തൊടുപുഴ: മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് പ്രത്യേക എൻഫോഴ്സ്മെന്റ് സ്ക്വാഡ് ജില്ലയിൽ പരിശോധന ശക്തമാക്കി. രണ്ട് മാസത്തിനിടെ 21 പഞ്ചായത്തുകളിൽ നടത്തിയ പരിശോധനയിൽനിന്ന് 3,70,000 രൂപ പിഴ ഈടാക്കി.
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ കണ്ടെത്തുക, നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങളുടെ സംഭരണം, വില്പന എന്നിവ തടയുകയാണ് സ്ക്വാഡിന്റെ ലക്ഷ്യം.അനധികൃതമായി മാലിന്യം കടത്തുന്ന വാഹനങ്ങള്‍ പൊലീസ് സഹായത്തോടെ കസ്റ്റഡിയില്‍ എടുക്കാനും കുറ്റക്കാരെ അറസ്റ്റ് ചെയ്യാനും സ്ക്വാഡിന് അധികാരമുണ്ട്. മിന്നൽ പരിശോധന നടത്തി സ്പോട്ട് ഫൈൻ ഈടാക്കും.
കൂടുതൽ ജനസാന്ദ്രത, നഗരവത്കരണം, ഫാക്ടറികൾ, വ്യവസായ സംരംഭങ്ങൾ തുടങ്ങിയവയെല്ലാം മാലിന്യങ്ങൾ വൻ തോതിൽ വർധിക്കാൻ കാരണമാവുന്ന സാഹചര്യത്തിൽ ഇതുണ്ടാക്കുന്ന സാമൂഹിക ആരോഗ്യ പ്രത്യാഘാതങ്ങൾ ഒഴിവാക്കുന്നതിന് മാലിന്യ സംസ്കരണ - മാലിന്യ മുക്ത പ്രവർത്തനങ്ങൾ ശക്തമാക്കേണ്ട ആവശ്യകത തിരിച്ചറിഞ്ഞാണ് തദ്ദേശ വകുപ്പ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് ഏർപ്പെടുത്തിയത്.
പാതയോരങ്ങളിലെയും പൊതുസ്ഥലങ്ങളിലെയും മാലിന്യ സംസ്കരണ രീതികളും സ്ക്വാഡുകൾ പരിശോധിക്കും.അലക്ഷ്യമായി വലിച്ചെറിയുന്നതോ തോടുകളിലും കാനകളിലും മറ്റു ജലാശയങ്ങളിലും ഖരമാലിന്യങ്ങൾ നിക്ഷേപിക്കുന്നതോ ശ്രദ്ധയിൽപെട്ടാൽ അവ നിർമാർജനം ചെയ്യുന്നതിനും അവസാനിപ്പിക്കുന്നതിനും വേണ്ടിയുള്ള നിർദേശങ്ങളും സഹായങ്ങളും നൽകും.
ശുചിത്വമിഷനിൽനിന്നുള്ള എൻഫോഴ്സ്മെന്റ് ഓഫിസറും പൊലീസ് ഉദ്യോഗസ്ഥനുമുൾപ്പെടെ മൂന്ന് പേരാണ് ഓരോ സ്ക്വാഡിലും അംഗങ്ങൾ. സ്ക്വാഡിന്റെ പ്രവർത്തന ആസ്ഥാനം ജില്ല ശുചിത്വ മിഷൻ ഓഫിസായിരിക്കും.
ചുമത്തിയ പിഴ
കട്ടപ്പന -25000
ഏലപ്പാറ -20000
പാമ്പാടുംപാറ -20000
കരുണാപുരം - 10000
പീരുമേട് -50000
കുമളി -80000
ചക്കുപള്ളം -10000
അടിമാലി -40000
വണ്ടിപ്പെരിയാർ -20000
അയ്യപ്പൻകോവിൽ -20000
കാഞ്ചിയാർ -30000
അറക്കുളം -10000
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.