കണ്ണൂർ: നിയമപ്രകാരമുള്ള വിവരങ്ങൾ രേഖപ്പെടുത്താതെ തയാറാക്കിയ ഫ്ലക്സുകൾ പിടിച്ചെടുത്ത് പിഴ ചുമത്തിത്തുടങ്ങി. ശുചിത്വ മാലിന്യ പരിപാലന നിയമ ലംഘനങ്ങൾ അന്വേഷിക്കുന്ന ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് കണ്ണൂർ നഗരത്തിലെ വിവിധ ഫ്ലക്സ് പ്രിന്റിങ് യൂനിറ്റുകളിൽ നടത്തിയ പരിശോധനയിലാണ് നടപടി.
മലബാർ ഇക്കോസൈൻ, ഹൈലക്സ് ഡിജിറ്റൽ സൈൻ, സൈൻ പ്ലസ് ഡിജിറ്റൽ പ്രിന്റ്സ് എന്നീ സ്ഥാപനങ്ങളിൽ നിന്നാണ് നിയമപ്രകാരമുള്ള വിവരങ്ങൾ രേഖപ്പെടുത്താത്ത ബോർഡുകൾ കണ്ടെടുത്തത്. സ്ഥാപനങ്ങൾക്ക് 10,000 രൂപ വീതം പിഴ ചുമത്തി.
പിടിച്ചെടുത്തവയിൽ സ്ഥാപനത്തിന്റെ പേര് പോലും രേഖപ്പെടുത്തിയിരുന്നില്ല. ബോർഡുകൾ, ബാനറുകൾ ഹോർഡിങ്ങുകൾ എന്നിവ തയാറാക്കുമ്പോൾ പി.വി.സി ഫ്രീ റീ സൈക്ലബിൾ ലോഗോ, പ്രിന്റിങ് യൂനിറ്റിന്റെ പേര്, ഫോൺ നമ്പർ, മലിനീകരണ നിയന്ത്രണ ബോർഡ് നൽകിയ സർട്ടിഫിക്കറ്റിന്റെ ക്യൂ.ആർ കോഡ് എന്നിവ നിർബന്ധമായും പ്രിന്റ് ചെയ്തിരിക്കേണ്ടതാണ്.
ഇതു സംബന്ധിച്ച് ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് ഫ്ലക്സ് നിർമാണ യൂനിറ്റുകളിലെത്തി നിർദേശം കൈമാറിയിരുന്നു. മുന്നറിയിപ്പുകൾക്കൊടുവിലാണ് പരിശോധന നടത്തി പിഴയീടാക്കാൻ തുടങ്ങിയത്.
പേപ്പർ, കോട്ടൺ, പോളി എത്തിലിൻ എന്നിവ മാത്രമാണ് പ്രിന്റിങ്ങിന് ഉപയോഗിക്കാൻ അനുമതിയുള്ളത്. ഇക്കാര്യം പ്രിന്റർമാർ ഉറപ്പുവരുത്തണം. അനുവദനീയ വസ്തുക്കളിൽ മാത്രമാണ് പ്രിന്റിങ് നടത്തുന്നതെന്നും ഉപയോഗശേഷം ബോർഡുകൾ തിരിച്ച് സ്ഥാപനത്തിൽ തിരിച്ചേൽപിക്കേണ്ടതാണെന്നുമുള്ള ബോർഡ് ഓരോ പ്രിന്റിങ് സ്ഥാപനത്തിലും നിർബന്ധമായും പ്രദർശിപ്പിച്ചിരിക്കേണ്ടതാണ്. മട്ടന്നൂരിൽ നടന്ന പരിശോധനയിൽ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി.
കണ്ണൂരിൽ നടന്ന പരിശോധനയിൽ ജില്ല എൻഫോഴ്സ്മെൻറ് സ്ക്വാഡ് ലീഡർ ഇ.പി. സുധീഷ്, എൻഫോഴ്സ്മെന്റ് ഓഫിസർ കെ.ആർ. അജയകുമാർ, ടീം അംഗം ഷെറീകുൾ അൻസാർ, കോർപറേഷൻ പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർമാരായ രേഷ്മ രമേശൻ, ആർ. ഫിയാസ് എന്നിവർ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് എൻഫോഴ്സ്മെന്റ് സ്ക്വാഡ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.