ബൈക്കിൽ കാറിടിച്ച് നിർത്താതെപോയ പൊലീസുകാർക്ക് സസ്പെൻഷൻ

തളിപ്പറമ്പ്: ആന്തൂർ കോൾമൊട്ട തവളപ്പാറയിൽ ബൈക്കിലിടിച്ച് കാർ നിർത്താതെപോയ സംഭവത്തിൽ കെ.എ.പിയിലെ അഞ്ച് കോൺസ്റ്റബിൾമാർക്ക് സസ്‍പെൻഷൻ. കെ.എ.പി നാലാം ബറ്റാലിയനിലെ കോൺസ്റ്റബിൾമാരായ എൻ.കെ. രമേശൻ, ടി.ആർ. പ്രജീഷ്, കെ. സന്ദീപ്, പി.കെ. സായൂജ്, ശ്യാം കൃഷ്ണൻ എന്നിവരെയാണ് മാങ്ങാട്ടുപറമ്പ് കെ.എ.പി കമാൻഡന്റ് വിവേക് കുമാർ സസ്പെൻഡ് ചെയ്തത്. കെ.എ.പി ഡി, എഫ് കമ്പനികളിലെ കോൺസ്റ്റബിൾമാരാണ് നടപടി നേരിട്ടവർ. എഫ് കമ്പനിയുടെ കമാൻഡിങ് ഇൻ ചാർജ് മേയ് 31നും രണ്ടാം വിഭാഗം അസി. കമാൻഡന്റ് ജൂൺ ഒന്നിനും നൽകിയ അന്വേഷണ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. മേയ് 30ന് രാത്രി 7.30നാണ് അപകടം നടന്നത്. പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രദർശനം കഴിഞ്ഞുവരുകയായിരുന്ന കെ.എ.പി സംഘം സഞ്ചരിച്ച കാർ തവളപ്പാറയിൽ ബൈക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രികരായ രണ്ടു പേർക്ക് പരിക്കേറ്റിട്ടും പൊലീസുകാർ കാർ നിർത്താതെ പോവുകയായിരുന്നു. തുടർന്ന് നാട്ടുകാർ ഇവരുടെ വാഹനം പിന്തുടർന്ന് പിടികൂടി കെ.എ.പിയിലെ കോൺസ്റ്റബിളായ രാജേഷിനെ പൊലീസിലേൽപിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ രാജേഷ് അവധിയിലായിരുന്നെന്ന് കണ്ടെത്തി. എന്നാൽ, ഒപ്പമുണ്ടായിരുന്ന അഞ്ച് കോൺസ്റ്റബിൾമാർ അനുമതിയില്ലാതെയാണ് പുറത്തുപോയതെന്നും വ്യക്തമായി. അനുമതി വാങ്ങാതെ പുറത്തുപോയതിനും സേനയുടെ സൽപേരിന് കളങ്കമുണ്ടാക്കിയതിനുമാണ് അഞ്ച് കോൺസ്റ്റബിൾമാരെ സസ്പെൻഡ് ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.