയ പടിയായിട്ടും നടപടിയില്ല. വാഹനങ്ങൾ ഇറങ്ങി പോകുന്ന തേക്കടി ബൈപ്പാസ് റോഡിലൂടെയാണ് മിക്ക ബസ്സുകളും പ്രവേശിക്കുന്നതും. ഈ ഭാഗത്ത് പഞ്ചായത്ത് ബസ്സുകൾക്ക് വൺവേ ബോർഡ് സ്ഥാപിക്കാത്തതാണ് പ്രശ്നത്തിന് കാരണം.
റോഡിൽ സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും തമിഴ്നാട്ടിൽ നിന്നുള്ള ബസ്സുകൾ മുഴുവൻ തിരിക്കുന്നതിനായി ബസ്റ്റാൻഡിലൂടെ കയറി ഇറങ്ങുന്നതും ടൗണിൽ രൂക്ഷമായ ഗതാഗത കുരുക്കാണ് സൃഷ്ടിക്കുന്നത്. പൊലീസ് ഇക്കാര്യത്തിൽ കണ്ണടക്കുകയാണ് പതിവ്.
ബസ്റ്റാൻഡിൽ നിന്ന് 100 മീറ്റർ മാത്രം അകലെ കട്ടപ്പന റോഡിൽ അമ്പലത്തിന് മുമ്പിൽ ബസുകൾ യാത്രക്കാരെ കയറ്റാൻ നിർത്തിയിടുന്നത് വലിയ ദുരിതമാണ് മറ്റ് വാഹനങ്ങൾക്കും നാട്ടുകാർക്കും സൃഷ്ടിക്കുന്നത്. ടൗണിൽ ബസ്റ്റാൻഡ് ഉണ്ടാകുന്നതിന് മുമ്പ് ഉണ്ടായിരുന്ന പതിവ് ഇപ്പോഴും തുടരുന്നത് അവസാനിപ്പിക്കാൻ പഞ്ചായത്തിന് കഴിഞ്ഞിട്ടില്ല.
ബസ്റ്റാൻഡിൽ നിന്ന് കാണാവുന്ന ദൂരത്തിലാണ് അമ്പലത്തിന് മുന്നിലെ ബസ്സ് സ്റ്റോപ്പ്. ഇവിടെ, കട്ടപ്പന ഭാഗത്തേക്ക് പോകുന്ന ബസ്സുകൾ ഏറെ നേരം നിർത്തിയിടുന്നത് പലപ്പോഴും ദേശീയ പാതയിൽ വരെ ഗതാഗത കുരുക്കിന് കാരണമാകുന്നുണ്ട്. തീർഥാടന കാലത്ത് എത്തുന്ന ഭക്തർക്ക് കുമളി അമ്പലത്തിലേക്ക് കയറുന്നതിനും ബസ്സുകളുടെ നിർത്തിയിടൽ വലിയ ദുരിതമാണ് സൃഷ്ടിക്കുന്നത്.
നൂറു കണക്കിന് തീർഥാടകരുടെയും വിനോദ സഞ്ചാരികളുടെയും വാഹനങ്ങൾ എത്തുന്ന കുമളി ടൗണിൽ ട്രാഫിക് നിയന്ത്രിക്കാൻ പോലീസുകാരില്ല. ടൗണിലെ ബസ്റ്റാന്റ്, തേക്കടി കവല, സെൻട്രൽ ജങ്ഷൻ, ഒന്നാം മൈൽ, ചെളി മട എന്നിവിടങ്ങളിലൊന്നും പോലീസിനെ കണികാണാനില്ലാതായിട്ട് മാസങ്ങളായെന്ന് നാട്ടുകാർ പറയുന്നു.
സെൻട്രൽ ജങ്ഷനിലും ഒന്നാം മൈലിലും ഇടക്ക് വിമുക്തഭടന്മാരുടെ സേവനം ഉണ്ടാകുമെങ്കിലും ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഇവരെ കൊണ്ട് കഴിയാറില്ല. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന വാഹനങ്ങൾ എവിടെ പാർക്ക് ചെയ്യണം, ചെയ്യരുത് എന്നത് വ്യക്തമാക്കുന്ന ബോർഡുകൾ സ്ഥാപിക്കാൻ ദേശീയപാത, പഞ്ചായത്ത് അധികൃതർ തയ്യാറാകാത്തതും പ്രശ്നങ്ങൾക്ക് കാരണമാണ്. തിരക്കേറുമ്പോൾ പോലും പൊലീസ് ഇല്ലാത്തതിനാൽ, പല ഭാഗത്തും നാട്ടുകാർ തന്നെ ട്രാഫിക്ക് നിയന്ത്രിക്കേണ്ട ഗതികേടിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.