തൊടുപുഴ: വെള്ളത്തൂവല്‍ പഞ്ചായത്തില്‍ മണല്‍ ഇടപാടിൽ അഴിമതിയും ക്രമക്കേടും. ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് രാഷ്ട്രീയ-പരിസ്ഥിതി പ്രവർത്തകർ അധികൃതർക്ക് പരാതി നൽകി. പാസില്ലാതെ ഇവിടെ നിന്ന് ലോഡ് കണക്കിന് മണലാണ് കടത്തുന്നത്.
പഞ്ചായത്തിന് വന്‍ തുകയാണ് ഇതിലൂടെ നഷ്ടമാകുന്നത്. ശക്തമായ ജനകീയ പ്രതിഷേധം ഉയര്‍ന്നിട്ടും നടപടി സ്വീകരിക്കാതെ ഒഴിഞ്ഞുമാറുകയാണ് പഞ്ചായത്ത് അധികൃതർ. പഞ്ചായത്തിലെ എൽ.ഡി.എഫ് ഭരണസമിതിയുടെ ഒത്താശയോടെയാണ് മണൽകൊള്ള നടക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ് മുഹമ്മദ് ഷാഫി വാർത്തസമ്മേളനത്തില്‍ ആരോപിച്ചു.
2018-19 വര്‍ഷങ്ങളിലെ മഴക്കെടുതിയില്‍ വെള്ളത്തൂവലിലെ മിനിജല വൈദ്യുതി പദ്ധതിയുടെ മിനിഡാമും പവര്‍ഹൗസും മണലും ചളിയും അടിഞ്ഞ് പ്രവര്‍ത്തനരഹിതമായിരുന്നു. തോടുകളിലെയും പുഴകളിലെയും തടസ്സം നീക്കി വെള്ളപ്പൊക്കക്കെടുതികള്‍ ഒഴിവാക്കുകയെന്ന സര്‍ക്കാര്‍ നിർദേശത്തിെൻറ മറവിലാണ് ഇവിടെ വ്യാപകമായി മണല്‍ ഖനനം നടക്കുന്നത്. ലൈഫ് പദ്ധതി, ഇതര കേന്ദ്ര-സംസ്ഥാന ഭവന പദ്ധതികള്‍ എന്നിവക്ക് കുറഞ്ഞ വിലയില്‍ മണല്‍ ലഭ്യമാക്കുന്നതിനാണെന്ന് പറഞ്ഞാണ് ഭരണസമിതി കെ.എസ്.ഇ.ബി സഹായത്തോടെ കലക്ടറുടെ അനുമതി വാങ്ങി മണല്‍ വാരല്‍ ആരംഭിച്ചത്.
പഞ്ചായത്തിന് വരുമാനം കണ്ടെത്തലും സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ മണല്‍ ലഭ്യമാക്കലുമായിരുന്നു ലക്ഷ്യമെങ്കിലും നിലവില്‍ പഞ്ചായത്തിനോ, ജനങ്ങള്‍ക്കോ ഒരു പ്രയോജനവും ഇല്ല. ഇടനിലക്കാര്‍ക്കും പഞ്ചായത്ത് ഭരണസമിതിക്കും മാത്രമാണ് പ്രയോജനമെന്ന് മുൻ വൈസ് പ്രസിഡൻറ് ചൂണ്ടിക്കാട്ടി.
ജില്ലക്ക് പുറത്തേക്കാണ് മണല്‍ കടത്തുന്നത്. മൈനിങ് ആൻഡ് ജിയോളജി വകുപ്പിെൻറ അനുമതി പോലുമില്ലാതെയാണ് മണല്‍ ഇടപാട്. പകലും രാത്രിയും നിയമവിരുദ്ധമായ മണല്‍ക്കടത്ത് നടക്കുന്നത് വൈദ്യുതി വകുപ്പിെൻറയും വൈദ്യുതി മന്ത്രിയുടെയും മൗനാനുവാദത്തോടെയാണന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പരിസ്ഥിതിലോല പ്രദേശമായ വെള്ളത്തൂവലില്‍ മണല്‍ ഖനനത്തിന് എങ്ങനെ അനുമതി കിട്ടിയെന്ന് അന്വേഷിക്കണം. ഈ ആവശ്യമുന്നയിച്ച് കലക്ടര്‍ക്കും ബന്ധപ്പെട്ട അധികാരികള്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
നിയമവിരുദ്ധ മണല്‍കടത്തിനെതിരെ പരാതി നല്‍കുന്നവരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാനും മണല്‍ മാഫിയ ശ്രമിക്കുന്നതായി ഷാഫി പറഞ്ഞു.
വാർത്തസമ്മേളനത്തിൽ യൂത്ത് ലീഗ് ജില്ല കമ്മിറ്റി അംഗം അമാന്‍ പള്ളിക്കര, അബ്ദുല്ല തേനാലില്‍ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.