വണ്ണപ്പുറം: ഒരു കാലവർഷംകൂടി എത്തിയതോടെ മലയോര മേഖലകൾ ഉൾപ്പെടുന്ന വണ്ണപ്പുറത്ത് അഗ്നി രക്ഷാനിലയം വേണമെന്ന ആവശ്യം വീണ്ടും ഉയരുന്നു. ഇവിടെ അഗ്നി രക്ഷാനിലയം സ്ഥാപിക്കുവാൻ സർക്കാർ ഉത്തരവ് ഇറക്കിയിട്ട് വർഷങ്ങൾ കഴിഞ്ഞു. വലിയ ജനവാസമുള്ള കുടിയേറ്റ മേഖലയാണ് വണ്ണപ്പുറം പഞ്ചായത്ത്. പഞ്ചായത്തിലെ വിവിധ മേഖലകളിൽ ദിനംപ്രതി അപകടങ്ങൾ നടക്കാറുണ്ട്. മലയോര മേഖലകളിലൂടെ റോഡുകൾ ഉള്ളതിനാൽ വാഹനങ്ങൾ അപകടത്തിൽപെടുന്നതും പവിവാണ്. വണ്ണപ്പുറം - വെൺമണി റൂട്ടിൽ ബസുകളും ചെറുവാഹനങ്ങളും അപകടങ്ങളിൽ പെടുന്നു. തൊടുപുഴയിൽ നിന്ന് വേണം ഫയർഫോഴ്സ് വാഹനം ഇവിടെ എത്താൻ. അപകടം നടന്ന് വളരെ സമയം കഴിഞ്ഞാലേ ഫയർഫോഴ്സ് വാഹനത്തിന് ഇവിടെ എത്താൻ സാധിക്കുന്നുള്ളൂ.
വാഹനം എത്തുമ്പോഴേക്കും അപകടത്തിൽ പെടുന്നവരെ രക്ഷിക്കാൻ സാധിക്കാതെയും വരുന്നുണ്ട്.
മുമ്പ് മുള്ളരിങ്ങാട് ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ പുകപ്പുരക്ക് തീപിടിച്ചപ്പോൾ തൊടുപ്പുഴയിൽ നിന്ന് ഫയർഫോയ്സ് വാഹനം എത്തിയപ്പോഴേക്കും വീട് പൂർണ്ണമായി കത്തിയമർന്നിരുന്നു. നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങളും പഞ്ചായത്തിലുണ്ട്. തൊമ്മൻകുത്ത്, മീനുളിയാൻ പാറ, നാക്കയം കുത്ത്, കാറ്റാടിക്കടവ്, കോട്ടപ്പാറ, ആനയടിക്കുത്ത് തുടങ്ങിയ സ്ഥലങ്ങൾ നിരവധി സഞ്ചാരികളെ ആകർഷിക്കുന്ന കേന്ദ്രങ്ങളാണ്.
ഈ കേന്ദ്രങ്ങളിൽ സന്ദർശകർ ഒഴുക്കിൽപെട്ടും മറ്റും അപകടങ്ങൾ ഉണ്ടാകാറുണ്ട്. മഴക്കാലമായാൽ മണ്ണിടിഞ്ഞും മരങ്ങൾ കടപുഴകി വീണും മറ്റും കെടുതികൾ പതിവാണ്. വിദൂര സ്ഥലങ്ങളിൽ നിന്ന് അഗ്നി രക്ഷാസേന എത്താൻ വൈകുന്നതോടെ അപകടങ്ങളുടെ വ്യാപ്തി വർധിക്കുന്നു.
പഞ്ചായത്തിൽ ഭരണസമിതികൾ മാറി മാറി വന്നെങ്കിലും ഫയർ സ്റ്റേഷന്റെ കാര്യത്തിൽ ഒരു നീക്കവും ഉണ്ടായില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. എന്നാൽ വണ്ണപ്പുറത്തിന് അനുവദിച്ച ഫയർസ്റ്റേഷൻ മറ്റൊരു ടൗണിലേക്ക് മാറ്റി കൊണ്ടു പോയെന്നും ഇവിടുത്തെ ജനപ്രതിനിധികൾക്ക് ഇത് തടയാൻ സാധിച്ചില്ല എന്നും
ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.