400 ​​​കെ.വി ലൈൻ സർവേ; അയ്യങ്കുന്നിൽ പ്രതി​ഷേധം കർഷകരുടെയും നാട്ടുകാരുടെയും അനുമതിയില്ലാതെ നടപടികളെന്ന്

ഇരിട്ടി: കരിന്തളം - വയനാട് 400 കെ.വി വൈദ്യുതി ലൈൻ വലിക്കുന്നതിനായി സർവേ നടപടികൾ ആരംഭിച്ചതോടെ അയ്യങ്കുന്നിൽ പ്രതിഷേധവുമായി സ്ഥലമുടമകളും നാട്ടുകാരും രംഗത്ത്. അയ്യൻകുന്ന് പഞ്ചായത്തിലെ മുടയെരിഞ്ഞിയിൽ ഗ്രാമസഭയിൽ നാട്ടുകാർ ജനപ്രതിനിധികളെ ആശങ്കകൾ അറിയിച്ചു .കർഷകരുടെ ഭൂമിയിൽ അനുമതിയില്ലാതെയാണ് പദ്ധതിയുടെ ഭാഗമായി ലൈനിനു വേണ്ടിയുള്ള അടയാളപ്പെടുത്തൽ നടന്നിരിക്കുന്നത്. അയ്യൻകുന്ന് പഞ്ചായത്തിൽ റീസർവേ പ്രവൃത്തികൾ നടക്കുന്നതിനാൽ പെയിന്റും ബക്കറ്റുമായി കൃഷിയിടത്തിൽ പ്രവേശിച്ചവർ റവന്യൂ വിഭാഗത്തിലെ ജീവനക്കാർ ആയിരിക്കുമെന്നാണ് നാട്ടുകാർ ആദ്യം കരുതിയത്. രണ്ടുമാസം മുമ്പു മുതൽ പ്രദേശങ്ങളിലെ ഏക്കർ കണക്കിന് കൃഷിയിടങ്ങളിലെ മരങ്ങളിലും പാറക്കൂട്ടങ്ങളിലും നിർദിഷ്ട പവർ ലൈൻ കടന്നു പോകാനുള്ള രീതിയിലുള്ള സ്ഥലങ്ങൾ മാർക്ക് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം സംശയം ഇതിൽ തോന്നിയ ചില കർഷകർ അയ്യൻകുന്ന് പഞ്ചായത്ത് അധികൃതരെ സമീപിക്കുകയും തുടർന്ന് പരിശോധന നടത്തുകയും ചെയ്തപ്പോഴാണ് കരിന്തളത്ത് നിന്ന് വയനാട്ടിലേക്ക് വൈദ്യുതി എത്തിച്ച് 400 കെവി സബ്സ്റ്റേഷൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള വൈദ്യുതി ലൈൻ കടന്നു പോകാനുള്ളതും ടവറുകൾ സ്ഥാപിക്കാനുമുള്ള സ്ഥലമാണ് അടയാളപ്പെടുത്തിയിരിക്കുന്നതെന്ന് മനസ്സിലാക്കാൻ കഴിഞ്ഞത് . 125 കി.മീ നീളമുള്ള ലൈനിന് 438 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സംഭവത്തെ തുടർന്ന് അയ്യൻകുന്ന് പഞ്ചായത്തിലെ മുടയെരിഞ്ഞിയിൽ ചേർന്ന ഗ്രാമസഭയിൽ പ്രദേശവാസികൾ തങ്ങളുടെ ആശങ്ക പങ്കുവെച്ചു. പഞ്ചായത്ത് അധികൃതരുടെയും സ്ഥല ഉടമകളുടെയും അനുമതി തേടാതെയും ചർച്ച ചെയ്യാതെയുമാണ് ഉദ്യോഗസ്ഥർ സ്ഥലങ്ങൾ അടയാളപ്പെടുത്തിയത്. കരിന്തളം , മടിക്കൈ, അമ്പലത്തറ, കയ്യൂർ-ചീമേനി, വയക്കര, ഉദയഗിരി ,തിരുമേനി, പുളിങ്ങോം, പെരിങ്ങോം, പയ്യാവൂർ ,നടുവിൽ, ആലക്കോട് ,തളിപ്പറമ്പ്, വിളമന , വയത്തൂർ ,പായം, മുഴക്കുന്ന്, കൊട്ടിയൂർ, കേളകം, കീഴൂർ, കണിച്ചാർ, അയ്യങ്കുന്ന്, ഇരിട്ടി, കോളയാട്, തൃശ്ശിലേരി തവിഞ്ഞാൽ, പെരിയ, മാനന്തവാടി തുടങ്ങിയ സ്ഥലങ്ങളിൽ കൂടെയാണ് നിർദിഷ്ട ലൈൻ കടന്നു പോകുന്നത്. മിക്കയിടത്തും സർവേ നടപടികൾ പൂർത്തീകരിച്ചെങ്കിലും മേഖലയിൽ മറ്റ് വിവിധ വകുപ്പ് അധികൃതരുടെ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇത് പവർലൈന് വേണ്ടിയുള്ള അടയാളപ്പെടുത്തലാണെന്ന് ആളുകൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല. ജനപ്രതിനിധികൾ വൈദ്യുതി വകുപ്പുമായി ബന്ധപ്പെട്ടപ്പോൾ ലൈൻ പോകുന്നതിന് താഴെ വശത്തുള്ള ഭൂമിയിലും സമീപ ഭൂമിയിലും ഒരു കൃഷിയും നടത്താൻ പാടില്ലെന്ന അറിയിപ്പാണ് ലഭിച്ചത്. ഇതു മൂലം കൊടിയ നഷ്ടമാണ് കർഷകർക്ക് ഉണ്ടാകുമെന്നതിലുള്ള ആശങ്കയിലാണ് മേഖലയിലെ കർഷകർ. വൈദ്യുതി വകുപ്പും സർക്കാറുമായി ബന്ധപ്പെട്ട് ആശങ്കയകറ്റാൻ മതിയായ നഷ്ടപരിഹാരം ഉറപ്പുവരുത്താനുള്ള പ്രവർത്തനങ്ങൾ നടത്തുമെന്ന് അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ കർഷകരെ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.