അഞ്ചരക്കണ്ടി: അപകട വളവുകൾ നിറഞ്ഞ് അഞ്ചരക്കണ്ടി-മട്ടന്നൂർ പാത. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ഈ പാതയിൽ വീതികുറഞ്ഞതും വളവുകൾ ഏറെയുള്ളതുമാണ് അപകടങ്ങൾക്ക് പ്രധാന കാരണമാകുന്നത്. ബുധനാഴ്ച ഉച്ചക്ക് 12.15ഓടെ വെൺമണലിൽ വെച്ച് കാറും ഗുഡ്സ് വാനും കൂട്ടിയിടിച്ചു.
വെൺമണൽ ഇറക്കത്തിലുള്ള വളവിൽ വെച്ചാണ് അപകടം നടന്നത്. അപകടത്തിൽ വാഹനങ്ങൾക്ക് കേടുപാടുകൾ പറ്റി. ഒന്നര മാസം മുമ്പ് കീഴല്ലൂർ ക്ഷേത്രത്തിന് മുൻവശത്ത് കാർ ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് അപകടം നടന്നിരുന്നു. ഇവിടെയും വളവിൽ തന്നെയാണ് അപകടം നടന്നത്.
ഒമ്പത് കിലോമീറ്റർ വരുന്ന പാതയിൽ എട്ടോളം വളവുകളുണ്ട്. വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർക്കാണ് ഇതുവഴിയുള്ള യാത്ര ഏറെ പ്രയാസം സൃഷ്ടിക്കുന്നത്. ഒരേസമയം രണ്ടു വാഹനങ്ങൾക്കുപോലും കടന്നുപോവാൻ സാധിക്കാത്ത റോഡായതിനാൽ മിക്കപ്പോഴും യാത്രക്ക് ഏറെ സമയം ചെലവഴിക്കേണ്ടിവരുന്ന സ്ഥതിയിലാണ് യാത്രക്കാർ.
വിമാനത്താവളത്തിലേക്കുള്ള പ്രധാന പാതയായിട്ടും പ്രശ്നപരിഹാരത്തിന് അധികൃതർ തയാറാവുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. വളവുകൾ നിറഞ്ഞ റോഡായതിനാൽ പുതുതായി വിമാനത്താവളത്തിലേക്ക് വരുന്ന വാഹനങ്ങൾ താഴ്ചയിലേക്കും മറ്റും മറിഞ്ഞ് അപകടത്തിൽപെടാറുണ്ട്.
മൈലാടി, ചെറിയവളപ്പ്, കീഴല്ലൂർ, വളയാൽ, കാര തുടങ്ങി എട്ടോഓളം സ്ഥലങ്ങളിലുള്ള വളവുകൾ ഏറെ അപകടസാധ്യത വരുത്തുന്നവയാണ്. വിമാനത്താവളത്തിലേക്കുള്ള പുതിയ റോഡിന്റെ പ്രവൃത്തി വേഗത്തിൽ നടത്തണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. വളവുകൾ ഒഴിവാക്കിയുള്ള റോഡുകളായാൽ അപകടങ്ങൾക്ക് വലിയ പരിഹാരം കാണാനാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.