തൊടുപുഴ: കനത്ത മഴയിൽ വെള്ളം കുത്തിയൊലിച്ചെത്തിയതിനെ തുടർന്ന് ഇടുക്കി തൊമ്മൻകുത്ത് വെള്ളച്ചാട്ടത്തിന് സമീപം വിനോദസഞ്ചാരികൾ കുടുങ്ങി. ഇവരെ വനം വകുപ്പും ടൂറിസ്റ്റ് ഗൈഡുകളും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. ഞായറാഴ്ച വൈകീട്ട് നാലരയോടെ തൊമ്മൻകുത്ത് ഏഴുനില കുത്തിന് സമീപമാണ് സംഭവം. അവധി ദിനമായിരുന്നതിനാൽ വെള്ളച്ചാട്ടം കാണാൻ സഞ്ചാരികളുടെ വലിയ തിരക്കായിരുന്നു. അപകട സമയം നൂറിലധികം ആളുകൾ വെള്ളച്ചാട്ടത്തിന് സമീപമുണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു.
വെള്ളച്ചാട്ടത്തിന് സമീപം മഴയില്ലായിരുന്നെങ്കിലും വെൺമണി, പാൽക്കുളംമേട്, മനയത്തടം മലകളിൽ ശക്തമായ മഴ പെയ്തിരുന്നു. ഇവിടങ്ങളിൽനിന്ന് മലവെള്ളം അപ്രതീക്ഷിതമായി കുത്തിയൊലിച്ച് വെള്ളച്ചാട്ടത്തിലേക്കെത്തുകയായിരുന്നു. ഈ സമയം വെള്ളച്ചാട്ടത്തിന് താഴെ ചെറിയ തുരുത്തിൽ ഫോട്ടോ എടുക്കാനും കാഴ്ച കാണാനും നിരവധിയാളുകൾ ഉണ്ടായിരുന്നു. മലവെള്ളത്തിന്റെ ശക്തി കൂടിവരുന്നതിനിടെ ചിലർ വസ്ത്രങ്ങൾ കൂട്ടിക്കെട്ടി മറുകരയിൽ നിന്നവരുടെ സഹായത്തോടെ രക്ഷപ്പെട്ടു.
എന്നാൽ, അവിടെയുണ്ടായിരുന്ന യുവാവും യുവതിയും കുടുങ്ങിപ്പോയി. ഉടൻ വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്ന ടൂറിസ്റ്റ് ഗൈഡുകളും സ്ഥലത്തേക്കെത്തി. ഗോവണി വെച്ച് സമീപത്തെ മരത്തിലൂടെ കയറി ഇരുവർക്കും സമീപമെത്തി. തുടർന്ന് ഇരുവരെയും മരത്തിലേക്ക് കയറ്റി ഗോവണി വഴി മറുകരയിൽ എത്തിക്കുകയായയിരുന്നു.
പ്രദേശത്ത് മഴ ഇല്ലെങ്കിലും അകലെ മലനിരകളിൽ മഴ പെയ്താൽ വെള്ളച്ചാട്ടത്തിലേക്ക് അനിയന്ത്രിതമായ തോതിൽ വെള്ളം കുത്തിയൊലിച്ചെത്തുമെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. നീരൊഴുക്ക് വർധിച്ചപ്പോൾ തന്നെ തുരുത്തിലുണ്ടായിരുന്നവരിൽ ഭൂരിഭാഗം ആളുകളും കരയിലേക്ക് മാറിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.