െതാടുപുഴ: വീടുകളിലും സ്കൂളുകളിലുമിരുന്ന് കുട്ടികളും അധ്യാപകരും പ്രവേശനോത്സവം ആഘോഷമാക്കിയപ്പോൾ റേഞ്ച് തേടി മലയടിവാരത്തും തേയിലത്തോട്ടങ്ങൾക്ക് നടുവിലും എത്തേണ്ട ഗതികേടിലായിരുന്നു ഇടുക്കി തോട്ടം മേഖലയിലെ കുട്ടികൾ. ചൊവ്വാഴ്ച ആരംഭിച്ച ഓൺലൈൻ പ്രവേശനോത്സവത്തിൽ പങ്കെടുക്കാൻ മൂന്നാറടക്കമുള്ള തോട്ടം മേഖലയിൽ മൊബൈൽ റേഞ്ചുള്ള സ്ഥലം കണ്ടുപിടിച്ച് മൊബൈൽ ഫോണുമായി കുട്ടികൾ കാത്തിരിക്കുന്ന കാഴ്ചയായിരുന്നു.
സ്കൂളുകളിലും ചില സെൻററുകളിലും അധ്യാപകരുടെയും സമഗ്രശിക്ഷ കേരളത്തിെൻറയും നേതൃത്വത്തിൽ സൗകര്യമൊരുക്കിയിരുന്നെങ്കിലും എസ്റ്റേറ്റ് മേഖലകളിലെ കുട്ടികളെയാണ് നെറ്റ്വർക്ക് ഇല്ലാത്തത് കൂടുതൽ ബുദ്ധിമുട്ടിലാക്കിയത്. രാജമല, ഗൂഡാർവിള, തെന്മല, സോത്തുപാറ, ചിട്ടിവര എന്നിങ്ങനെ പല എസ്റ്റേറ്റ് ഡിവിഷനുകളിലും നെറ്റ്വർക്ക് കവറേജ് ഇല്ലാത്തതിനാൽ കുട്ടികൾക്ക് വേണ്ടരീതിയിൽ പ്രവേശനോത്സവത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല.
ചിലർ തങ്ങളുടെ വീടുകളിൽനിന്ന് ഒന്നും രണ്ടും കി.മീ. സഞ്ചരിച്ചാണ് ഇത്തരം സ്ഥലങ്ങൾ കണ്ടെത്തിയത്. ജില്ലയിൽ മൂന്നാർ, പീരുമേട് പ്രദേശങ്ങളിലാണ് റേഞ്ച് ഇല്ലാത്തത് കൂടുതൽ ബുദ്ധിമുട്ടിക്കുന്നത്. ചിലയിടങ്ങളിൽ സന്നദ്ധപ്രവർത്തകരടക്കം ഇടപെട്ട് ഓൺലൈൻ പഠനസാമഗ്രികൾ കുട്ടികൾക്ക് എത്തിച്ചു നൽകിയെങ്കിലും നെറ്റ്വർക്ക് ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുകയാണ്. നിലവിൽ ജില്ലയിൽ 2561 കുട്ടികൾക്ക് ഓൺലൈൻ പഠനസൗകര്യം ലഭിക്കുന്നിെല്ലന്നാണ് സമഗ്രശിക്ഷ കേരളം നടത്തിയ പ്രാഥമിക കണക്കെടുപ്പിൽ കണ്ടെത്തിയത്.
തോട്ടം-ആദിവാസി മേഖലയിൽ ഇതിലും കൂടുതൽ കുട്ടികൾ ഒാൺലൈൻ പഠനവുമായി ബന്ധപ്പെട്ട് പ്രതിസന്ധി നേരിടുന്നുണ്ടെന്നാണ് വിദ്യാഭ്യാസപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്. ബി.എസ്.എൻ.എല്‍ നെറ്റ്വര്ക്കിന് മാത്രം നേരിയ കവറേജുള്ള നിരവധി പ്രദേശങ്ങളും ദേവികുളം താലൂക്കിലുണ്ട്. ഇവിടങ്ങളിൽ കുട്ടികൾക്ക് ഓഫ്ലൈൻ ക്ലാസുകളാണ് നൽകിവന്നിരുന്നത്. കഴിഞ്ഞ അധ്യയനകാലത്ത് ക്ലാസുകൾ പെൻഡ്രൈവുകളിലാക്കി എത്തിക്കുകയായിരുന്നു. എങ്കിലും അതൊന്നും പ്രയോജനം ചെയ്തില്ല. പല കുട്ടികൾക്കും കഴിഞ്ഞ വർഷത്തെ പാഠഭാഗങ്ങൾ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.