ചക്കരക്കല്ല്: ചെമ്പിലോട് പഞ്ചായത്ത് തന്നട വാർഡിലെ ഹാജിമുക്ക് റോഡിലെ നാട്ടുകാർ ഉന്നയിക്കുന്ന ഒരു ചോദ്യമുണ്ട്. ഈ ദുരിതയാത്രക്ക് എന്ന് അറുതിയുണ്ടാവും? അധികൃതരുടെ അനാസ്ഥമൂലം കാലങ്ങളായി ഈ നാട്ടുകാർ യാത്രദുരിതം അനുഭവിക്കുകയാണ്.
കടന്നപ്പള്ളി-അബ്ദുല്ല റോഡിൽ ചളിയിലും കുഴിയിലും വാഹനങ്ങൾ പെടുന്നത് പതിവായിരിക്കുകയാണ്. വലിയ വാഹനങ്ങൾ ഈ റോഡിൽ വരാതായതോടെ സ്കൂൾ ബസ്സിൽ പോവേണ്ട വിദ്യാർഥികൾ കാൽനട ചെയ്യേണ്ട സ്ഥിതിയാണ്. ദുരിതം പേറിയുള്ള യാത്രയുടെ സ്ഥിതി അധികൃതരെ അറിയിച്ചിട്ടും അനക്കമില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.
തന്നട ഹാജിമുക്കിലെ കയറ്റം കുറക്കാനുള്ള ലക്ഷ്യത്തോടെ സെപ്റ്റംബർ ആദ്യവാരം പ്രവൃത്തി ആരംഭിച്ചിരുന്നു. ആദ്യഘട്ടത്തിൽ റോഡിൽ പൂർണമായും മണ്ണിടുകയാണ് ചെയ്തത്. എന്നാൽ പിന്നീട് പെയ്ത ശക്തമായ മഴയിൽ റോഡ് ചെളിക്കുളമായി മാറി. ഇതോടെ ഇത് വഴിയുള്ള ഗതാഗതം കൂടുതൽ ദുഷ്കരമായി. മണ്ണിട്ട പ്രവ്യത്തിയല്ലാതെ റോഡിൽ മറ്റ് പണികളൊന്നും തന്നെ നടന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
നാട്ടുകാരെ മുഴുവനും പങ്കെടുപ്പിച്ച് ശനിയാഴ്ച രാവിലെ 10ന് ചാലയിലുള്ള എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലേക്ക് പ്രതിഷേധമാർച്ച് നടത്താൻ തീരുമാനിച്ചിരിക്കുകയാണ് റോഡ് ആക്ഷൻ കമ്മിറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.