കുമളി: വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ചെന്നൈയിൽ നിന്ന് ആദ്യ യാത്രാ തീവണ്ടി അടുത്ത മാസം 19ന് തേനി ജില്ലയിലെ ബോഡി നായ്ക്കന്നൂരിലെത്തും. ഇതു സംബന്ധിച്ച അന്തിമ ഉത്തരവ് റെയിൽവേ പുറത്തിറക്കി. ഒരു ദശാബ്ദത്തിലധികം നീണ്ട കാത്തിരിപ്പിനൊടുവിലാണ് മൂന്നാറിന്റെ അടിവാരമായ തേനി ജില്ലയിലെ ബോഡിനായ്ക്കന്നൂരിലേക്ക് ട്രെയിൻ എത്തുന്നത്. മൂന്നാറിൽനിന്ന് 71 കിലോമീറ്റർ യാത്ര ചെയ്താൽ ബോഡി നായ്ക്കന്നൂരിലെത്താം. റെയിൽവേ സൗകര്യം ഇല്ലാത്ത ഇടുക്കി ജില്ലയോട് ഏറ്റവും അടുത്തുള്ള സ്റ്റേഷൻ കൂടിയാണ് ബോഡി നായ്ക്കന്നൂരിലേത്.
മധുരയിൽനിന്ന് തേനിയിലേക്കുള്ള മീറ്റർഗേജ് പാത ബ്രോഡ്ഗേജ് ആക്കുന്ന ജോലികൾ 10 വർഷത്തിലധികം നീണ്ടു. തേനിയിൽനിന്ന് ബോഡി നായ്ക്കന്നൂരിലേക്കുള്ള പാതയുടെ നിർമാണ ജോലികളും ഇതിനിടെ തുടർന്നു. 592 കോടി രൂപ ചെലവിലാണ് നിർമാണ ജോലികൾ പൂർത്തിയാക്കിയത്. മധുര- ബോഡിനായ്ക്കന്നൂർ 90 കിലോമീറ്റർ പാതയിൽ റെയിൽവേ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്ന വിവിധ പരിശോധനകളും പരീക്ഷണ ഓട്ടവും വിജയമായതോടെയാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും കാത്തിരിപ്പിന് അവസാനമാകുന്നത്.
ഫെബ്രുവരി 19 മുതൽ ചെന്നൈ സെൻട്രലിൽനിന്ന് സേലം, കരൂർ വഴി തേനി, ബോഡി നായ്ക്കന്നൂരിലേക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും ചെന്നൈയിലേക്ക് ഞായർ, ചൊവ്വ, വ്യാഴം ദിവസങ്ങളിലും യാത്രാ െട്രയിൻ സർവീസ് നടത്തും. റെയിൽവേയുടെ അന്തിമ അറിയിപ്പ് എത്തിയതോടെ ഒരുക്കങ്ങൾ മുഴുവൻ പൂർത്തീകരിച്ച് ആദ്യ ട്രെയിനിനെ വരവേൽക്കാനുള്ള കാത്തിരിപ്പിലാണ് ബോഡി നായ്ക്കന്നൂരിലെ നാട്ടുകാരും യാത്രക്കാരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.