ശ്രീകണ്ഠപുരം: മരണശേഷം തൻെറ സമ്പാദ്യം ചെങ്ങളായി പഞ്ചായത്തിന് ഒസ്യത്ത് എഴുതിവെച്ച കിരാത്ത് സ്വദേശി അർജുനൻ കുനങ്കണ്ടിയുടെ വീടും സ്വത്തും ഏറ്റെടുക്കാനുള്ള നടപടി പഞ്ചായത്ത് അധികൃതർ ആരംഭിച്ചു. വീടും 15 സെൻറ് സ്ഥലവും തളിപ്പറമ്പിലെ ഒരു സഹകരണ ബാങ്കിലെ അഞ്ചു ലക്ഷത്തിലേറെ വരുന്ന നിക്ഷേപവും ഉൾപ്പെടെയാണ് ചെങ്ങളായി പഞ്ചായത്തിന് നൽകാൻ ഒസ്യത്ത് എഴുതിവെച്ചിരുന്നത്. 2017 നവംബർ ഒന്നിനാണ് ഒസ്യത്ത് ആധാരം രജിസ്റ്റർ ചെയ്തത്. അർജുനൻ 2021 മാർച്ച് 21ന് മരിച്ചു. ദീർഘകാലം കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു.
വീടിെൻറ പുറത്തെ ഗ്രില്ലിൽ 'എെൻറ കാലശേഷം ഈ വീട് ചെങ്ങളായി പഞ്ചായത്തിന്' എന്ന് വെൽഡ് ചെയ്ത് എഴുതിപ്പിടിപ്പിക്കുകയും ചെയ്തിരുന്നു. അവിവാഹിതനായ അർജുനന് മാതാവ് മാത്രമേയുണ്ടായിരുന്നുള്ളു. ഒന്നര വർഷം മുമ്പ് മാതാവും മരിച്ചു.
രോഗിയായ ഇദ്ദേഹം തെൻറ സ്ഥലം വിറ്റ തുക കൊണ്ട് വീട് പണിയുകയും ബാക്കി തുക ബാങ്കിൽ നിക്ഷേപിക്കുകയുമായിരുന്നു. ബാങ്കിലെ തുക അവിടെ തന്നെ നിക്ഷേപിക്കുകയും പലിശ ഉപയോഗിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തണമെന്നും ഒസ്യത്തിൽ എഴുതിവെച്ചിട്ടുണ്ട്.
ഇതിെൻറ അവകാശം ചെങ്ങളായി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ്. വീടും സ്ഥലവും ഗ്രാമപഞ്ചായത്ത് ഏറ്റെടുക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ചെങ്ങളായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.പി. മോഹനൻ, സെക്രട്ടറി കെ.കെ. രാജേഷ് എന്നിവർ സ്ഥലം സന്ദർശിച്ചു. പഞ്ചായത്തിന് കൈമാറിയ വീട് നല്ലരീതിയിൽ സംരക്ഷിക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും അതോടൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് അദ്ദേഹം ഒസ്യത്ത് പ്രകാരം മാറ്റിവെച്ച തുക ബാങ്കിൽനിന്ന് ലഭിക്കാനാവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.