വാഗമണ്ണിൽ അന്താരാഷ്ട്ര ടോപ് ലാന്‍ഡിങ് ആക്കുറസി കപ്പ് പാരാഗ്ലൈഡിങ് ഫെസ്റ്റിവലിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി പി.എ. മുഹമ്മദ് റിയാസ് പാരച്യൂട്ടിൽ പറക്കുന്നു
വാഗമൺ: സാഹസിക ടൂറിസത്തിന്റെ ഹബായി കേരളത്തെയും പാരാഗ്ലൈഡിങ് ഡെസ്റ്റിനേഷനായി വാഗമണ്ണിനെയും മാറ്റുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വാഗമണ്‍ അന്താരാഷ്ട്ര ടോപ് ലാന്‍ഡിങ് ആക്കുറസി കപ്പ് പാരാഗ്ലൈഡിങ് ഫെസ്റ്റിവലിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ടൂറിസം രംഗത്ത് കോവിഡിന് ശേഷമുള്ള ഏറ്റവും പ്രധാനപ്പെട്ട ആക്ടിവിറ്റികളിൽ ഒന്നാണ് സാഹസിക ടൂറിസം.
ഇത്തരം കേന്ദ്രങ്ങളെ മാത്രം ലക്ഷ്യമാക്കി എത്തുന്ന സഞ്ചാരികളുടെ എണ്ണം വർധിക്കുന്നുണ്ട്. ഈ വർഷം സഞ്ചാരികളുടെ എണ്ണത്തിൽ റെക്കോഡ് മറികടക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന് സൊസൈറ്റി, ജില്ല ടൂറിസം പ്രമോഷന് കൗണ്‍സില്‍ എന്നിവയുടെ സഹകരണത്തോടെയും അന്താരാഷ്ട്ര പാരാഗ്ലൈഡിങ് സംഘടനയുടെയും ഏറോ ക്ലബ് ഓഫ് ഇന്ത്യയുടെയും സാങ്കേതിക സഹായത്തോടെയുമാണ് വാഗമണ്‍ ഇന്റര്‍നാഷനല്‍ ടോപ് ലാന്‍ഡിങ് ആക്കുറസി കപ്പ് സംഘടിപ്പിച്ചത്.
വാഴൂര്‍ സോമന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍, അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.വി ജോസഫ്, ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ തോമസ്, ടൂറിസം വകുപ്പ് ഡയറക്ടർ ശിഖ സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.