കണ്ണൂർ: അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് തോട്ടട സ്വദേശിനിയായ വിദ്യാർഥിനി മരിച്ചതിനെ തുടർന്ന് കേന്ദ്രസംഘം ജില്ലയിൽ സന്ദർശനം നടത്തി. നാഷനൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ കൺസൽട്ടൻറുമാരായ ഡോ. കെ. രഘു, അനില രാജേന്ദ്രൻ എന്നിവരാണ് ജില്ലയിൽ എത്തിയത്. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.സി. സച്ചിൻ കേന്ദ്രസംഘവുമായി ചർച്ച നടത്തി. ചൂട് കാലാവസ്ഥയും ചൂട് നിറഞ്ഞ വെള്ളവും ഇഷ്ടപ്പെടുന്ന അമീബകൾ നിലവിലെ കാലാവസ്ഥയിൽ പുറത്തുവരുന്ന സാഹചര്യം പ്രത്യേകം വിലയിരുത്തണമെന്ന് സംഘം പറഞ്ഞു.
മസ്തിഷ്ക ജ്വരം ബാധിച്ചു മരിച്ച കുട്ടിയുടെ വീട് സന്ദർശിച്ച സംഘം സ്ഥിതിഗതി വിലയിരുത്തി. കുട്ടിക്കുണ്ടായ ആരോഗ്യപ്രശ്നങ്ങളും യാത്രാവിവരങ്ങളും വീട്ടുകാരുമായി സംസാരിച്ചു. കുട്ടിയുടെ വീട്ടിലെ കിണറിൽനിന്ന് സാമ്പിളുകൾ നേരത്തേ ആരോഗ്യവകുപ്പ് പരിശോധിച്ചിരുന്നു. എന്നാൽ, അമീബയുടെ സാന്നിധ്യം കണ്ടെത്താനായില്ല. അമീബിക് മസ്തിഷ്ക ജ്വരത്തിന് എതിരെ ആരോഗ്യവകുപ്പ് സ്വീകരിച്ച നടപടികളിൽ കേന്ദ്രസംഘം തൃപ്തി രേഖപ്പെടുത്തി. വിദ്യാർഥിക്ക് രോഗബാധ തിരിച്ചറിയാൻ വൈകിയിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിൽ കഴിയവെ ജൂണ്‍ 12നാണ് കുട്ടി മരിച്ചത്.
പോണ്ടിച്ചേരിയിലെയും വെല്ലൂരിലെയും മെഡിക്കൽ ലാബുകളിലേക്ക് അയച്ച സാമ്പിളുകളുടെ ഫലം ലഭിച്ചതോടെയാണ് കുട്ടിക്ക് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചതാണെന്ന് സ്ഥിരീകരിച്ചത്. ഒരുമാസത്തിലേറെ കണ്ണൂരിലെയും പിന്നീട് കോഴിക്കോട്ടെയും സ്വകാര്യ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്നു. ചികിത്സക്കിടെ ഡോക്ടർമാർക്ക് രോഗം നിർണയിക്കാനായില്ലെന്ന് പിതാവ് പറഞ്ഞു. ജനുവരി 28ന് സ്കൂളില്‍നിന്ന് മൂന്നാറിലേക്ക് പഠനയാത്ര പോയ സമയത്ത് കുട്ടി ഹോട്ടലിലെ പൂളില്‍ കുളിച്ചിരുന്നു. ഇതാണ് രോഗബാധക്ക് കാരണമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.