തൊടുപുഴ: ഹെലികോപ്ടർ കാണാൻ കൗതുകം പൂണ്ട് ക്ലാസ് മുറിക്ക് പുറത്തേക്ക് ഓടിയ 14 കുരുന്നുകളുടെ ജീവൻ കവർന്ന മൂന്നാർ തൂക്കുപാലം ദുരന്തത്തിന് തിങ്കളാഴ്ച 38 വയസ്സ്. മുതിരപ്പുഴയെ നിമിഷങ്ങൾക്കുള്ളിൽ കണ്ണീർപ്പുഴയാക്കിയ ദുരന്തം ഉൾക്കിടിലത്തോടെ മാത്രമേ മൂന്നാറിന് ഓർക്കാനാകൂ. ദുരന്തത്തിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട അന്നത്തെ വിദ്യാർഥികളുടെ ഓർമകളിൽ ഇന്നും മുതിരപ്പുഴയാറിൽ പിടഞ്ഞുവീണ മൂന്നാർ ഗവ. ഹൈസ്കൂളിലെ സഹപാഠികളുടെ നിലവിളിയുടെ മുഴക്കമുണ്ട്.
1984 നവംബർ ഏഴിനാണ് സംഭവം. ക്ലാസ് തുടങ്ങി അധികമായിട്ടില്ല. ഇന്ദിരാഗാന്ധിയുടെ മരണവുമായി ബന്ധപ്പെട്ട പൊതുഅവധിയെത്തുടർന്ന് നാട്ടിൽ പോയ ചില അധ്യാപകർ മടങ്ങിയെത്താത്തതിനാൽ ഏതാനും ക്ലാസുകളിൽ ആദ്യ പീരിയഡ് പഠനമുണ്ടായില്ല. ഇതിനിടെയാണ് ഹെലികോപ്്ടർ താഴ്ന്നുപറക്കുന്നത് ക്ലാസിലിരുന്ന കുട്ടികൾ കണ്ടത്. ഹൈറേഞ്ച് ക്ലബ് മൈതാനത്തിറങ്ങിയ നാവികസേനയുടെ ഹെലികോപ്ടർ കാണാൻ കുട്ടികൾ കൂട്ടത്തോടെ ക്ലാസ് മുറികളിൽനിന്ന് ഇറങ്ങിയോടി. ക്ലബിനെ ബന്ധിച്ചിരുന്ന തൂക്കുപാലത്തിലൂടെ കുറെ കുട്ടികൾ മൈതാനത്തെത്തി. ഇതിനിടെ, സുരക്ഷ ജീവനക്കാരൻ തൂക്കുപാലത്തിൽനിന്ന് മൈതാനത്തിലേക്കിറങ്ങുന്ന കവാടം അടച്ചു.
ഇതറിയാതെ കൂടുതൽ കുട്ടികൾ പാലത്തിെൻറ മറുവശത്തുനിന്ന് വന്നുകൊണ്ടിരുന്നു. ഭാരം താങ്ങാനാവാതെ പാലം തകർന്നു. പുഴയിൽ വീണ 24 കുട്ടികളെ രക്ഷാപ്രവർത്തകർ കരക്കെത്തിച്ചെങ്കിലും 14 പേർ മരിച്ചു. ആര്. തങ്കമല, ടി. ജെന്‍സി, പി. മുത്തുമാരി, എന്‍. മാരിയമ്മാള്‍, പി. റാബിയ, സി. രാജേന്ദ്രന്, എസ്. ജയലഷ്മി, ടി. ഷിബു, എസ്. കലയമ്മാള്‍, എ. രാജലഷ്മി, എം. വിജയ, കല്യാണകുമാര്‍, പി. സരസ്വതി, സുന്ദരി എന്നീ വിദ്യാർഥികളാണ് മരിച്ചത്. കുട്ടികൾക്ക് മുന്നോട്ട് നീങ്ങാനാവാത്ത വിധം കവാടം അടച്ചതാണ് പാലം തകരാൻ കാരണമെന്നായിരുന്നു ദുരന്തത്തെക്കുറിച്ച് പഠിച്ച എ. പ്രഹ്ലാദൻ കമീഷെൻറ റിപ്പോർട്ട്. 1942ൽ ബ്രിട്ടീഷുകാർ നിർമിച്ചതായിരുന്നു പാലം. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട കുരുന്നുകളെ തിങ്കളാഴ്ച അനുസ്മരിക്കും. രാവിലെ 11.30ന് പൂർവ വിദ്യാർഥികളുടെ നേതൃത്വത്തിൽ ദുരന്തസ്ഥലത്തിന് സമീപത്തെ വിദ്യാർഥി സ്മാരകത്തിൽ പുഷ്പാർച്ചന നടത്തും. മരിച്ച കുട്ടികളുടെ ബന്ധുക്കൾ റിബണും വളകളും അർപ്പിക്കും.
