മൂന്നാർ: ചിന്നക്കനാൽ മേഖലയിൽ ഭീതിപരത്തി വിലസുന്ന അരിക്കൊമ്പനെ തളക്കാൻ വനം വകുപ്പ് നടത്തുന്നത് അതിവിദഗ്ധ നീക്കം. കലക്ടറുടെ നേതൃത്വത്തിൽ മൂന്നാറിൽ നടന്ന വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗം അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടിക്കാനുള്ള കർമപദ്ധതിയുടെ വിവിധ വശങ്ങൾ ചർച്ച ചെയ്തു.
ഡോ. അരുൺ സക്കറിയയുടെ മേൽനോട്ടത്തിൽ വയനാട്ടിൽനിന്നെത്തുന്ന ദ്രുത പ്രതികരണ സേനയാണ് (ആർ.ആർ.ടി) ഓപറേഷന് നേതൃത്വം നൽകുന്നത്. 24ന് നടക്കുന്ന മോക്ഡ്രില്ലിൽ 11 സംഘങ്ങളിൽ ഓരോ ടീമും എന്തൊക്കെ ചെയ്യണമെന്നത് കൃത്യമായി ആവിഷ്കരിക്കും. ചിന്നക്കനാൽ പഞ്ചായത്തിലെ സിമന്റ്പാലം മേഖലയാണ് മയക്കുവെടിവെക്കാൻ അനുയോജ്യമെന്ന് കണ്ടെത്തിയിട്ടുള്ളത്. ദൗത്യം ആരംഭിക്കാൻ ഉദ്ദേശിക്കുന്ന 25ന് പുലർച്ച നാലിന് അരിക്കൊമ്പന്റെ കൃത്യമായ ലൊക്കേഷൻ നിരീക്ഷിച്ച് മനസ്സിലാക്കും.
ഉച്ചകഴിഞ്ഞാണ് ആനയെ അനുയോജ്യമായ സ്ഥലത്ത് കിട്ടുന്നതെങ്കിൽ മയക്കുവെടി വെക്കണോ എന്ന് അപ്പോൾ ആലോചിച്ച് തീരുമാനിക്കും. 25ന് ദൗത്യം നടക്കാതെ പോയാൽ 26ന് വീണ്ടും നടത്തും. ചൊവ്വാഴ്ച ആദിവാസി പുനരധിവാസ മേഖലകളായ 301കോളനി, എൺപതേക്കർ പ്രദേശങ്ങളിലാണ് അരിക്കൊമ്പന്റെ സാന്നിധ്യം ഉണ്ടായിരുന്നത്. പ്രദേശവാസികളുടെ സഹകരണം ഉറപ്പാക്കുന്നതും സന്ദർശകരെ തടയുന്നതും ലക്ഷ്യമിട്ട് ജനങ്ങളെ ബോധവത്കരിക്കാൻ പഞ്ചായത്ത് ബുധനാഴ്ച ചിന്നക്കനാലിൽ യോഗം വിളിച്ചിട്ടുണ്ട്.
301 കോളനിവാസികളെ ഇവിടെ നിന്ന് മാറ്റാണമോ എന്ന് യോഗത്തിൽ തീരുമാനിക്കും. പ്രദേശത്തെ സ്കൂളുകളിൽ പരീക്ഷകൾ മുടക്കം കൂടാതെ നടത്താൻ വേണ്ട സുരക്ഷ ഒരുക്കുമെന്ന് കലക്ടർ അറിയിച്ചു.
ഗതാഗതം നിയന്ത്രിക്കാൻ മതിയായ പൊലീസ് സേനയെ പ്രദേശത്ത് വിന്യസിക്കും. കോട്ടയം ഹൈറേഞ്ച് സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആർ.എസ്. അരുണ്‍ അധ്യക്ഷത വഹിച്ച യോഗത്തിൽ സബ് കലക്ടർ രാഹുൽ കൃഷ്ണ ശർമ, ഡി.എഫ്.ഒ രമേഷ് ബിഷ്ണോയ്, ജില്ല പഞ്ചായത്ത് അംഗം ഉഷാകുമാരി മോഹന്‍കുമാര്‍, ഭവ്യ കണ്ണന് എന്നിവര്‍ പങ്കെടുത്തു.
രണ്ട് വീടുകൂടി തകർത്തു
അടിമാലി: അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ശ്രമങ്ങൾ തുടരവെ രണ്ട് വീടുകൂടി തകർത്തു. പെരിയകനാലില്‍ ബൈസൺവാലി സ്വദേശി വിജയന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ ഒരുഭാഗവും തൊട്ടടുത്തുള്ള മറ്റൊരു വീടുമാണ് തകർത്തത്. കഴിഞ്ഞ ബുധനാഴ്ച രാത്രിയും വിജയന്റെ ഉടമസ്ഥതയിലുള്ള വീടിനുനേരെ അരിക്കൊമ്പന്റെ ആക്രമണമുണ്ടായിരുന്നു. അന്ന് വീടിന്റെ വാതിലും ഭിത്തിയും തകർത്ത അരിക്കൊമ്പൻ 20 കിലോഗ്രാം അരിയെടുത്ത് തിന്നു.
കഴിഞ്ഞ ദിവസം രാത്രി 10ന് ഇവിടെയെത്തിയ അരിക്കൊമ്പൻ വീണ്ടും കെട്ടിടത്തിന് കേടുപാടുകൾ വരുത്തിയെങ്കിലും ഭക്ഷണസാധനങ്ങളൊന്നും ലഭിച്ചില്ല.
വീട്ടിലുണ്ടായിരുന്ന വിജയൻ, ഭാര്യ ലക്ഷ്മി എന്നിവർ തട്ടിന് മുകളിൽ കയറി രക്ഷപ്പെടുകയായിരുന്നു.
ഈ വീട് ആക്രമിച്ചതിന് ശേഷം അരിക്കൊമ്പൻ സമീപത്തെ അടിമാലി സ്വദേശി അഷറഫിന്റെ തോട്ടത്തിലെത്തി അവിടെയുണ്ടായിരുന്ന വീടും തകർത്തു. തോട്ടത്തിലെ ജോലിക്കാരനായ പീറ്റർ മാത്രമാണ് ഇവിടെ താമസം. കാട്ടാനയെ പേടിച്ച് പീറ്റർ രാത്രി തൊട്ടടുത്ത ഏറുമാടത്തിലായിരുന്നു ഉറങ്ങിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.