ഉദ്ഘാടനത്തിനു പിന്നാലെ ചാർജിങ് മുടങ്ങി

തളിപ്പറമ്പ്: ചെറുഇലക്ട്രിക് വാഹനങ്ങൾക്ക് ചാർജ് ചെയ്യുന്നതിന് തളിപ്പറമ്പിൽ വൈദ്യുതി തൂണിൽ സ്ഥാപിച്ച ചാർജിങ് പോയൻറിലെത്തുന്ന വാഹന ഉടമകൾ നിരാശരായി മടങ്ങേണ്ട അവസ്ഥയിൽ. തളിപ്പറമ്പ് പൂക്കോത്ത്നടയിൽ സ്ഥാപിച്ച ചാർജിങ് പോയന്റിന്റെ സാങ്കേതിക തകരാറും ഇവിടെ ഗതാഗതതടസ്സം സൃഷ്ടിച്ച് അനധികൃതമായി നിർത്തിയിടുന്ന വാഹനങ്ങളുമാണ് ഇലക്ട്രിക് വാഹന ഉടമകൾക്ക് ദുരിതമാവുന്നത്. ചൊവ്വാഴ്ച രാവിലെ ആലക്കോടുനിന്ന് തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ രോഗിയുമായി വന്ന ഇലക്ട്രിക് ഓട്ടോറിക്ഷ ഡ്രൈവർക്ക് ചാർജ് ചെയ്യാനാകാതെ ബുദ്ധിമുട്ടി. പണമടച്ചെങ്കിലും ഇയാൾക്ക് ചാർജ് ചെയ്യാൻ സാധിച്ചില്ല. തുടർന്ന് അധികൃതരെ ബന്ധപ്പെട്ടെങ്കിലും സാങ്കേതിക തകരാണെന്നും അടുത്ത ചാർജിങ് സ്‌റ്റേഷനിൽ ചെന്നാൽ മതിയെന്ന് അറിയിക്കുകയായിരുന്നുവെന്നാണ് ഓട്ടോ ഡ്രൈവർ പറയുന്നത്. ഇലക്ട്രിക് വാഹനങ്ങളിൽ മറ്റ് ഇന്ധനങ്ങൾ ഉപയോഗിക്കാൻ പറ്റാത്തതിനാൽ വൈദ്യുതി തൂണിൽ സ്ഥാപിച്ച ചാർജിങ് സ്റ്റേഷനുകളെ പ്രതീക്ഷിച്ച് എത്തുന്നവർക്ക് ഇവയുടെ സാങ്കേതിക തകരാറും പാർക്ക് ചെയ്യാൻ സ്ഥലമില്ലാത്തതും വലിയ ദുരിതമാണ് സമ്മാനിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങൾക്ക് ജില്ലയിൽ രണ്ടിടങ്ങളിലായി ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകളും വൈദ്യുതി തൂണിൽ 89 ചാർജിങ് സെന്ററുകളുമാണ് സ്ഥാപിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.