തൊടുപുഴ: ചൂട് വർധിച്ചതിനെ തുടർന്ന് ജില്ലയുടെ പലഭാഗത്തും ശുദ്ധജലക്ഷാമം. ജനുവരി പകുതിയോടെ ഉയർന്ന പ്രദേശങ്ങളിൽ അനുഭവപ്പെട്ട് തുടങ്ങിയ ജലക്ഷാമം ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലേക്കും വ്യാപിക്കുകയാണ്. ജലസമൃദ്ധമായിരുന്ന പല വെള്ളച്ചാട്ടങ്ങളിലും തോടുകളിലും ഒഴുക്ക് നിലച്ച് നീർച്ചാലുകളായിയിട്ടുണ്ട്. പെരിയാർ പേരിനു മാത്രമാണ് പലയിടങ്ങളിലും ഒഴുകുന്നത്.
കിണറുകളും കുളങ്ങളും മറ്റു ജലസ്രോതസ്സുകളുമെല്ലാം വറ്റിത്തുടങ്ങിയതോടെ വെള്ളത്തിനായി കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട അവസ്ഥയാണു പലയിടത്തും. കാർഷിക മേഖലയിലും കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഹൈറേഞ്ചിൽ നന വേണ്ടുവോളം ആവശ്യമുള്ള ഏലം, ജാതി, ഫലവർഗ കൃഷിയാണ് ഏറെയുള്ളത്.
വേനൽ ആരംഭത്തിൽ തന്നെ ജലസ്രോതസ്സുകൾ വറ്റിത്തുടങ്ങിയതോടെ ചെടികൾക്ക് നന നൽകാനാവാതെ കർഷകർ നെട്ടോട്ടത്തിലാണ്. വേണ്ടത്ര നന ലഭിക്കാത്തതിനാൽ ജാതിച്ചെടികളിൽ കായ്കൾ വ്യാപകമായി പൊഴിഞ്ഞു തുടങ്ങി. കുരുമുളക് ചെടികളെയും കഠിനമായ ചൂട് ദോഷകരമായി ബാധിക്കുന്നുണ്ട്. ജില്ലയിൽ ഏതാനും വർഷമായി സജീവമായ ഫലവർഗ കൃഷികൾക്കും കടുത്ത ചൂട് ദോഷമാണ് സൃഷ്ടിക്കുന്നത്.
കാട്ടിലെ ജലലഭ്യത കുറഞ്ഞതോടെ വന്യമൃഗങ്ങൾ കൂട്ടത്തോടെ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നതും ഭീഷണിയാകുന്നു. വനമേഖലയോടു ചേർന്ന പ്രദേശങ്ങളിൽ കാട്ടാനയിറങ്ങി ഹോസുകളും പൈപ്പുകളും നശിപ്പിക്കുന്നത് ജലക്ഷാമത്തിന് ഇടയാക്കുന്നുണ്ട്.
ജില്ല ആസ്ഥാന മേഖലയിൽ ഇടുക്കി അണക്കെട്ടിൽ നിന്ന് ശുദ്ധജല വിതരണത്തിനായി എടുക്കുന്ന വെള്ളം വിതരണ പൈപ്പുകൾ പൊട്ടി പലയിടങ്ങളിലായി പാഴാകുന്നതായി പരാതിയുണ്ട്. എന്നാൽ, ജല അതോറിറ്റിക്ക് പ്രതികരണമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.