മൂലമറ്റം: ഗുരുതിക്കളത്ത് വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന രണ്ട് പ്രതികൾകൂടി അറസ്റ്റിൽ. രണ്ടാം പ്രതി ഒളമറ്റം കമ്പിപ്പാലം ഭാഗം കണ്ടത്തിങ്കര ഷിയാദ് (45), മൂന്നാം പ്രതി കരിമണ്ണൂർ ചെമ്മലകുടി ജോമോൻ (37) എന്നിവരാണ് കുളമാവ് പൊലീസിന്റെ പിടിയിലായത്.
ഡിസംബർ 15ന് പുളിക്കൽ ഫിലിപ്പോസിന്റെ വീട് കുത്തിപ്പൊളിച്ച് മോഷണം നടത്തിയ സംഭവത്തിലാണ് അറസ്റ്റ്. ഒന്നാം പ്രതി പെരുമ്പള്ളിച്ചിറ പുതിയകുന്നേൽ സെറ്റപ് സുധീർ എന്ന സുധീർ (38) നേരത്തേ അറസ്റ്റിലായി റിമാൻഡിലാണ്. അന്ന് തൊണ്ടിമുതലുകളം മോഷണമുതൽ കൊണ്ടുപോയ കാറും കസ്റ്റഡിയിൽ എടുത്തിരുന്നു. രണ്ടും മൂന്നും പ്രതികളെ ചൊവ്വാഴ്ച വൈകീട്ട് തൊടുപുഴയിൽനിന്നാണ് അറസ്റ്റ് ചെയ്തത്. ഇവരെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുത്തു.
ഫിലിപ്പോസിന്റെ മരണ ശേഷം വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. കഴിഞ്ഞ മാസം പറമ്പ് തെളിക്കാനെത്തിയ ജോലിക്കാരാണ് മോഷണവിവരം ആദ്യം അറിയുന്നത്. വീട്ടുകാരെ വിളിച്ചുവരുത്തി തുറന്ന് പരിശോധിച്ച ശേഷം കുളമാവ് പൊലീസിൽ പരാതി നൽകി. കപ്പ വാട്ടാൻ ഉപയോഗിക്കുന്ന രണ്ട് വലിയ ചെമ്പ്, 10 ലിറ്ററിന്റെയും അഞ്ച് ലിറ്ററിന്റെയും കുക്കറുകൾ, അലുമിനിയം പാത്രങ്ങൾ, കുട്ടികൾക്ക് കിട്ടിയ ട്രോഫികൾ, നിലവിളക്കുകൾ, കറവയന്ത്രം തുടങ്ങിയവയാണ് മോഷണം പോയത്.
കുളമാവ് ഇൻസ്പെക്ടർ സുനിൽ തോമസിന്റെ നിർദേശപ്രകാരം എസ്.ഐ സലീം, എ.എസ്.ഐമാരായ ബിജു, ഷംസുദ്ദീൻ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.