തലശ്ശേരി: ആർ.എസ്.എസ് കണ്ണൂർ ജില്ല ബൗദ്ധിക് ശിക്ഷൺ പ്രമുഖ് ഇരിട്ടി പുന്നാട്ടെ അശ്വിനി കുമാർ വധക്കേസിൽ മൂന്നാം പ്രതി കുറ്റക്കാരൻ. എൻ.ഡി.എഫ് പ്രവർത്തകനായിരുന്ന ചാവശ്ശേരി ഷരീഫ മൻസിലിൽ എം.വി. മർഷൂഖിനെയാണ് (39) തലശ്ശേരി ഒന്നാം അഡീഷനൽ ജില്ല സെഷൻസ് കോടതി ജഡ്ജി ഫിലിപ്പ് തോമസ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
പ്രതിക്കുള്ള ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കും. തെളിവുകളുടെ അഭാവത്തിൽ, പ്രതിചേർക്കപ്പെട്ട 13 പേരെ കുറ്റക്കാരല്ലെന്നുകണ്ടെത്തി കോടതി വെറുതെ വിട്ടു. മയ്യിൽ കരിയാടൻ താഴത്ത് വീട്ടിൽ നൂറുൽ അമീൻ (40), പി.കെ. അസീസ് (38), ശിവപുരത്തെ പുതിയവീട്ടിൽ പി.എം. സിറാജ് (38), ഉളിക്കലിലെ ഷാഹിദ മൻസിലിൽ മാവിലകണ്ടി എം.കെ. യൂനസ് (43), ശിവപുരം എ.പി ഹൗസിൽ സി.പി. ഉമ്മർ (40), ഉളിയിലെ രയരോൻ കരുവാൻ വളപ്പിൽ ആർ.കെ അലി (45), കൊവ്വമൽ നൗഫൽ (39), പായം സ്വദേശികളായ താനിയോട്ട് യാക്കൂബ് (42), സി.എം വീട്ടിൽ മുസ്തഫ (47), കീഴൂരിലെ വയ്യപ്പുറത്ത് ബഷീർ (49), ഇരിക്കൂർ സ്വദേശികളായ മുംതാസ് മൻസിലിൽ കെ. ഷമ്മാസ് (35), കെ. ഷാനവാസ് (44), ബഷീർ (40) എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.
2005 മാർച്ച് 10ന് രാവിലെ 10.15ന് കണ്ണൂരിൽ നിന്ന് പേരാവൂരിലേക്ക് സ്വകാര്യ ബസിൽ യാത്ര ചെയ്യുകയായിരുന്ന അശ്വിനി കുമാറിനെ ഇരിട്ടി പയഞ്ചേരി മുക്കിൽവെച്ച് ബസ് തടഞ്ഞിട്ട് ജീപ്പിലെത്തിയ പ്രതികൾ കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ ജോസഫ് തോമസും പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകരായ രഞ്ജിത്ത് മാരാർ, പി.സി. നൗഷാദ് എന്നിവരും ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.