കണ്ണൂർ: ആശുപതികളിൽ വേഷം മാറിയെത്തി മോഷണം നടത്തുന്നയാൾ പിടിയിൽ. പാപ്പിനിശേരി ഇല്ലിപ്പുറം സ്വദേശി ഷാംല മൻസിലിൽ ഷൗക്കത്തലിയാണ് (47) പിടിയിലായത്. കണ്ണൂർ കൊയിലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ മുറിയിൽ സൂക്ഷിച്ച സ്വർണവും പണവുമടങ്ങിയ ബാഗ് പ്രതി മോഷ്ടിച്ചിരുന്നു. കണ്ണൂർ തയ്യിൽ മൈതാനപ്പള്ളിയിലെ നാസറിന്റെ മകളുടെ ഒന്നരപവന്റെ ആഭരണവും 11,000 രൂപയും ആധാർ കാർഡുമടങ്ങിയ ബാഗാണ് കവർന്നത്. കഴുത്തിലും കൈക്കും ബാൻഡേജ് കെട്ടിയെത്തിയാണ് ഇയാൾ മുറിയിൽ കയറി മോഷണം നടത്തിയത്.
രാവിലെ ബാഗ് നഷ്ടപ്പെട്ട വിവരം യുവതി ബന്ധുക്കളെ അറിയിക്കുകയും തുടർന്ന് ടൗൺ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. കേസെടുത്ത പൊലീസ് നടത്തിയ അന്വേഷണത്തിൽ ആശുപത്രിയിലെ നിരീക്ഷണ കാമറ പരിശോധിച്ചപ്പോഴാണ് ബാൻഡേജ് കെട്ടി വേഷം മാറിയെത്തിയ മോഷ്ടാവിന്റെ ദൃശ്യം ലഭിച്ചത്. തുടർന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ദിവസങ്ങൾക്ക് മുമ്പ് ഇയാൾ എ.കെ.ജി ആശുപത്രിയിലും സമാനമായ രീതിയിൽ മോഷണം നടത്തി രക്ഷപ്പെട്ടിരുന്നു. ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ പി.എ. ബിനു മോഹന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സി.എച്ച് നസീബ്, സബിയ സച്ചി, എ.എസ്.ഐ നാസർ എന്നിവരും ക്രൈം സ്ക്വാഡ് അംഗങ്ങളും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.