തൊടുപുഴ: ജില്ലയിലെ മിക്ക സർക്കാർ ഓഫിസുകളും പൊതുയിടങ്ങളും ഇപ്പോഴും ഭിന്നശേഷി സൗഹൃദമല്ല. അതിന്റെ ദുരിതം അനുഭവിക്കുകയാണ് വിവിധ തരത്തിലുള്ള ശാരീരിക വെല്ലുവിളികൾ നേരിടുന്നവർ.
പൊതുയിടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കണമെന്ന പല ഉത്തരവുകളും നിലനിൽക്കുമ്പോഴാണ് ഈ കഷ്ടപ്പാട്. ജില്ലയുടെ ഭരണസിരാകേന്ദ്രമായ കലക്ടറേറ്റ് ഏതാണ്ട് ഭിന്നശേഷി സൗഹൃദമാണ്. മൂന്നു നിലയുള്ള കലക്ടറേറ്റിന്റെ താഴത്തെ നിലയിൽ ആർ.ഡി.ഒ ഓഫിസിന്റെ ഭാഗത്താണ് റാംപ്. ഇതിലൂടെ പ്രധാന കവാടത്തിൽ എത്തിയാൽ ഭിന്നശേഷിക്കാർക്ക് ലിഫ്റ്റിൽ മുകൾ നിലകളിലേക്കുപോകാം.
ഇതിനായി രണ്ട് വീൽചെയറുമുണ്ട്. ലിഫ്റ്റ് തകരാർ പലപ്പോഴും ഭിന്നശേഷിക്കാരെ വലക്കും. ജില്ല ആസ്ഥാനത്തുള്ള മറ്റ് പല സർക്കാർ ഓഫിസുകളിലും ഈ സൗകര്യം നിലവിൽ ഇല്ലെന്നതും പ്രശ്നം.
സർക്കാർ ഓഫിസുകൾ സൗഹൃദമാകാതെ തൊടുപുഴ
തൊടുപുഴയിലെ പൊതുയിടങ്ങളും ഒട്ടുമിക്ക സർക്കാർ ഓഫിസുകളും ഇതുവരെ ഭിന്നശേഷി സൗഹൃദമായിട്ടില്ല. ഭിന്നശേഷിക്കാർക്ക് ഓഫിസുകളിലേക്ക് വീൽചെയറിൽ എത്താൻ കഴിയുന്ന റാംപുകൾ ഭൂരിഭാഗം കെട്ടിടങ്ങൾക്കുമില്ല. തൊടുപുഴ നഗരസഭ ഓഫിസിലേക്ക് എത്തണമെങ്കിൽ പടികൾ കയറണം. കെട്ടിടത്തിലാകട്ടെ ലിഫ്റ്റുമില്ല. പരസഹായമില്ലാതെ ഭിന്നശേഷിക്കാർക്ക് ഓഫിസിലെത്തി ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാത്ത സാഹചര്യമാണ്. ഭിന്നശേഷിക്കാരായ ലോട്ടറി വിൽപനക്കാർ ഉൾപ്പെടെ എത്തുന്ന ജില്ല ഭാഗ്യക്കുറി ഓഫിസ് പ്രവർത്തിക്കുന്നത് മുകളിലത്തെ നിലയിലാണ്.
പാലാ റോഡിൽ ധന്വന്തരിപ്പടിക്ക് സമീപത്തെ ഓഫിസിലേക്ക് കയറാൻ പടികൾ മാത്രം. നഗരത്തിൽ ഭിന്നശേഷിക്കാർക്കായി സുരക്ഷിതമായ നടപ്പാതകളുമില്ല. ഒട്ടുമിക്ക സർക്കാർ ഓഫിസ് കെട്ടിടങ്ങളിലെ ശുചിമുറികളും ഭിന്നശേഷി സൗഹൃദമല്ല.
കട്ടപ്പനയിൽ പ്രഹസനം
കട്ടപ്പനയിൽ പ്രഹസനമായി ഭിന്നശേഷി സൗഹൃദം കട്ടപ്പനയിലെയും പരിസരത്തെയും ഭൂരിഭാഗം പൊതുയിടങ്ങളും സർക്കാർ ഓഫിസുകളും ഭിന്നശേഷി സൗഹൃദമല്ല. ചിലയിടങ്ങളിൽ ഭിന്നശേഷി സൗഹൃദം എന്നത് പ്രഹസന നടപടിയിൽ ഒതുങ്ങി. കട്ടപ്പന മിനിസിവിൽ സ്റ്റേഷനിലെ സബ് രജിസ്ട്രാർ ഓഫിസ് അടക്കം പ്രവർത്തിക്കുന്ന രണ്ടാം നിലയിലേക്ക് ഭിന്നശേഷിക്കാർക്ക് എത്താൻ മാർഗമില്ല. സിവിൽ സ്റ്റേഷന്റെ മുൻവശത്ത് വീൽചെയർ കയറ്റാനായി റാംപ് നിർമിച്ചിട്ടുണ്ടെങ്കിലും മുകൾ ഭാഗത്തേക്ക് നടകൾ മാത്രമാണുള്ളത്. അതിനാൽ രജിസ്ട്രാർ ഓഫിസ്, വിദ്യാഭ്യാസ ഓഫിസ്, എക്സൈസ് ഓഫിസ് തുടങ്ങിയവ പ്രവർത്തിക്കുന്ന മുകൾ നിലയിലേക്ക് ഭിന്നശേഷിക്കാർക്ക് കയറാനാകില്ല. റാംപ് നിർമിച്ചിരിക്കുന്ന ഭാഗത്ത് ഗ്രിൽ അടച്ചിട്ടിരിക്കുകയാണ്.
