ചക്കരക്കല്ല്: കനത്തചൂടിൽ ജില്ലയിലെ പ്രധാന ജലസ്രോതസ്സുകൾ വറ്റിവരണ്ടു. പടുവിലായി, ഊർപ്പള്ളി, ചാമ്പാട് ഭാഗങ്ങളിലെ തോടുകളെല്ലാം വറ്റിവരണ്ട നിലയിലാണ്. ചാലുപറമ്പ്-മാവിലക്കൊവ്വൽ റോഡിന് മുൻവശം പുഴ വറ്റി. ജലവിതാനം താഴ്ന്നതോടെ കുടിവെള്ളത്തിന് പ്രയാസം നേരിടുകയാണ്.കാർഷിക മേഖലയും കനത്ത പ്രയാസത്തിലാണ്. പഴശ്ശി മെയിൻ കനാൽ വഴിയുള്ള ജലവിതരണം ട്രയൽ റണ്ണിൽ ഒതുങ്ങിയതും ജലക്ഷാമത്തിന് ആക്കം കൂട്ടി.
മിക്ക കിണറുകളിലും ജലവിതാനം താഴ്ന്നിട്ടുണ്ട്. തോടുകളിലും ജലാശയങ്ങളിലും ജലനിരപ്പ് ക്രമാതീതമായി താഴ്ന്നിരിക്കുകയാണ്.
പഴശ്ശി ജലസംഭരണിയിൽ ജലനിരപ്പ് കുറഞ്ഞതോടെയാണ് പരീക്ഷണാടിസ്ഥാനത്തിലുള്ള ഒഴുക്ക് നിർത്തിയത്. നേരത്തെ ജലമൊഴുകിയപ്പോൾ കിണറുകളിൽ ജലവിതാനം ഉയർന്നിരുന്നു. ഇത് പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് ആശ്വാസമായിരുന്നു.
കോടിക്കണക്കിനു രൂപ ചെലവാക്കി കനാൽ നവീകരിച്ച ശേഷമാണ് കഴിഞ്ഞ ജനുവരി 30ന് കനാൽ വഴി വെള്ളം തുറന്നുവിട്ടത്. കടുത്ത വേനൽ അനുഭവപ്പെടുന്ന ഫെബ്രുവരി, മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ ജലവിതരണം തുടർന്നാൽ വലിയ മാറ്റങ്ങൾ കാർഷിക മേഖലക്ക് ഉണ്ടാകും. ഒപ്പം പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് വലിയൊരാശ്വാസവുമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.