പൊള്ളലേറ്റ കാഴ്ചകൾ; ആളിപ്പടർന്ന് വേദന; 79കാ​ര​നാ​യ പി​താ​വി​ന്‍റെ ആ​സൂ​ത്ര​ണ​ത്തി​ൽ ര​ക്ഷ​പ്പെ​ടാ​നാ​കാ​തെ നാ​ലം​ഗ കു​ടും​ബം

തൊടുപുഴ: നാടിനെ ഞെട്ടിച്ച വാർത്ത കേട്ടാണ് ശനിയാഴ്ച ചീനിക്കുഴി ഗ്രാമം ഉണരുന്നത്. ഉറങ്ങിക്കിടക്കുകയായിരുന്ന മുഹമ്മദ് ഫൈസലിന്‍റെയും ഭാര്യ ഷീബയുടെയും മക്കളായ മെഹറിൻ, അസ്ന എന്നിവരുടെ ദാരുണാന്ത്യം ഉൾക്കൊള്ളാൻ നാടിനായിട്ടില്ല.

79 വയസ്സുകാരനായ പിതാവ് ഹമീദ് നടത്തിയ ആസൂത്രണത്തിൽ രക്ഷപ്പെടാൻ ഒരു മാർഗവുമില്ലാതെ നാലംഗ കുടുംബം വെന്തുമരിച്ചത് നാട്ടുകാരെ ഞെട്ടിച്ചിരിക്കുകയാണ്.

വെള്ളിയാഴ്ച അർധ രാത്രിയോടെ ഫൈസലിന്‍റെ വീട്ടിൽനിന്ന് നിലവിളികേട്ട് നാട്ടുകാർ ഓടിയെത്തുമ്പോൾ വാതിലുകൾ അകത്തുനിന്ന് പൂട്ടിയിരുന്നു.

വീടിന്‍റെ ഇടതുവശത്തെ മുറിയിൽനിന്ന് പൊട്ടിത്തെറിയുടെ ശബ്ദവും കേട്ടു. ഇവർ വാതിലുകൾ തകർത്ത് അകത്തുകയറുമ്പോൾ മുറിയിൽ നിറയെ പുകയും തീയുമായിരുന്നു. മുറികളിൽ നോക്കിയെങ്കിലും ആരെയും കണ്ടെത്താനായില്ല. ഇതിനിടെ പൊലീസും എത്തി. ഇവരാണ് മുറിക്കുള്ളിലെ ബാത്ത് റൂമിൽ നാലുപേരെയും മരിച്ചനിലയിൽ കണ്ടെത്തുന്നത്. വിവരമറിഞ്ഞ് രാവിലെ മുതൽ തന്നെ സമീപ പ്രദേശങ്ങളിൽ നിന്നടക്കം നിരവധി പേർ വീട്ടിലേക്ക് എത്തിക്കൊണ്ടിരുന്നു.

പ്രദേശവാസികൾക്കെല്ലാം ഫൈസലിനെയും കുടുംബത്തെക്കുറിച്ചും നല്ലത് മാത്രമേ പറയാനുള്ളൂ. എല്ലാവർക്കും സഹായികളായിരുന്നു ഇവരെന്ന് അയൽവാസിയായ ചന്ദ്രിക പറയുന്നു. ചിരിച്ച മുഖത്തോടെയല്ലാതെ ഇവരെ കണ്ടിട്ടില്ല. അയൽക്കാരുമായൊക്കെ നല്ല ബന്ധമായിരുന്നു.

ഇടക്കൊക്കെ ഹമീദുമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഒരു കൂട്ടക്കൊലയിലേക്ക് നയിക്കുന്ന വലിയ പക ഉണ്ടാകുമെന്നൊന്നും ആരും പ്രതീക്ഷിച്ചില്ലെന്നും ഇവർ പറയുന്നു. ഹമീദ് നാട്ടുകാരുമായൊന്നും വലിയ ബന്ധം പുലർത്തിയിരുന്നില്ല. മരണവിവരം അറിഞ്ഞ് ചീനിക്കുഴയിലെ കടകൾ പലരും തുറന്നില്ല. വീട്ടിലേക്കെത്തിയവർ കുട്ടികളുടെയടക്കം മൃതദേഹം കണ്ട് പൊട്ടിക്കരഞ്ഞു.

കുടുംബത്തിന്‍റെ മൃതദേഹം വീട്ടിൽനിന്ന് നാല് ആംബുലൻസുകളിലായി കയറ്റുമ്പോൾ സ്ത്രീകളടക്കമുള്ളവരുടെ സങ്കടം നിലവിളികളായി മാറിയിരുന്നു. നെഞ്ചുലക്കുന്ന കാഴ്ചകളായി കുട്ടികളുടെ പുസ്തകങ്ങളും പാതികരിഞ്ഞ വസ്ത്രങ്ങളും കണ്ട് നിന്നവരുടെ നെഞ്ചുലച്ചു.

ഉച്ചയോടെ പ്രതിയുമായി പൊലീസ് വീട്ടിൽ തെളിവെടുപ്പിനെത്തി. പ്രതിഷേധവുമായി നാട്ടുകാർ തടിച്ചുകൂടിയത് പൊലീസിന് തലവേദനയായി. തൊടുപുഴ ഡിവൈ.എസ്.പി എ.ജി. ലാലിന്‍റെ നേതൃത്വത്തിൽ നൂറോളം പേരടങ്ങുന്ന പൊലീസ് സംഘമാണ് എത്തിയത്.

പ്രതിഷേധങ്ങൾക്കിടെ വളരെ ബുദ്ധിമുട്ടിയാണ് പ്രതി ഹമീദിനെ പൊലീസ് തിരികെ വാഹനത്തിൽ കയറ്റിയത്. വൈകുന്നേരത്തോടെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - Thodupuzha murder case crulty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.