ചക്കരക്കല്ല്: കണ്ണൂരിൽ ചൂടുപിടിച്ച് വീണ്ടും ബോംബ് രാഷ്ട്രീയം. ബാവോഡ് പരിവാരത്താണ് തിങ്കളാഴ്ച പുലർച്ചെ രണ്ട് ഐസ്ക്രീം ബോംബുകൾ പൊട്ടിയത്. ബാവോഡ് പൊട്ടൻകാവ് തിറമഹോത്സവ പരിപാടിയുമായി ബന്ധപ്പെട്ട് സി.പി.എം-ബി.ജെ.പി സംഘർഷം ഉടലെടുത്തിരുന്നു. ഇതിന്റെ തുടർച്ചയെന്നോണം ഞായറാഴ്ച ഇരുവിഭാഗം പ്രവർത്തകർ തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും പിന്നീട് സംഘർഷത്തിൽ കലാശിക്കുകയും ചെയ്തു.
സംഘർഷാവസ്ഥയെ തുടർന്ന് പ്രദേശത്ത് പൊലീസ് പട്രോളിങ് നടത്തിയിരുന്നു. പിന്നീട് തിങ്കളാഴ്ച പുലർച്ചെ 3.30 ഓടെയാണ് സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഹരിദാസന്റെ വീടിന് മുൻവശത്ത് രണ്ട് ഐസ്ക്രീം ബോംബുകൾ പൊട്ടിയത്. ഈ സമയം 30 മീറ്റർ അകലെ പൊലീസ് പട്രോളിങ് നടത്തുന്നുണ്ടായിരുന്നു.
ഉടൻ സി.ഐ ബിനു തോമസ്, എസ്.ഐമാരായ ലിനേഷ്, പവനൻ എന്നിവരടങ്ങുന്ന പൊലീസ് സംഘം പരിശോധന നടത്തി. ഏറെനേരം തിരച്ചിൽ നടത്തിയെങ്കിലും ബോംബുമായി എത്തിയ സംഘത്തെ കണ്ടെത്താനായില്ല. കണ്ണൂരിൽ നിന്നുള്ള ഫോറൻസിക് യൂനിറ്റിലെ ടി. അഞ്ജിത, ബോംബ് സ്ക്വാഡിലെ സി.പി. ബിനീഷ്, ജിജിൻരാജ്, സജീഷ്, കെ. ലിനേഷ് ഡോഗ് സ്ക്വാഡിലെ ആർ.എ. രതീപ്, കെ.വി. നികേഷ് എന്നിവർ പ്രദേശത്ത് പരിശോധന നടത്തി.
പൊട്ടൻകാവ് തിറമഹോത്സവത്തിലെ കാഴ്ചവരവുമായി ബന്ധപ്പെട്ടുള്ള പ്രശ്നമാണ് സംഘർഷത്തിന്റെ തുടക്കം. പിന്നീട് പ്രവർത്തകർ തമ്മിൽ വാക്കേറ്റവും സംഘർഷവുമായി. ബാവോഡ് പരിവാരം പ്രദേശത്ത് വൻപൊലീസ് സംഘമാണ് ക്യാമ്പ് ചെയ്തിട്ടുള്ളത്. സംഘർഷം വ്യാപിക്കാതിരിക്കാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായാണ് പൊലീസ് കൂടുതൽ സേനയെ പ്രദേശത്ത് ഒരുക്കിയത്. സമാധാനം നിലനിൽക്കുന്ന പ്രദേശത്ത് ബോംബ് വീണതോടെ ജനങ്ങളാകെ പരിഭ്രാന്തരായി.
ബി.ജെ.പി ജില്ല സെക്രട്ടറി അരുൺ കൈതപ്രം, ജില്ല വൈസ് പ്രസിഡന്റ് പി.ആർ. രാജൻ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.
വൈകീട്ട് ചക്കരക്കല്ല് പൊലീസ് സ്റ്റേഷനിൽ സി.ഐ ബിനുവിന്റെ മധ്യസ്ഥ സമാധാന ചർച്ചയിൽ സി.പി.എം നേതാക്കളായ എം.കെ. മുരളി, അരവിന്ദാക്ഷൻ, കുഞ്ഞിരാമൻ, ബി.ജെ.പി നേതാക്കളായ പി.ആർ. രാജൻ, അരുൺ കൈതപ്രം എന്നിവർ പങ്കെടുത്തു. പ്രദേശത്ത് സമാധാന അന്തരീക്ഷം നിലനിർത്താൻ യോഗം തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.