തൊടുപുഴ: കൊടുംചൂടിൽ ദാഹമകറ്റാൻ കുപ്പിവെള്ളം വാങ്ങുന്നവർ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി ഭക്ഷ്യസുരക്ഷ വകുപ്പ്. പ്ലാസ്റ്റിക് ബോട്ടിലിൽ സൂക്ഷിക്കുന്ന കുപ്പിവെള്ളം, ജ്യൂസുകൾ, കോളകൾ എന്നിവ കൂടുതൽ സമയം സൂര്യപ്രകാശം ഏൽക്കുന്നത് സുരക്ഷിതമല്ല. അതിനാൽ സൂര്യപ്രകാശമേൽക്കുന്ന രീതിയിൽ കുപ്പിവെള്ളം വിതരണം നടത്തുകയോ വിൽപന നടത്തുകയോ ചെയ്യരുതെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് കർശന നിർദേശം നൽകിയിട്ടുണ്ട്. ഇത്തരത്തിൽ കുപ്പിവെള്ളം വിൽപനക്ക് വെച്ചാൽ അവ ഉപയോഗിക്കരുതെന്നും ഇതുസംബന്ധിച്ചു പരാതിപ്പെടാമെന്നും അധികൃതർ പറഞ്ഞു.
കടുത്ത ചൂടേറ്റ് കുപ്പിയിലുണ്ടാകുന്ന രാസമാറ്റം ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. പോളി എത്തിലീൻ ടെറഫ് താലേറ്റ് (പെറ്റ്) വിഭാഗത്തിലുള്ള പ്ലാസ്റ്റിക് ഉപയോഗിച്ചാണ് സാധാരണ കുപ്പികൾ നിർമിക്കുന്നത്.
വെള്ളത്തിലൂടെ രക്തത്തിൽ കലരുന്ന പ്ലാസ്റ്റിക് ഗുരുതര രോഗങ്ങൾക്ക് വഴിയൊരുക്കും. അതിനാൽ, സ്ഥിരമായി കുപ്പിവെള്ളം ഉപയോഗിക്കുന്നവർ ശ്രദ്ധിക്കണം. കുപ്പിവെള്ളം ശുദ്ധമാണെന്ന് ഉറപ്പുവരുത്താനുള്ള പരിശോധനകൾ ജില്ലയിൽ നടന്നുവരുകയാണെന്നും വെയിലേൽക്കുന്ന രീതിയിൽ കുപ്പിവെള്ളം സൂക്ഷിക്കുകയും വിൽപന നടത്തുകയും ചെയ്യുന്ന സ്ഥാപനങ്ങൾക്കും വാഹനങ്ങൾക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമീഷണർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.