കണ്ണൂർ: എന്തുവില കൊടുത്തും സിൽവർലൈൻ നടപ്പാക്കാനുറപ്പിച്ച് മുന്നോട്ടുപോകുമെന്നു പറയുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വന്തം നാട്ടിലും പദ്ധതിക്കെതിരെ കനത്ത പ്രതിഷേധം. മുഖ്യമന്ത്രിയുടെ ധർമടം മണ്ഡലത്തിൽ സിൽവർ ലൈൻ സർവേ പൂർത്തിയാക്കാനായില്ല. സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർ സർവേ ഉദ്യോഗസ്ഥരെ വെള്ളിയാഴ്ചയും തടഞ്ഞു. ഇതേതുടർന്ന് ഉദ്യോഗസ്ഥർ കല്ലിടാനാകാതെ മടങ്ങി. തുടർച്ചയായ രണ്ടാം ദിനമാണ് ധർമടത്ത് സിൽവർലൈൻ സർവേ പ്രതിഷേധം കാരണം നിർത്തിവെക്കേണ്ടി വന്നത്. സ്വപ്നപദ്ധതിക്ക് സ്വന്തം നാട്ടിൽ നിന്ന് അപ്രതീക്ഷിതമായി ശക്തമായ പ്രതിരോധം ഉയർന്നത് പ്രതിപക്ഷം ആയുധമാക്കുമെന്നത് പിണറായി വിജയന് തലവേദനയാണ്.
മുഖ്യമന്ത്രിയുടെ മണ്ഡലത്തിന്റെ ഭാഗമായ ധർമടം, മുഴപ്പിലങ്ങാട് പഞ്ചായത്തുകളിലാണ് സർവേ നടത്താനായി ഉദ്യോഗസ്ഥരെത്തിയത്. ഉദ്യോഗസ്ഥരെത്തുന്നതിന് മുമ്പുതന്നെ സ്ഥലവും വീടും നഷ്ടപ്പെടുന്ന പ്രദേശവാസികൾ സ്ഥലത്ത് തമ്പടിച്ചിരുന്നു. ഇവർക്കൊപ്പം യു.ഡി.എഫ് പ്രവർത്തകരും ചേർന്നു. കുറ്റി സ്ഥാപിക്കേണ്ട സ്ഥലത്ത് നിലയുറപ്പിച്ച പ്രതിഷേധക്കാരും ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റവും തർക്കവുമുണ്ടായി. ഒരുഘട്ടത്തിൽ ഉദ്യോഗസ്ഥസംഘത്തിലെ ഉദ്യോഗസ്ഥനു നേരെ കൈയേറ്റ ശ്രമമുണ്ടായി. കല്ല് പിഴുതുമാറ്റുകയും ചെയ്തു. ആത്മസംയമനം പാലിച്ച പൊലീസ് പ്രതിഷേധക്കാർക്ക് നേരെ ബലപ്രയോഗത്തിന് തുനിഞ്ഞില്ല. മുഖ്യമന്ത്രിയുടെ നാട്ടിൽ ക്രമസമാധാന പ്രശ്നം ഒഴിവാക്കാനുള്ള കരുതലായിരുന്നു അത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് പൊലീസിന് പ്രത്യേക നിർദേശമുണ്ടായിരുന്നു.
കെ.പി.സി.സി പ്രസിഡന്റ് സുധാകരന്റെ നാടായ കണ്ണൂർ മണ്ഡലത്തിൽപെട്ട നടാൽ, എടക്കാട് ഭാഗത്ത് സർവേ തടയാനെത്തിയവരെ സി.പി.എം പ്രവർത്തകർ നേരിട്ട് കൈകാര്യം ചെയ്തിരുന്നു. നടാലിൽ പ്രതിഷേധക്കാർക്ക് സി.പി.എമ്മുകാരുടെ മർദനമേറ്റു. എന്നാൽ, സി.പി.എം ശക്തികേന്ദ്രമായിരുന്നിട്ടും ധർമടത്ത് സർവേ തടയാനെത്തിയവർക്ക് നേരെ പാർട്ടി പ്രവർത്തകരുടെ ഭാഗത്തുനിന്ന് അത്തരം നീക്കങ്ങളൊന്നുമുണ്ടായില്ല. കണ്ണൂർ ജില്ലയിൽ ഏറക്കുറെ പൂർത്തിയായ കല്ലിടൽ ധർമടം, തലശ്ശേരി മണ്ഡലങ്ങളിൽ മാത്രമാണ് ഇനി ബാക്കിയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.