അടിമാലി: വന്യമൃഗങ്ങൾ വിഹരിക്കുന്ന പാതകളിൽ തെരുവുവിളക്കുകൾ കത്താത്തത് പൊതുജനത്തിന് ഭീഷണി. പട്ടണങ്ങളിൽ രാത്രി എത്തുന്നവർക്ക് വെളിച്ചത്തിന് വ്യാപാര സ്ഥാപനങ്ങൾ കനിയണം. കടകൾ രാത്രി അടച്ചാൽ ടൗണുകളും ഇരുട്ടിലാണ്. തെരുവുവിളക്കുകൾ പ്രകാശിപ്പിക്കാൻ ഉത്തരവാദപ്പെട്ട പഞ്ചായത്തുകൾ ഇതിന് കാര്യമായ ഇടപെടൽ നടത്തുന്നില്ലെന്ന് ആക്ഷേപം.
പ്രധാന പാതകളിലെ വഴിവിളക്കുകളും ജങ്ഷനുകളിലെ ഹൈമാസ്റ്റ് ലൈറ്റുകൾ മിഴിയടച്ചിട്ട് മാസങ്ങളായി. മൂന്നാർ, ദേവികുളം, ചിന്നക്കനാൽ, മാങ്കുളം, മറയൂർ, വട്ടവട, കാന്തല്ലൂർ, സേനാപതി, അടിമാലി പഞ്ചായത്തുകളിലാണ് നൂറുകണക്കിന് വഴിവിളക്കുകൾ തെളിയാതെ കിടക്കുന്നത്. പല റോഡുകളിലും വാഹനങ്ങളുടെ വെളിച്ചമാണ് ആശ്രയം. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം മുതൽ പൂപ്പാറ വരെയും മൂന്നാർ-വട്ടവട, മൂന്നാർ-മറയൂർ, മറയൂർ-കാന്തലൂർ, കല്ലാർകുട്ടി-പൂപ്പാറ, കല്ലാർകുട്ടി-മൈലാടുംപാറ, ദേവികുളം-നെടുങ്കണ്ടം, കല്ലാർ-മാങ്കുളം, മച്ചിപ്ലാവ്-കുരങ്ങാട്ടി-പച്ചാട് റോഡ് തുടങ്ങി മേഖലയിലെ എല്ലാ റോഡുകളിലും വഴിവിളക്കുകളുടെ സാന്നിധ്യമില്ല. പലയിടങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും മറ്റും ജോലി കഴിഞ്ഞു മടങ്ങുന്ന സ്ത്രീകൾ ഉൾപ്പടെയുള്ള യാത്രക്കാർ ബസ് കാത്തുനിൽക്കുന്നത് ഇരുട്ടുമൂടിയ കാത്തിരിപ്പു കേന്ദ്രങ്ങളിലാണ്.
ആദിവാസികളും കർഷക, തോട്ടം തൊഴിലാളികളും മറ്റും തൊഴിൽ കഴിഞ്ഞ് ഇരുട്ട് നിറഞ്ഞ പാതയിലൂടെയാണ് നടന്നാണ് പോകുന്നത്. വെളിച്ചമില്ലാത്തതിനാൽ വഴിയിൽ ആക്രമകാരികളായ വന്യമൃഗങ്ങൾ നിന്നാൽപോലും കാണാൻ കഴിയില്ല. വെളിച്ചമില്ലാത്ത സ്ഥിതി തുടർന്നാൽ ഇനി ചൂട്ട് കത്തിച്ച് യാത്ര ചെയ്യേണ്ടി വരുമെന്നും നാട്ടുകാർ പറയുന്നു.
തെളിയാത്ത വഴിവിളക്കുകൾക്ക് വൈദ്യുതി തുക നൽകി പഞ്ചായത്തുകൾ
അടിമാലി: വഴിനീളെ വഴിവിളക്കുകളും ഹൈമാസ് ലൈറ്റുകളും പഞ്ചായത്തുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇവയിൽ 90 ശതമാനം വഴിവിളക്കുകളും തെളിയുന്നില്ല. എന്നാൽ, ഇവക്കെല്ലാം മാസംതോറും പഞ്ചായത്തുകൾ വൈദ്യുതി ഇനത്തിൽ ലക്ഷങ്ങളാണ് അടക്കുന്നത്. തന്നത് ഫണ്ടിൽനിന്ന് നഷ്ടമാകുന്ന ഈ പണം സംബന്ധിച്ച് ജനപ്രതിനിധികൾ ഉത്തരവാദിത്തവും കാണിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.