തൊടുപുഴ: ഇടമലക്കുടി സമഗ്ര വികസനത്തിന്റെ ഭാഗമായി പെട്ടിമുടി മുതൽ ഇഡലിപ്പാറ വരെ നിർമിക്കുന്ന 7.2 കിലോമീറ്റർ റോഡ് ഉടൻ പൂർത്തിയാക്കി പൊതുജനങ്ങളുടെ ദുരിതം പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. അടിമാലി ട്രൈബൽ വെൽെഫയർ ഓഫിസർക്കാണ് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിർദേശം നൽകിയത്.
പനി ബാധിച്ച് അവശയായ ഇടമലക്കുടി മീൻകൊത്തി കുടിയിലെ പട്ടികവർഗ വിഭാഗക്കാരിയായ യുവതി വള്ളിയെ ബന്ധുക്കളും പഞ്ചായത്ത് വൈസ് പ്രസിഡന്റും ചേർന്ന് മഞ്ചലിൽ 10 കിലോമീറ്റർ ചുമന്ന് വാഹനത്തിലെത്തിച്ച സംഭവത്തിൽ കമീഷൻ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.
റോഡില്ലാത്തത് മൂലമാണ് യുവതിയെ 10 കിലോമീറ്റർ ചുമക്കേണ്ടി വന്നത്. വിഷയത്തിൽ കമീഷൻ ഇടുക്കി ജില്ല കലക്ടറിൽനിന്ന് റിപ്പോർട്ട് തേടി. പ്രദേശത്ത് റോഡ് നിർമാണത്തിലുള്ള നടപടികൾ ആരംഭിച്ചതായി ദേവികുളം തഹസിൽദാറും അടിമാലി ട്രൈബൽ വെൽെഫയർ ഓഫിസറും കമീഷനെ നേരിൽ അറിയിച്ചു.
13.70 കോടി മുടക്കിയാണ് ആദ്യഘട്ടമായി പെട്ടിമുടി -ഇഡലിപ്പാറ റോഡ് നിർമിക്കുന്നത്. രണ്ടാംഘട്ടമായി ഇഡലിപ്പാറ മുതൽ സൊസൈറ്റിക്കുടി വരെയുള്ള മൂന്ന് കിലോമീറ്റർ റോഡ് നിർമിക്കാൻ 4.75 കോടി പൊതുമരാമത്ത് വകുപ്പിന് കൈമാറിയിട്ടുണ്ട്. മീൻകൊത്തി കുടിക്കാർക്ക് വനപാതയിലൂടെ അഞ്ച് കിലോമീറ്റർ സഞ്ചരിച്ചാൽ മാത്രമേ മാങ്കുളം ആനക്കുളത്ത് എത്താൻ കഴിയുകയുള്ളുവെന്നും റിപ്പോർട്ടിൽ പറയുന്നു. യുവതിയെ ചുമന്ന് വാഹനത്തിലെത്തിക്കേണ്ടി വന്നത് ഇതുകൊണ്ടാണ്.
പല കുടികളിലും വൈദ്യുതി ലഭ്യമാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്.ജില്ല കലക്ടർ ഉത്തരവിന്മേൽ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു. മനുഷ്യാവകാശ പ്രവർത്തകൻ അഡ്വ. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.