ജില്ല പി.എസ്.സി ഓഫിസ്, ലോട്ടറി ഓഫിസ്, മൈനർ ഇറിഗേഷൻ ഓഫിസ് എന്നിവയെല്ലാം പ്രവർത്തിക്കുന്ന ഭവനനിർമാണ ബോർഡ് വ്യാപാര സമുച്ചയത്തിൽ റാംപും ലിഫ്റ്റുമെല്ലാമുണ്ട്. എന്നാൽ, പല സമയങ്ങളിലും ലിഫ്റ്റ് പ്രവർത്തിക്കാത്തത് ഭിന്നശേഷിക്കാരെ വലക്കുന്നു. ലോട്ടറി ഓഫിസിലേക്കാണ് കൂടുതൽ ഭിന്നശേഷിക്കാർ എത്തുന്നത്.
കോടികൾ മുടക്കി കെട്ടിടം; പക്ഷേ റാംപില്ല
അടിമാലി താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗം കെട്ടിടത്തിന് മുമ്പേ റാംപ് സൗകര്യം ഇല്ല. അതിനിടെയാണ് ഇതിനോടു ചേർന്ന് കോടികൾ മുടക്കി നിർമിക്കുന്ന രണ്ട് ബഹുനില കെട്ടിടങ്ങളും റാംപ് സൗകര്യം ഇല്ലാതെ അടുത്തിടെ പൂർത്തിയാക്കിയത്. കിഫ്ബിയിൽനിന്ന് 10 കോടിയോളം മുടക്കി നിർമിക്കുന്ന ബഹുനില കെട്ടിടവും നാല് കോടിയോളം മുടക്കിയുള്ള കാത്ത് ലാബ് ആൻഡ് സി.സി.യു യൂനിറ്റുമാണ് റാംപ് സൗകര്യം ഏർപ്പെടുത്താതെ നിർമാണം. അത്യാഹിത വിഭാഗം കെട്ടിടത്തിൽ റാംപ് സൗകര്യം ഏർപ്പെടുത്തുന്നതിനു പകരം രണ്ട് ലിഫ്റ്റാണുള്ളത്. ഇവ രണ്ടും ഇടക്കിടെ പണിമുടക്കുന്നതോടെ രോഗികളെ ചുമന്നാണ് കെട്ടിടത്തിന്റെ മുകൾ നിലകളിലെ വാർഡുകളിൽ എത്തിക്കുന്നത്. ഇതിനു പിന്നാലെയാണ് കാത്ത് ലാബ് ആൻഡ് സി.സി യൂനിറ്റിനായി ബഹുനില കെട്ടിടം നിർമാണം ആരംഭിച്ചത്. എന്നാൽ, റാംപ്സൗകര്യം ഉൾപ്പെടുത്താതെയാണ് പണി പുരോഗമിക്കുന്നത്. മൂന്ന് നിലയിൽ നിർമിച്ച അടിമാലി പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിലും റാംപ് സൗകര്യമില്ല. രണ്ട്, മൂന്ന് നിലകളിലായി വിവിധ സർക്കാർ ഓഫിസുകൾ പ്രവർത്തിക്കുന്നിടത്തേക്കും പടികൾ മാത്രമാണ് ആശ്രയം.
പീരുമേട്ടിൽ പേരിനുപോലുമില്ല സൗഹൃദയിടം
താലൂക്ക് ഓഫിസ് ഉൾപ്പെടെ 14 സർക്കാർ ഓഫിസുകൾ പ്രവർത്തിക്കുന്ന പീരുമേട് മിനിസിവിൽ സ്റ്റേഷൻ അടക്കം താലൂക്കിലെ ഒരു ഓഫിസും ഭിന്നശേഷി സൗഹൃദമല്ല.
മൂന്ന് നിലയിലായുള്ള സിവിൽ സ്റ്റേഷനിലെ താലൂക്ക് ഓഫിസ് ഒഴികെ മറ്റു ഓഫിസുകളിൽ എത്തുന്നതിനു പടിക്കെട്ടുകൾ മാത്രമാണ് ആശ്രയം.
സബ് രജിസ്ട്രാർ ഓഫിസ്, ജോയന്റ് ആർ.ടി.ഒ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, ലാൻഡ് അസൈൻമെന്റ്, വ്യവസായ വകുപ്പ് ഓഫിസ് തുടങ്ങി ഭിന്നശേഷിക്കാർ ആശ്രയിക്കുന്ന ഓഫിസുകളിൽ എത്തണമെങ്കിൽ മറ്റുള്ളവരുടെ സഹായം വേണം.
നെടുങ്കണ്ടം മിനിസിവിൽ സ്റ്റേഷൻ സൗഹൃദമല്ല
ഒട്ടേറെ സർക്കാർ ഓഫിസുകൾ പ്രവർത്തിക്കുന്ന നെടുങ്കണ്ടം മിനിസിവിൽ സ്റ്റേഷനും ഭിന്നശേഷി സൗഹൃദമല്ല. മുകൾ നിലകളിൽ പ്രവർത്തിക്കുന്ന പാമ്പാടുംപാറ, കരുണാപുരം, നെടുങ്കണ്ടം പഞ്ചായത്ത് ഓഫിസുകളിലേക്കും പടികൾ കയറി മാത്രമേ എത്താൻ കഴിയൂ. ഭിന്നശേഷി സൗഹൃദമായ ശുചിമുറികളും പൊതുസ്ഥലങ്ങളിൽ ഇല്ല. പുതുതായി പണിത സ്മാർട്ട് വില്ലേജ് ഓഫിസുകളിൽ മാത്രമാണ് റാംപുകൾ എങ്കിലും ഉള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.