തൊടുപുഴ: മൂന്നാർ, ദേവികുളം മേഖലകളിൽ കറങ്ങിത്തിരിയുന്നത് 33 കാട്ടാനകൾ. അടുത്തിടെ ജില്ലയിൽ കാടിറങ്ങി നാശം വിതക്കുന്ന ആനകളുടെ ശല്യം കൂടിവന്ന സാഹചര്യത്തിൽ വനം വകുപ്പ് നടത്തിയ നിരീക്ഷണത്തിലാണ് വനാതിർത്തികളിലും ജനവാസ മേഖലകളിലുമായി 33ഓളം കാട്ടാനകൾ ചുറ്റിത്തിരിയുന്നതായി കണ്ടെത്തിയത്. ഓരോ ദിവസവും കാട്ടാനകൾ ജനവാസമേഖലകളിലടക്കം ഇറങ്ങി വീടുകൾക്കും കൃഷിക്കും ജീവന് തന്നെയും ഭീഷണി ഉയർത്തുന്ന സംഭവങ്ങൾ ആവർത്തിക്കുകയാണ്. രണ്ട് പതിറ്റാണ്ടിനിടെ നാൽപതോളം മനുഷ്യരെയാണ് ദേവികുളം റേഞ്ചിനു കീഴിൽ കാട്ടാനകൾ കൊലപ്പെടുത്തിയത്. കഴിഞ്ഞ വർഷവും പൂപ്പാറ തലക്കുളത്തിന് സമീപം രണ്ടുപേരെ കാട്ടാന കൊലപ്പെടുത്തിയിരുന്നു. ഇതിൽ പത്തോളം പേരെ കൊന്നത് അരിക്കൊമ്പനെന്ന കാട്ടാനയാണ്. അരിക്കൊമ്പനെ പിടികൂടാൻ വനംവകുപ്പ് പലതവണ ശ്രമിച്ചിട്ടും ഫലം കണ്ടില്ല.
2018ൽ തമിഴ്നാട്ടിലെ കുങ്കിയാനകളായ കലീം, വെങ്കിടേഷ് എന്നിവരെ ആനയിറങ്കലിൽ എത്തിച്ച് പിടികൂടാൻ ശ്രമം നടത്തിയിരുന്നു. മയക്കുവെടിയേറ്റിട്ടും മയങ്ങിവീഴാതെ പിടിച്ചുനിന്ന അരിക്കൊമ്പനെ പിടിച്ചുകെട്ടാൻ കലീമിനും വെങ്കിടേഷിനും കഴിഞ്ഞില്ല. ചുറ്റിത്തിരിയുന്ന ആനകൾക്ക് കയറിപ്പോകാൻ ഇടമില്ലെന്നതാണ് പ്രധാന പ്രശ്നമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. മറ്റ് ജില്ലകളെ സംബന്ധിച്ച് വനങ്ങളിലേക്ക് ഇവയെ തുരത്താൻ കഴിയും. എന്നാൽ, ദേവികുളത്തടക്കം ഇവയെ കാടുകയറ്റി വിട്ടാലും ദിവസങ്ങൾക്കുള്ളിൽ ഇവ തിരികെയെത്തുന്ന സ്ഥിതിയാണ്. വനം വകുപ്പിനും നാട്ടുകാർക്കും ഇത് വലിയ ദുരിതം സൃഷ്ടിച്ചിരിക്കുകയാണ്. കാട്ടാനശല്യം പരിഹരിക്കാൻ ഒട്ടേറെ പദ്ധതികൾ ആസൂത്രണം ചെയ്യുകയും നടപ്പിൽ വരുത്തുകയും ചെയ്തെങ്കിലും ഒന്നും പ്രയോജനപ്പെടാത്ത സാഹചര്യമാണ്. കഴിഞ്ഞ വർഷം ചേർന്ന ജില്ല വികസന സമിതി യോഗത്തിൽ വന്യമൃഗശല്യം രൂക്ഷമായ പ്രദേശങ്ങളിൽ സോളാർ ലൈറ്റുകൾ സ്ഥാപിക്കാനും സോളാർ ഫെൻസിങ്, ജനജാഗ്രത സമിതി, സ്വയം സന്നദ്ധ പുനരധിവാസം എന്നീ പദ്ധതികൾ നടപ്പാക്കിയതായി അധികൃതർ അറിയിച്ചെങ്കിലും ഇതൊന്നും ഫലത്തിൽ ഗുണം ചെയ്യുന്നില്ലെന്നാണ് ജനങ്ങൾ പറയുന്നത്.
അതേസമയം, നാട്ടിലിറങ്ങുന്ന ആനകളെ നിരീക്ഷിക്കുകയും അവരെ ജനവാസ മേഖലയിൽനിന്ന് മാറ്റാനും നടപടികൾ എടുക്കുന്നതായി വനം വകുപ്പും ചൂണ്ടിക്കാട്ടു. മെസേജ് അലർട്ടുവഴി ആന ഇറങ്ങിയിട്ടുണ്ടെന്ന വിവരം കൃത്യമായി അറിയിക്കുന്നുണ്ട്. ഇതുകൂടാതെ തുരത്തി ഓടിക്കാൻ വാച്ചർമാരടക്കമുള്ള ടീമിനെ നിയോഗിച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. തോട്ടം മേഖലയിൽ കാട്ടാനകളെ പ്രകോപിപ്പിക്കുന്ന സാഹചര്യത്തിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ദേവികുളം റേഞ്ചർ പി.വി. വെജി അറിയിച്ചു. കഴിഞ്ഞ ദിവസം പടയപ്പ എന്ന ആനയെ പ്രകോപിപ്പിച്ച സംഭവത്തിൽ നടപടി എടുത്തിട്ടുണ്ട്. വന്യമൃഗങ്ങളെ ഹോണടിച്ചും വാഹനമിരപ്പിച്ചും പ്രകോപിപ്പിക്കുന്നത് കുറ്റകരമാണെന്നും ഇദ്ദേഹം പറഞ്ഞു. ഇത്തരക്കാരെ ജാമ്യമില്ല വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യാം. ഒരു ലക്ഷം രൂപവര പിഴയും മൂന്നു വർഷം തടവുമാണ് ശിക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.