തൊടുപുഴ: ക്രിസ്മസ് വരവറിയിച്ച് വീഥികളിൽ വർണത്തിളക്കം. പല വർണങ്ങളിൽ, ഡിസൈനുകളിൽ, രൂപങ്ങളിൽ നക്ഷത്രപ്പൂക്കാലം എത്തിയിരിക്കുകയാണ്. നക്ഷത്രങ്ങളും മാലബൾബുകളും അലങ്കാരങ്ങളും വാങ്ങാൻ ആളുകളെത്തി തുടങ്ങിയതോടെ വിപണിയിലും പ്രതീക്ഷയുടെ തിളക്കം.
വൈവിധ്യമാർന്ന എൽ.ഇ.ഡി, പേപ്പർ നക്ഷത്രങ്ങളാണ് വിപണിയിലെ മുഖ്യ ആകർഷണം. എൽ.ഇ.ഡി നക്ഷത്രങ്ങൾക്ക് 100-1200 രൂപ വരെയാണ് വില. 1,000 രൂപ വരെയുള്ള പേപ്പർ നക്ഷത്രങ്ങൾ കടകളിൽ എത്തിയിട്ടുണ്ട്. ക്രിസ്മസ് രാവുകളെ വർണാഭമാക്കുന്ന എൽ.ഇ.ഡി മാലബൾബുകൾ 125 രൂപ മുതൽ ലഭ്യമാണ്. സാന്താക്ലോസിന്റെ വേഷവും മുഖംമൂടിയും തൊപ്പിയുമെല്ലാം കടകളിൽ എത്തി.
ചൂരലിൽ തീർത്ത പുൽക്കൂടുകളാണ് മറ്റൊരു ആകർഷണം. 800 രൂപ മുതലാണ് വില. റെഡിമെയ്ഡ് പുൽക്കൂടുകളും തയാർ. 2 അടി മുതൽ 12 അടി വരെ ഉയരമുള്ള വൈവിധ്യമാർന്ന ക്രിസ്മസ് ട്രീകളും വിൽപനക്കുണ്ട്. 30,000 രൂപവരെ വിലയുള്ള ക്രിസ്മസ് ട്രീകൾ വിപണിയിലുണ്ട്. പുൽക്കൂട്ടിൽ വയ്ക്കുന്ന ഉണ്ണിയേശു ഉൾപ്പെടെയുള്ള സെറ്റ് പ്രതിമകളും വിവിധ അലങ്കാര വസ്തുക്കളും ക്രിസ്മസ് കാർഡുകളും കുഞ്ഞ് സാന്താക്ലോസുമെല്ലാം കടകളിൽ നിരന്നുകഴിഞ്ഞു. ഡിസംബർ തുടങ്ങിയതോടെ വിപണികൾ കൂടുതൽ സജീവമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.