അടിമാലി: മത്സ്യ-മാംസ അവശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളും നിറഞ്ഞ് അടിമാലിയിലെ തോടുകൾ പകർച്ചവ്യാധി ഭീഷണി ഉയർത്തുന്നു. ഗ്രീൻ അടിമാലി ക്ലീൻ ദേവിയാർ പദ്ധതിക്കായി ലക്ഷങ്ങൾ മുടക്കിയ പഞ്ചായത്ത്, ടൗണിലെ ഓടകളും തോടുകളും സംരക്ഷിക്കാനോ മാലിന്യങ്ങൾ കൃത്യമായി നീക്കാനോ നടപടിയെടുത്തിട്ടില്ല.
അടിമാലി മാർക്കറ്റിന് സമീപത്തെ തോട് മാലിന്യവാഹിനിയായി മാറി. മത്സ്യ ശാലകളിൽനിന്നും ആധുനിക അറവുശാലയിൽനിന്നും എല്ലാവിധ മാലിന്യവും ഈ തോട്ടിലേക്കാണ് ഒഴുക്കുന്നത്. തോട്ടിലെ വെള്ളം കരിഓയിലിന് സമാനമായാണ് ഒഴുകുന്നത്. അറവ് അവശിഷ്ടങ്ങളും ഉണക്കമീൻ കൊണ്ടു വരുന്ന ഓലയും ചാക്ക് ഉൾപ്പെടെ മാലിന്യവും തോട്ടിലേക്കാണ് തള്ളുന്നത്.
ചോരയും ചാണകവും മത്സ്യ മാലിന്യവും മാർക്കറ്റ് കെട്ടിടത്തിന്റെ പിന്നിലെ ഓടയിൽ തള്ളുന്നത് രൂക്ഷമായ ദുർഗന്ധത്തിന് കാരണമാകുന്നു. കല്ലാർകുട്ടി റോഡിലും ലൈബ്രറി റോഡിലും ബഹുനില കെട്ടിടങ്ങളിൽനിന്നും ഫ്ലാറ്റുകളിൽ നിന്നുമൊക്കെ കക്കൂസ് മാലിന്യമടക്കം ഓടകളിലേക്ക് ഒഴുക്കുന്നുണ്ട്. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ പഞ്ചായത്ത് അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്. ബസ്സ്റ്റാന്‍ഡിൽ കംഫർട്ട് സ്റ്റേഷനിലെ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റും തകർച്ചയിലാണ്. ഇതോടെ മലിന്യം സ്റ്റാന്‍ഡിലൂടെ ഒഴുകുന്നു. ഇതെല്ലാം ഒഴുകിയെത്തുന്നത് ദേവിയാർ പുഴയിലാണ്. ആയിരക്കണക്കിനാളുകൾ കുളിക്കാനും കുടിക്കാനും ഇതര ആവശ്യങ്ങൾക്കും ആശ്രയിക്കുന്ന ദേവിയാർ പുഴ മാലിന്യവാഹിനിയായത് മനുഷ്യർക്കും മൃഗങ്ങൾക്കും ഒരുപോലെ ഭീഷണിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.