തൊടുപുഴ: കോടികൾ ചെലവഴിച്ചിട്ടും വന്യജീവികളുടെ ആക്രമണത്തിൽനിന്ന് മോചനമില്ലാതെ മലയോര ജില്ല. വന്യജീവി ശല്യം തടയാനുള്ള വിവിധ പദ്ധതികൾക്കായി 10 വർഷത്തിനിടെ ഒമ്പതുകോടി ജില്ലയിൽ ചെലവഴിച്ചിട്ടുണ്ടെന്നാണ് വനംവകുപ്പിെൻറ കണക്ക്.
ഈ കാലയളവിൽ ജില്ലയിൽ വന്യജീവി ആക്രമണത്തിൽ 63പേർ മരിക്കുകയും 536പേർക്ക് പരിക്കേൽക്കുകയും അഞ്ച് കോടിയുടെ കൃഷിനാശം സംഭവിക്കുകയും ചെയ്തു.
വന്യജീവിശല്യം നാൾക്കുനാൾ വർധിക്കുന്നതല്ലാതെ പദ്ധതികളുടെ പ്രയോജനം കർഷകർക്ക് ലഭിക്കുന്നില്ല. സൗരോർജത്തിെൻറയും വൈദ്യുതിയുടെയും വേലികൾ, കിടങ്ങുകൾ, ക്രാഷ് ഗാർഡ് റോപ്പ് ഫെൻസിങ്, എസ്.എം.എസ് അലേർട്ട്, ദ്രുതപ്രതികരണ സേനയുടെയും ജനകീയ ജാഗ്രത സമിതിയുടെയും സേവനം എന്നിവ ഉൾപ്പെടെ പദ്ധതികളാണ് വിവിധ ഘട്ടങ്ങളിലായി വനംവകുപ്പ് നടപ്പാക്കിയത്. പദ്ധതി നടത്തിപ്പ് പലപ്പോഴും അശാസ്ത്രീയമാകുന്നു എന്നാണ് വിമർശനം. 10 വർഷത്തിടെ കാട്ടാന ആക്രമണത്തിൽ ഒരാൾപോലും മരിക്കാത്ത ആനകുളത്ത് 1.2 കിലോമീറ്റർ ഡ്രാഷ് ഗാർഡ് വേലി, സൗരോർജ വേലി, കിടങ്ങുകൾ എന്നിവ സ്ഥാപിക്കാനായി വനംവകുപ്പ് 1.44 കോടി ചെലവഴിച്ചു.
എന്നാൽ, 36പേർ കാട്ടാന ആക്രമണത്തിൽ മരിച്ച പൂപ്പാറ, സിങ്കുകണ്ടം ഉൾപ്പെടുന്ന ദേവികുളം ഡിവിഷനൽ ഫോറസ്റ്റ് ഓഫിസിന് കീഴിൽ ഇതേ കാലയളവിൽ എത്ര ചെലവഴിച്ചുവെന്നതിെൻറ കണക്കുപോലുമില്ല. എന്നാൽ, വിവിധ പദ്ധതികൾ നടപ്പാക്കി എന്നാണ് വനംവകുപ്പിെൻറ അവകാശവാദം. ആനക്കുളത്ത് 53 ലക്ഷം മുടക്കി 1.2 കിലോമീറ്റർ ക്രാഷ് ഗാർഡ് വേലി നിർമിച്ചത് 2019ലാണ്.
രണ്ട് വശങ്ങളും തുറന്ന രീതിയിലാണ് ഈ പദ്ധതി നടപ്പാക്കിയത്. ഇവിടെ അറ്റകുറ്റപ്പണിക്ക് നാലുലക്ഷം കൂടി ചെലവഴിച്ചു. എന്നാൽ, ഗുണനിലവാരം ഇല്ലാത്ത സാമഗ്രികൾ ഉപയോഗിച്ച് നടത്തിയ നിർമാണം ഇപ്പോൾ തകർന്നനിലയിലാണ്.
പകലും പുലിയിറങ്ങുന്നു; പ്രാണഭയത്തിൽ തോട്ടം തൊഴിലാളികൾ
മൂന്നാർ: രാത്രികാലങ്ങളിൽ വളർത്തുമൃഗങ്ങളെ ആക്രമിച്ചിരുന്ന വന്യജീവികൾ പകൽസമയത്ത് എത്തുന്നത് പതിവായതോടെ ജനം ഭീതിയിൽ.
മൂന്നാറിലെ തേയിലത്തോട്ടങ്ങളിലാണ് പകല്‍ പോലും പുലിയും കടുവയും എത്തുന്നത്. തോട്ടങ്ങളിൽ തൊഴിലാളികൾ ജോലിചെയ്യുമ്പോൾ പുലിയും കടുവയും മുന്നിലെത്തിയ സംഭവങ്ങൾ പലതാണ്.
എന്നിട്ടും സുരക്ഷയൊരുക്കാൻ വനംവകുപ്പ് തയാറാകുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി. മൂന്നാർ ടൗണിലെ ക്ഷേത്രത്തിനുസമീപം കഴിഞ്ഞ ആഴ്ച പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടിരുന്നു.
