മൂന്നാർ: പട്ടാപ്പകൽ പഞ്ചായത്തിന്റെ മാലിന്യസംസ്കരണ കേന്ദ്രത്തിലെത്തിയ കാട്ടുകൊമ്പൻ ‘പടയപ്പ’ 15 ചാക്ക് പച്ചക്കറി അകത്താക്കി മടങ്ങി. അപ്രതീക്ഷിതമായി എത്തിയ കൊമ്പനെ കണ്ട് സ്ത്രീ തൊഴിലാളികൾ ഉൾപ്പെടെ ഓടി കെട്ടിടത്തിന് മുകളിൽ അഭയം തേടി.
മൂന്നാർ ഗ്രാമപഞ്ചായത്തിനുകീഴിൽ കല്ലാറിൽ പ്രവർത്തിക്കുന്ന മാലിന്യസംസ്കരണ കേന്ദ്രത്തിൽ കഴിഞ്ഞ ദിവസം പകൽ പതിനൊന്നരയോടെ ആയിരുന്നു പടയപ്പയുടെ ‘മിന്നൽ സന്ദർശനം’. ഒരാഴ്ചയായി ഈ പ്രദേശം ഉൾപ്പെട്ട നല്ലതണ്ണി എസ്റ്റേറ്റിലാണ് പടയപ്പയുടെ കറക്കം. രാത്രികാലങ്ങളിൽ കാട്ടാനകൾ മാലിന്യസംസ്കരണ കേന്ദ്രത്തിൽ എത്താറുണ്ടെങ്കിലും പകൽ വരാറില്ലാത്തതിനാൽ തൊഴിലാളികൾ ശ്രദ്ധിക്കാറില്ല. സ്ത്രീകൾ ഉൾപ്പെടെ 18 പേർ ഇവിടെ ജൈവവളം ഉണ്ടാക്കുന്നതിന് അഴുകിയ പച്ചക്കറി അരിയുന്ന ജോലിയിലായിരുന്നു. പടയപ്പ ഗേറ്റ് കടന്ന് മുന്നിലെ ഷെഡിന് സമീപം എത്തിയപ്പോഴാണ് തൊഴിലാളികൾ കണ്ടത്. ഭയന്നോടി ഇവർ ഇവിടത്തെ കോൺക്രീറ്റ് കെട്ടിടത്തിന് മുകളിൽ കയറി. പുറത്ത് പ്ലാസ്റ്റിക് മാലിന്യം കെട്ടിവെച്ചിരുന്ന ചാക്കുകളിൽ പരതിയശേഷം ഒന്നും കിട്ടാതായതോടെ ആന നേരെ ഉള്ളിലേക്ക് കടന്നു. ഇവിടെ 15 ചാക്കിൽ കെട്ടിവെച്ചിരുന്ന കാരറ്റ്, കാബേജ്, ബീറ്റ്റൂട്ട് തുടങ്ങിയ പച്ചക്കറികൾ മുഴുവൻ അകത്താക്കിയശേഷം സമീപത്തെ ചോലയിലേക്ക് മടങ്ങി.
ഒരാഴ്ച മുമ്പ് രാത്രി ഈ കേന്ദ്രത്തിലെത്തിയ പടയപ്പ ഭക്ഷണമൊന്നും കിട്ടാതായതോടെ പച്ചക്കറി അരിയുന്ന യന്ത്രത്തിനും പ്ലാസ്റ്റിക് പഞ്ചിങ് മെഷീനും കേടുവരുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.