തൊടുപുഴ: നഗരസഭ പരിധിയില്‍ 60 വയസ്സിന് മുകളിലുള്ള എല്ലാവരുടെയും വാക്സിനേഷന് അടിയന്തരമായി പൂര്‍ത്തിയാക്കുമെന്നും 45 വയസ്സിന് മുകളിലുള്ളവര്‍ക്ക് സ്പോട്ട് രജിസ്ട്രേഷനിലൂടെ വാക്സിന് സൗകര്യം ലഭ്യമാക്കുമെന്നും ചെയര്മാന് സനീഷ് ജോർജ്.
18നും 45നും ഇടയില്‍ പ്രായമുള്ള മുന്‍ഗണന വിഭാഗത്തില്‍പ്പെടുന്നവരില്‍ വാക്സിന് എടുക്കാത്തവരെ കണ്ടെത്തി വാക്സിന് നല്‍കും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും കോവിഡാനന്തര രോഗപരിചരണ പ്രവര്‍ത്തനങ്ങളും മഴക്കാല പൂര്‍വ ശുചീകരണ പുരോഗതിയും ചര്‍ച്ച ചെയ്യാൻ നഗരസഭ ഓഫിസില്‍ ചേര്‍ന്ന ഇൻറര്‍ സെക്ടറല്‍ യോഗത്തിലാണ് തീരുമാനം. നഗരപരിധിയിലെ പ്രവര്‍ത്തനങ്ങള്‍ ജില്ല ആശുപത്രി ആര്.എം.ഒ ഡോ. ജെ. പ്രീതി വിശദീകരിച്ചു.
നഗരസഭയില്‍ ആദ്യമായി ചെള്ള്പനി റിപ്പോര്‍ട്ട് ചെയ്തതായി ആര്.എം.ഒ അറിയിച്ച സാഹചര്യത്തില്‍ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങളും തുടരും.
ഫോഗിങ്, കാടുവെട്ടി വൃത്തിയാക്കല്‍ ഉള്‍പ്പെടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ല വെക്ടര്‍ കണ്ട്രോള് യൂനിറ്റ് കർമപദ്ധതി തയാറാക്കി. ജലവിതരണ പൈപ്പുകളിലേക്ക് അഴുക്കുവെള്ളം കലര്‍ന്ന് കുടിവെള്ളം മലിനമാകുന്നത് ഒഴിവാക്കും.
പി.ഡബ്ല്യു.ഡി റോഡുകളുടെ ഇരുവശങ്ങളിലുമുള്ള ഓടകള്‍ വൃത്തിയാക്കും. ഗതാഗതത്തിന് തടസ്സമായ മരശിഖരങ്ങള്‍ മുറിച്ചുമാറ്റും. ഉപേക്ഷിച്ച നിലയില്‍ കാണുന്ന ഒഴിഞ്ഞ ടാര്‍ വീപ്പകള്‍ റോഡരികിൽനിന്ന് നീക്കും. കോവിഡ് മുക്തരായവരില്‍ കണ്ടുവരുന്ന അസ്വസ്ഥതകള്‍ പരിഹരിക്കാൻ ആയുര്‍വേദ ആശുപത്രികളില്‍ പ്രത്യേക ചികിത്സ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നഗരസഭ ശുചീകരണ വിഭാഗം ജീവനക്കാര്‍, ഹരിതകര്‍മ സേനാംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ക്ക് എലിപ്പനി, ഡെങ്കിപ്പനി രോഗസാധ്യതകള്‍ ഉള്ളതിനാല്‍ പ്രതിരോധ മരുന്നുകള്‍ നല്‍കാനും തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.