തൊടുപുഴ: തൊടുപുഴ ജില്ല ആശുപത്രിയിലെ ഒ.പി ടിക്കറ്റുകൾ ദുരുപയോഗം ചെയ്ത് ഇഞ്ചക്ഷൻ മരുന്നുകളടക്കം വാങ്ങുന്ന സംഭവത്തിൽ ആരോഗ്യ വകുപ്പ് ഇടപെടുന്നു. ഇതുസംബന്ധിച്ച അന്വേഷണത്തിന് ഹെൽത്ത് ഇൻസ്പെക്ടർമാരെ ചുമതലപ്പെടുത്തിയതായി ഡി.എം.ഒ ഡോ. മാനോജ് പറഞ്ഞു. ഒ.പി ചീട്ടുകളുടെ ദുരുപയോഗം സംബന്ധിച്ച ‘മാധ്യമം’ വാർത്തയെ തുടർന്നാണ് നടപടി. തൊടുപുഴ പൊലീസും വിഷയത്തിൽ അന്വേഷണം തുടങ്ങി. ജില്ലയിലെ ആശുപത്രികൾ കേന്ദ്രീകരിച്ച് ഇത്തരത്തിലുള്ള സംഭവങ്ങൾ നടന്നിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുമെന്ന് തൊടുപുഴ ഡിവൈ.എസ്.പി ആർ. മധുബാബുവും ‘മാധ്യമ’ത്തോട് പറഞ്ഞു.
കഴിഞ്ഞ ഏതാനും മാസങ്ങളായി ഇത്തരത്തിൽ ആശുപത്രി കേന്ദ്രീകരിച്ച് വ്യാജ പേരില്‍ ഒ.പി ടിക്കറ്റെടുത്ത ശേഷം മെഡിക്കല്‍ സ്റ്റോറില്‍ മരുന്ന് വാങ്ങാനെത്തുന്നതായാണ് വിവരം. കഴിഞ്ഞ ദിവസം മരുന്ന് വാങ്ങാനെത്തിയ യുവാവിനെ കൈയോടെ പിടികൂടിയെങ്കിലും ബലപ്രയോഗത്തിലൂടെ ഇയാൾ ആശുപത്രി ജീവനക്കാരെ വെട്ടിച്ച് കടന്നുകളഞ്ഞു. ഒ.പിയില്‍ നിറയെ രോഗികള്‍ ക്യൂവില്‍ നില്‍ക്കുമ്പോഴാണ് ഇവർ തട്ടിപ്പിനെത്തുന്നത്. വ്യാജ പേരില്‍ കൗണ്ടറില്‍നിന്ന് ഒ.പി ടിക്കറ്റ് എടുക്കുകയും തുടര്‍ന്ന് ഡോക്ടർമാരെ കാണാനെന്ന വ്യാജേന രോഗികള്‍ ഇരിക്കുന്ന ഭാഗത്തേക്ക് മാറിയ ശേഷം മുങ്ങുകയുമാണ് ചെയ്യുന്നത്. പിന്നീട് ഇതേ ടിക്കറ്റില്‍ ഇവര്‍ തന്നെ ചില മരുന്നുകള്‍ എഴുതിച്ചേര്‍ക്കുകയാണ് ചെയ്യുന്നത്.
ഇതുമായി മെഡിക്കല്‍ സ്റ്റോറുകളിലെത്തി പണം അടച്ച് മരുന്നുമായാണ് ഇവര്‍ മടങ്ങുക. ലഹരിക്കായോ ലഹരിയോടൊപ്പം ഉപയോഗിക്കാനോ ആണ് ഇത്തരത്തില്‍ മരുന്ന് ശേഖരിക്കുന്നതെന്നാണ് സംശയം. മെഡിക്കൽ സ്റ്റോറുകളിൽ ഹെൽമറ്റും മറ്റും ധരിച്ചാണ് ഇവർ മരുന്ന് വാങ്ങാനെത്തുന്നത്. ആശുപത്രിയിലെ സി.സി ടി.വിയില്‍ ഇവരുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടെന്നാണ് പറയുന്നത്. ഇത് കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയാല്‍ സംഘത്തെ പിടികൂടാനാവുമെന്ന പ്രതീക്ഷയിലാണ് ആശുപത്രി അധികൃതര്‍. ജില്ലയിലെ മറ്റ് സ്ഥലങ്ങളിലുള്ള ആശുപത്രികളും മെഡിക്കല്‍ സെന്ററുകള്‍ കേന്ദ്രീകരിച്ചും ഇത്തരത്തില്‍ തട്ടിപ്പ് നടക്കുന്നതായാണ് അധികൃതര്‍ സൂചിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.