തൊട്ടടുത്ത ദിവസം മൂന്നാര്‍ ടൗണിനോടുചേർന്ന ഗ്രഹാംസ്ലാന്‍ഡ് എസ്‌റ്റേറ്റിലും പുലിസാന്നിധ്യം സ്ഥിരീകരിച്ചു. തേയിലത്തോട്ടത്തില്‍ പണിയെടുക്കുകയായിരുന്ന തൊഴിലാളിയാണ് പുലിയെ നേരിട്ടുകണ്ടത്.
തൊഴിലാളികളെല്ലാം ജോലിക്കിറങ്ങിയ സമയത്ത് രാവിലെ 10 മണിയോടെയായിരുന്നു സംഭവം.
കഴിഞ്ഞമാസം കല്ലാര്‍ പുതുക്കാടിലെ തൊഴിലാളി പുലിയുടെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്കാണ്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടക്ക് അമ്പതോളം കന്നുകാലികളാണ് പുലിയുടെയും കടുവയുടെയും ആക്രമണത്തിന് ഇരയായത്. വിഷയത്തിൽ അനാസ്ഥ തുടരുന്ന വനംവകുപ്പിെൻറ സമീപനത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
ജീവിതം വഴിമുട്ടി മാങ്കുളത്തെ കർഷകർ
അടിമാലി: നാല് വശങ്ങളും വനത്താല്‍ ചുറ്റപ്പെട്ട മാങ്കുളം പഞ്ചായത്തില്‍ വന്യമൃഗ ശല്യത്തിന് അറുതിയില്ല. പോത്ത്, ആന, പുലി, പന്നി തുടങ്ങിയവയെല്ലാം കൂട്ടത്തോടെ ജനവാസ മേഖലകളിലേക്ക് ഇറങ്ങുകയാണ്. ഒടുവിൽ മയില്‍ വരെ കർഷകർക്ക് ഭീഷണിയാകുന്നു. ഒരുമാസത്തിനിടെ നാല് വളര്‍ത്തുനായകളെയും ഒരു ആടിനെയും പുലി കൊന്നു. പലയിടത്തും ജനവാസ കേന്ദ്രങ്ങളില്‍ പുലിയുടെ കാൽപ്പാടുകള്‍ കാണാം. ചില ആദിവാസി കോളനികളോട് ചേര്‍ന്ന് കടുവയും എത്തുന്നതായി പറയുന്നു. ഈ വര്‍ഷം 2000 ഏക്കറിലേറെ കൃഷി കാട്ടാനയും കാട്ടുപന്നിയും നശിപ്പിച്ചു. ദീര്‍ഘകാല വിളകളായ ഏലം, തെങ്ങ്, കവുങ്ങ്, ജാതി, തന്നാണ്ട് വിളകളായ വാഴ, മരച്ചീനി, വിവിധയിനം കിഴങ്ങ് വര്‍ഗങ്ങള്‍ മുതലായവയാണ് വന്യമൃഗങ്ങള്‍ നശിപ്പിച്ചത്. വന്യമൃഗങ്ങള്‍ വീടുകള്‍ക്കും മനുഷ്യജീവനും ഭീഷണിയായിട്ടും ഇവയെ തുരത്താന്‍ ഒരു നടപടിയും വനംവകുപ്പ് സ്വീകരിച്ചിട്ടില്ല. ഡി.എഫ്.ഒ, രണ്ട് റേഞ്ച് ഓഫിസര്‍മാര്‍ ഉൾപ്പെടെ ഒരു പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ജോലിനോക്കുന്ന ഏക പഞ്ചായത്തും മാങ്കുളമാണ്.
അടുത്തിടെയായി കാട്ടുപോത്തുകളും ജനവാസ കേന്ദ്രങ്ങളിൽ ചുറ്റിത്തിരിയുന്നു. ഇതുസംബന്ധിച്ച് വനംവകുപ്പിനെ അറിയിച്ചിട്ടും ഫലമുണ്ടായില്ല. ജില്ലയുടെ ഭക്ഷ്യ കലവറയായി കരുതപ്പെട്ടിരുന്ന മാങ്കുളത്ത് ഒരോ കൃഷിയും പടിയിറങ്ങാന്‍ കാരണം വന്യജീവി ശല്യമാണ്. നെല്‍കൃഷി പൂര്‍ണമായി നിലച്ചു. കമുക്, തെങ്ങ് കൃഷികളും 80 ശതമാനം കുറഞ്ഞു. മരച്ചീനി കൃഷിയും 50 ശതമാനത്തിലേക്ക് ചുരുങ്ങി. ഇഞ്ചി കൃഷിയും നാമമാത്രമായി. ഏലവും കുരുമുളകുമാണ് അല്‍പമെങ്കിലും പിടിച്ചുനില്‍ക്കുന്നത്.
ജലവൈദ്യുതി പദ്ധതി വരുന്നതോടെ ഇതും ഇല്ലാതാകുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. മുനിപാറ പാറാന്തോട്ടത്തില്‍ മാത്യു ആന്‍റണിയുടെ വീട്ടിലെ വളര്‍ത്തുനായെ കഴിഞ്ഞദിവസം പുലി ആക്രമിച്ചിരുന്നു. മൂന്നാഴ്ച മുമ്പ് വിരിഞ്ഞപാറയില്‍ വളര്‍ത്തുമൃഗങ്ങളെ പുലി ആക്രമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.