തൊടുപുഴ: ജില്ല ആശുപത്രിയില്‍ ഇ.എന്‍.ടി വിഭാഗത്തില്‍ ഡോക്ടറില്ലാത്തത് ദുരിതം വിതക്കുന്നു. ഇവിടെ ജോലി ചെയ്തിരുന്ന ഇ.എന്‍.ടി സ്പെഷലിസ്റ്റ് സ്ഥലം മാറിപ്പോയി. ഇതോടെ രോഗികള്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. പ്രതിദിനം നൂറുകണക്കിന് രോഗികള്‍ ചെവി, മൂക്ക്, തൊണ്ട എന്നിവയുടെ ചികിത്സ തേടി ഇവിടെയെത്തുന്നുണ്ടെങ്കിലും ഇവര്‍ നിരാശരായി മടങ്ങുകയാണ്. പേരില്‍ ജില്ല ആശുപത്രിയാണെങ്കിലും ഡോക്ടര്‍മാരുടെ തസ്തികകള്‍ പലതും ഒഴിഞ്ഞുകിടക്കുകയാണ്. ആധുനിക ചികിത്സാ ഉപകരണങ്ങള്‍ ഉണ്ടെങ്കിലും ടെക്നീഷ്യന്മാര് ഇല്ലാത്തതിനാല്‍ ഇവയുടെ സേവനം രോഗികള്‍ക്ക് ലഭിക്കുന്നില്ല.
സ്പെഷലിസ്റ്റ് വിഭാഗങ്ങളില്‍ ഭൂരിഭാഗത്തിലും ഡോക്ടര്‍മാര്‍ ഇല്ലാത്ത സ്ഥിതിയാണ്. നിലവിലുള്ള തസ്തികകളില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ നിയമിക്കാന്‍ ആവശ്യമായ സമ്മര്‍ദം ചെലുത്തണമെന്നാണ് രോഗികള്‍ ആവശ്യപ്പെടുന്നത്.
നിലവില്‍ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചുവാങ്ങിയ ഉപകരണങ്ങള്‍ പലതും തുരുമ്പെടുത്ത് നശിക്കുന്ന അവസ്ഥയിലുമാണ്. തൊടുപുഴ ജില്ല ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ഒഴിവുള്ള തസ്തികകളില്‍ അടിയന്തരമായി നിയമനം നടത്താന്‍ ആവശ്യമായ നടപടിയുണ്ടായില്ലെങ്കില്‍ പ്രത്യക്ഷ സമരത്തിന് നീക്കം നടക്കുന്നുണ്ട്. അതേസമയം, ഇ.എന്‍.ടി വിഭാഗത്തില്‍ പുതിയ ഡോക്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.