അടിമാലി: അടിമാലി പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ കാട്ടുപന്നികളെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് കർഷകർ. തന്നാണ്ട് വിളകൾ ഒന്നും കാട്ടുപന്നികൾ ബാക്കിവെക്കാതായതോടെ കർഷകർ കൃഷി ഇറക്കുന്നതും ഗണ്യമായി കുറഞ്ഞു.
കപ്പ, ചേമ്പ്, ചേന, പച്ചക്കറികൾ എന്നിവയാണ് കൂടുതലായും നശിപ്പിക്കുന്നത്. തെങ്ങ്, ജാതി, കൊക്കോ, കുരുമുളക്, ചെടികൾ എന്നിവയും നശിപ്പിക്കുന്നുണ്ട്. കോയിക്കകുടി, അപ്സരക്കന്ന്, അമ്പലപ്പടി, ബി.എസ്.എൻ.എൽ ഓഫിസ് പരിസരം, മന്നാങ്കാല, കാംകോ ജങ്ഷൻ, വാളറ, പത്താംമൈൽ, പതിനാലാം മൈൽ, മച്ചിപ്ലാവ്, മുടിപ്പാറ, ഒഴുവത്തടം, പടിക്കപ്പ് തുടങ്ങി പഞ്ചായത്തിലെ എല്ലാ മേഖലയിലും കാട്ടുപന്നികൾ വലിയ നാശമാണ് വരുത്തുന്നത്.
കൂട്ടത്തോടെ എത്തുന്ന കാട്ടുപന്നികൾ കൃഷിസ്ഥലം ഉഴുതുമറിച്ചാണ് നശിപ്പിക്കുന്നത്. വനം വകുപ്പ്, പഞ്ചായത്ത് അധികൃതർ എന്നിവർക്ക് പരാതി നൽകിയാലും നടപടി സ്വീകരിക്കുന്നില്ലെന്ന പരാതി ശക്തമാണ്. കൃഷി കാട്ടുപന്നികൾ നശിപ്പിക്കാതെ വേലി കെട്ടിയും മറ്റും സംരക്ഷിക്കാൻ കർഷകർ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെങ്കിലും പ്രയോജനപ്പെടുന്നില്ല. പ്രശ്നക്കാരായ കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാൻ പഞ്ചായത്ത് പ്രസിഡന്റിന് സർക്കാർ അനുമതി നൽകിയെങ്കിലും ഇത് വരെ ആളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വനം വകുപ്പ് ഉത്തരവാദിത്തത്തിൽനിന്ന് മാറിനിൽക്കുകയും ചെയ്യുന്നു.
വിഷയത്തിൽ കലക്ടർ ഇടപ്പെട്ട് കൃഷിക്കാരുടെ പ്രശ്നം പരിഹരിക്കണമെന്ന ആവശ്യമാണ് കർഷകർ മുന്നോട്ട് വെക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.