ചക്കരക്കല്ല്: പൊലീസ് സ്റ്റേഷൻ പരിധിയിലെ വിവിധയിടങ്ങളിൽ ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമായത് 22 ലക്ഷം. ഗൂഗ്ൾ പേ വഴി അയച്ച പണം കിട്ടാത്ത സാഹചര്യത്തിൽ സഹായിക്കാമെന്ന് വിശ്വസിപ്പിച്ച് വ്യാജ ലിങ്കിലൂടെ ഉടമയുടെ പാസ് വേഡും ഒ.ടി.പിയും കൈക്കലാക്കിയാണ് പണം തട്ടിയത്.
മുണ്ടേരി ഏച്ചൂർ കരുണാലയത്തിലെ വിമുക്ത ഭടൻ ബാലചന്ദ്രന്റെ ഗുഗ്ൾ പേ വഴിയാണ് 1, 14,000 തട്ടിയെടുത്തത്. സേവിങ്സ് അക്കൗണ്ടിൽ നിന്ന് ഗൂഗ്ൾ പേ വഴി അയച്ച് പണം കിട്ടാതായതോടെയാണ് ഇയാൾ തട്ടിപ്പ് സംഘത്തിന്റെ കുരുക്കിൽപ്പെട്ടത്. കഴിഞ്ഞ ജൂലൈ നാലിന് സംഘം പരാതിക്കാരന്റെ അക്കൗണ്ടിൽ നിന്ന് രൂപ തട്ടിയെടുക്കുകയായിരുന്നു. മാച്ചേരി സ്വദേശി അബ്ദുൽ ഫൈസലിന്റെ 19 ലക്ഷമാണ് ഓൺലൈൻ ട്രേഡിങ് ബിസിനസിലൂടെ നഷ്ടമായത്.
ഫോറക്സ് ട്രേഡിങ് എന്ന പേരിലുള്ള കമ്പനിയിൽ ഫൈസലും രണ്ടു പേരും കൂടിച്ചേർന്ന് 19 ലക്ഷം നിക്ഷേപിച്ചു. ഒര ലക്ഷം രൂപക്ക് മാസത്തിൽ 15000 രൂപ ലാഭവിഹിതം തരാമെന്ന വ്യവസ്ഥയിലാണ് പണം നിക്ഷേപിച്ചത്. ആദ്യത്തെ ആറു മാസം ലാഭവിഹിതം അക്കൗണ്ടിലൂടെ ലഭിച്ചു. പിന്നീട് ലാഭവിഹിതം വരാതായതോടെ പരാതി നൽകുകയായിരുന്നു.
പാനേരിച്ചാലിലെ ഖദീജയുടെ ഒരു ലക്ഷത്തോളം രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. ഹോട്ടലിൽ റൂം ബുക്ക് ചെയ്ത ഖദീജ 5000 രൂപ അയച്ചു കൊടുത്തു. പിന്നീട് റൂം കാൻസൽ ചെയ്ത സമയം ഹോട്ടൽ മാനേജ്മെന്റിനോട് ബുക്ക് ചെയ്ത 5000 രൂപ തിരികെ ആവശ്യപ്പെട്ടു. പണം തിരികെ വേണമെങ്കിൽ ഫോണിൽ ആപ് ഡൗൺ ലോഡ് ചെയ്യാൻ ഹോട്ടൽ മാനേജ്മെന്റ് ആവശ്യപ്പെട്ടു. തുടർന്ന് ആപ് ഡൗൺ ലോഡ് ചെയ്യുകയും ഫോണിൽ വന്ന ഒ.ടി.പി കൈമാറുകയും ചെയ്തു.
പണം നഷ്ടമായത് മനസ്സിലായ ഖദീജയുടെ കുടുംബം ചക്കരക്കല്ല് പൊലീസിൽ പരാതി നൽകി. ബാലചന്ദ്രന്റെയും ഖദീജയുടെയും പണം നഷ്ടമായത് ഫോണിൽ പുതിയ ആപ് ഡൗൺ ലോഡ് ചെയ്തതോടെയാണ്. ആപ് ഡൗൺ ലോഡ്ചെയ്യുന്നതോടെ വരുന്ന ഒ.ടി.പി നമ്പർ കൈമാറുന്നതോടെ അക്കൗണ്ട് വഴി പണം നഷ്മാകുന്നത്. ആപ് ഡൗൺ ലോഡ് ചെയ്തുള്ള തട്ടിപ്പുകൾ കൂടിവരികയാണെന്നും ജനങ്ങൾ ഇത്തരം കാര്യങ്ങളിൽ ശ്രദ്ധിക്കണമെന്നും ചക്കരക്കൽ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.