തൊടുപുഴ: പരിശോധനകളും നടപടികളും കർശനമാക്കുമ്പോഴും ജില്ലയിൽ വാഹനാപകടങ്ങളുടെ കാര്യത്തിൽ കുറവൊന്നുമില്ല. വാഹനാപകടങ്ങളിൽ മരിക്കുന്നവരുടെയും പരിക്കേൽക്കുന്നവരുടെയും എണ്ണത്തിൽ അടുത്തിടെ വർധനയുണ്ടായിട്ടുണ്ട്. ഒരാഴ്ചക്കിടെ മൂന്ന് യുവാക്കൾ ഉൾപ്പെടെ നാലുപേരാണ് വിവിധ ഇടങ്ങളിലായി മരിച്ചത്. കട്ടപ്പനയിലും നെടുങ്കണ്ടത്തുമായി രണ്ടുപേരും അടിമാലിയിൽ രണ്ടുപേരുമാണ് മരിച്ചത്. പരിക്കേൽക്കുന്നവരുടെ എണ്ണവും കുറവല്ല. ശനിയാഴ്ച തൊടുപുഴ പുളിയന്മാല സംസ്ഥാന പാതയിൽ കുളമാവിന് സമീപം നിയന്ത്രണംവിട്ട കാർ നൂറടി താഴ്ചയിലേക്കാണ് മറിഞ്ഞത്. കാർ യാത്രികൻ ഭാഗ്യംകൊണ്ടാണ് രക്ഷപ്പെട്ടത്. ബുധനാഴ്ച ചീയപ്പാറയിലും വാഹനം കൊക്കയിലേക്ക് മറിഞ്ഞ് യാത്രക്കാർക്ക് പരിക്കേറ്റു.
റോഡുകളുടെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും അപകടങ്ങൾക്ക് വഴിതെളിക്കുന്നു. ജില്ലയിൽ ഓരോ വർഷവും 50ന് മുകളിൽ ആളുകളാണ് വാഹനാപകടങ്ങളിൽ മരിക്കുന്നത്. 800ന് മുകളിൽ ആളുകൾക്ക് പരിക്കേൽക്കാറുമുണ്ട്. മഴകൂടി എത്തിയതോടെ ഡ്രൈവർമാർ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നാണ് ഗതാഗതവകുപ്പ് ചൂണ്ടിക്കാട്ടുന്നത്. അല്പമൊന്ന് ശ്രദ്ധിച്ചാല്‍ പല അപകടങ്ങളും ഒഴിവാക്കാന്‍ സാധിക്കും. ഇത്തരം ഇടങ്ങളില്‍ വെള്ളം കെട്ടിനിന്ന് അപകടത്തിന് സാധ്യതയുള്ളതിനാല്‍ ശ്രദ്ധയോടെ വാഹനം ഓടിക്കുക. മഴക്കാലത്ത് പരാമാവധി പതുക്കെ വാഹനം ഓടിക്കുക. സ്റ്റിയറിങ് വെട്ടിത്തിരിക്കുന്നതും പെട്ടെന്ന് ബ്രേക്ക് ചവിട്ടുന്നതും അപകടം ക്ഷണിച്ചുവരുത്തും. ബ്രേക്ക് ഉപയോഗം പരമാവധി ഒഴിവാക്കി ആക്സിലറേറ്ററില്‍നിന്ന് കാലെടുത്ത് വേഗത നിയന്ത്രിക്കുന്നത് സുരക്ഷിതമായിരിക്കും. കനത്ത മഴയുള്ള സമയങ്ങളില്‍ യാത്ര പരമാവധി ഒഴിവാക്കുക. റോഡിലുള്ള മാര്‍ക്കിങ്ങുകളിലും സീബ്ര ക്രോസിങ്ങുകളിലും ബ്രേക്കിടുമ്പോള്‍ സൂക്ഷിക്കണമെന്നും മഴയും മൂടൽമഞ്ഞുമുള്ളപ്പോൾ ഹൈറേഞ്ചിലൂടെയുള്ള യാത്ര കൂടുതൽ ജാഗ്രതയോടെയായിരിക്കണമെന്നും ഗതാഗത വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
അടിമാലി: കൊച്ചി -ധനുഷ്കോടി ദേശീയ പാതയിൽ ചീയപ്പാറയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് നാല് പേർക്ക് പരിക്കേറ്റു. അടിമാലി പൊളിഞ്ഞപാലം സ്വദേശികൾക്കാണ് പരിക്ക്. പരിക്ക് സാരമുള്ളതല്ല. 200 അടി താഴ്ചയിലേക്കാണ് കാർ മറിഞ്ഞത്. കാറിലുള്ളവരെ സാഹസികമായാണ് പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പുറത്തെത്തിച്ചത്. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.
ചീയപ്പാറ വെള്ളച്ചാട്ടത്തിൽനിന്നു 50 മീറ്റർ മാറിയാണ് അപകടം. നെടുമ്പാശ്ശേരിയിൽനിന്ന് അടിമാലിയിലേക്ക് വരുമ്പോഴാണ് അപകടം. ഡ്രൈവർ ഉറങ്ങിയതാണ് കാരണമെന്ന് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.