തൊടുപുഴ: കാലവർഷത്തിന്റെ സാന്നിധ്യം അറിയിച്ച് ജില്ലയിൽ മഴ കനത്തുതുടങ്ങി. 12 വരെ ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. ജില്ലയിൽ പല ഭാഗങ്ങളിലും രണ്ടു ദിവസമായി മഴ പെയ്യുന്നുണ്ട്. തൊടുപുഴയിലാണ് കൂടുതൽ മഴ ലഭിച്ചത്. ചെറുതോണിയടക്കമുള്ള മേഖലയിലും വ്യാഴാഴ്ച മഴ പെയ്തു. വരും ദിവസങ്ങളിൽ ജില്ലയിൽ കൂടുതൽ മഴ ലഭിക്കാനാണ് സാധ്യത.
സാധാരണയിൽനിന്ന് അൽപം വൈകിയാണ് കാലവർഷം എത്തുന്നത്. ജില്ലയിൽ ഇത്തവണ വേനൽമഴ പ്രതീക്ഷിച്ചതിലും കുറവായിരുന്നു. കാർഷിക മേഖലയിലടക്കം ഇത് വലിയ പ്രയാസങ്ങൾക്കിടയാക്കിയിട്ടുണ്ട്. തൊടുപുഴയിൽ 38.6 മി.മീറ്റർ മഴയാണ് ലഭിച്ചത്. ഇടുക്കി 4.2, പീരുമേട് 16, ദേവികുളം എട്ട് എന്നിങ്ങനെയാണ് വിവിധ താലൂക്കുകളിൽ പെയ്ത മഴയുടെ അളവ്. ഉടുമ്പൻചോലയിൽ വ്യാഴാഴ്ച മഴ പെയ്തില്ല.
മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി സ്വകാര്യവ്യക്തികളുടെ ഭൂമിയില്‍ അപകടകരമായി നില്ക്കുന്ന മരങ്ങള്‍, അവയുടെ ശിഖരങ്ങള്‍ എന്നിവ നീക്കം ചെയ്യണമെന്ന് ജില്ല അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇവ നീക്കം ചെയ്യാത്തതുമൂലം എന്തെങ്കിലും അപകടങ്ങളുണ്ടായാല്‍ അതുവഴിയുണ്ടാകുന്ന നാശനഷ്ടങ്ങളും നഷ്ടപരിഹാരവും ഭൂവുടമ വഹിക്കേണ്ടിവരും. അപകടാവസ്ഥയിലുള്ള മരങ്ങളും ശിഖരങ്ങളും മുറിച്ചുനീക്കുന്നതിന് പഞ്ചായത്ത്, വില്ലേജുതല ട്രീ കമ്മിറ്റികള്‍ ചേര്‍ന്ന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് മഴക്കാല മുന്നൊരുക്ക ജില്ലതല യോഗത്തില്‍ നേരത്തേ നിര്‍ദേശിച്ചിരുന്നു.
സ്വകാര്യവ്യക്തികളുടെ ഭൂമിയില്‍ അപകടകരമായി നില്ക്കുന്ന മരങ്ങളുടെ ശിഖരങ്ങള്‍ മുറിച്ചുനീക്കുന്നതിന് അപേക്ഷ ലഭിക്കുന്ന മുറക്ക് വില്ലേജ് പഞ്ചായത്തുതല ട്രീ കമ്മിറ്റി ചേര്‍ന്ന് അടിയന്തര നടപടികള്‍ സ്വീകരിക്കണം. പൊതുസ്ഥലങ്ങളില്‍ അപകടകരമായി നില്ക്കുന്ന മരങ്ങളും മരച്ചില്ലകളും കണ്ടെത്തി നീക്കുന്നതിന് എല്ലാ തദ്ദേശ സ്ഥാപനങ്ങളും ട്രീ കമ്മിറ്റികള്‍ അടിയന്തരമായി വിളിച്ചുചേര്‍ത്ത് നടപടി സ്വീകരിക്കണമെന്ന് ജില്ല കലക്ടര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.