ഓർമകളിൽ ഇന്നും നടുക്കം
മൂന്നാർ തൂക്കുപാലം ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടവർക്ക് ഇന്നും പങ്കുവെക്കാനുള്ളത് നടുക്കുന്ന ഓർമകളാണ്. അന്ന് മൂന്നാർ ഗവ. ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് ഹരി. അമ്മ ലക്ഷ്മിയമ്മാൾ ഇതേ സ്കൂളിൽ പഠിപ്പിക്കുന്നു. ആദ്യം സമീപത്തെ ഫുട്ബാൾ ഗ്രൗണ്ടിൽ ഇറങ്ങാൻ ഉദ്ദേശിച്ച ഹെലികോപ്ടർ ക്ലബ് മൈതാനിയിലേക്ക് നീങ്ങുകയായിരുന്നു. 'കുട്ടികൾക്കൊപ്പം ഞാനും ഓടി. പാലത്തിൽനിന്ന് മൈതാനിയിലേക്ക് ഇറങ്ങിക്കഴിഞ്ഞപ്പോൾ ഗേറ്റ് അടച്ചു. ഇതിന് പിന്നാലെ പാലം പൊട്ടിവീണു. കൂട്ടക്കരച്ചിലും ബഹളവും കണ്ട് ഭയന്നുപോയി. ടാറ്റാ ടീ കമ്പനിയുടെ റീജനൽ ഓഫിസിൽ നിന്നെത്തിയവരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. എെൻറ അച്ഛനും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു'.
ഇപ്പോൾ ടാറ്റയുടെ ബിൽഡിങ് കോൺട്രാക്ടറായ തോമസ് സെബാസ്റ്റ്യൻ അന്ന് ഒമ്പതാം ക്ലാസിൽ പഠിക്കുകയാണ്. 'ഹെലികോപ്ടർ കാണാൻ കൊതിപൂണ്ട് ഞാനും പാലത്തിൽ കയറി. തിരക്ക് കാരണം മുന്നോട്ട് പോകാനായില്ല. അതിനാൽ തിരിച്ചിറങ്ങി. കൂട്ടുകാർ വെള്ളത്തിൽ മുങ്ങിത്താഴുന്നത് ഞങ്ങൾക്ക് സങ്കടത്തോടെ കണ്ടുനിൽക്കേണ്ടിവന്നു'-തോമസിെൻറ വാക്കുകൾ.
ആറാം ക്ലാസ് വിദ്യാർഥിയായിരുന്നു മുത്തുകുമാർ. 'പരീക്ഷ എഴുതിക്കൊണ്ടിരിക്കുന്നതിനിടെയാണ് ഹെലികോപ്ടർ കാണാൻ ഇറങ്ങി ഓടിയത്. പാലം കടന്ന് കഴിഞ്ഞപ്പോഴാണ് ദുരന്തം.
മറുകരയിൽനിന്ന് സ്കൂളിൽ തിരിച്ചെത്താനുള്ള വഴിയറിയാതെ ഞാൻ പ്രയാസപ്പെട്ടു. എന്നെ കാണാതായപ്പോൾ ദുരന്തത്തിൽപ്പെട്ടിട്ടുണ്ടാകുമെന്ന് പലരും കരുതി. പിന്നെ ഒരു കൂട്ടുകാരെൻറ സഹായത്തോടെയാണ് സ്കൂളിൽ എത്തിയത്'-മൂന്നാറിൽ ഹാർഡ്വെയർ സ്ഥാപനം നടത്തുന്ന മുത്തുകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.