കണ്ണൂർ: നഗരത്തിൽ പെർമിറ്റില്ലാതെ ഓടുന്ന ഓട്ടോറിക്ഷകൾക്കെതിരെ നടപടിയുമായി പൊലീസും. അനധികൃതമായി സർവിസ് ചെയ്യുന്ന ഓട്ടോകളെ പിടികൂടാൻ പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ചു.
കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ പരിശോധന നടത്തിയാണ് അനധികൃതമായി ഓടുന്ന വണ്ടികളെ പൂട്ടുക. സ്ക്വാഡിന്റെ ഭാഗമായി ട്രാഫിക് എസ്.ഐയുടെ നേതൃത്വത്തിലും പരിശോധന നടക്കും. അനധികൃതമായി സർവിസ് നടത്തുന്ന ഓട്ടോറിക്ഷകൾക്ക് എതിരെ മോട്ടോർ വാഹന വകുപ്പും കർശന നടപടിയെടുക്കും. ഇതുസംബന്ധിച്ച് ഉത്തരമേഖല ഡെപ്യൂട്ടി ട്രാൻപോർട്ട് കമീഷണർ സി.വി.എം. ഷരീഫിന്റെ നേതൃത്വത്തിൽ ഓട്ടോറിക്ഷ തൊഴിലാളികൾ കഴിഞ്ഞദിവസം ചർച്ച നടത്തി. പെർമിറ്റില്ലാതെ ഓടുന്ന വണ്ടികൾക്കെതിരെ ഓട്ടോറിക്ഷ തൊഴിലാളികൾ രംഗത്തെത്തിയിരുന്നു.
സംയുക്ത ട്രേഡ് യൂനിയന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച ടൗൺ പരിധിയിൽ ഓട്ടോ പണിമുടക്ക് നടത്തും. പണിമുടക്കിൽ സഹകരിക്കാത്ത ഓട്ടോറിക്ഷകളെ തടയില്ലെന്നും സംയുക്ത ട്രേഡ് യൂനിയൻ സമിതി അറിയിച്ചു. തൊഴിൽ സംരക്ഷണത്തിനായി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു.
അനധികൃത ഓട്ടോ സർവിസ് തടയുക, ടൗൺ പാർക്കിങ്ങുള്ള ഓട്ടോറിക്ഷകൾക്ക് മഞ്ഞ നിറം കർശനമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഓട്ടോ ലേബർ യൂനിയൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ കഴിഞ്ഞദിവസം ആർ.ടി.ഒ ഓഫിസിലേക്ക് മാർച്ച് നടത്തി. കെ.എം.സി നമ്പർ ഒന്ന് മുതൽ 2500 വരെയുള്ള ഓട്ടോറിക്ഷകളുടെ ടൗൺ പെർമിറ്റ് പുനഃപരിശോധിക്കണമെന്നും ആവശ്യമുണ്ട്. കോർപറേഷൻ രൂപവത്കരിച്ചതിന് ശേഷം താലൂക്കടിസ്ഥാനത്തിൽ കൊടുത്ത പെർമിറ്റ് പുനഃപരിശോധിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നും ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.