ചക്കരക്കല്ല്: മോഷണവിവരം പൊലീസിനെ അറിയിച്ചതിെൻറ പ്രതികാരത്തിൽ യുവാവിനെ കൊലപ്പെടുത്തി ചാക്കിൽക്കെട്ടി കനാലിൽ തള്ളിയ സംഭവത്തിൽ മുഖ്യപ്രതി കീഴടങ്ങി. പ്രശാന്തി നിവാസിൽ ഇ. പ്രജീഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മിടാവിലോട് സ്വദേശി പൊതുവാച്ചേരിയിലെ കൊല്ലറാേത്ത് അബ്ദുൽ ഷുക്കൂറാണ് (43) ചക്കരക്കല്ല് പൊലീസിൽ കീഴടങ്ങിയത്.
ശനിയാഴ്ച പുലർച്ച നാലോടെ ഇയാൾ വാഹനത്തിലെത്തി ചക്കരക്കല്ല് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. കൊലപാതകം നടത്തിയ ശേഷം ഒളിവിലായിരുന്നു. ഇതര സംസ്ഥാനങ്ങളിലുൾപ്പെടെ വിപുലമായ അന്വേഷണം നടക്കുന്നതിനിടെയാണ് പ്രതിയുടെ കീഴടങ്ങൽ. ശനിയാഴ്ച രാവിലെ തന്നെ അറസ്റ്റും രേഖപ്പെടുത്തി. കൊല നടത്തി മൃതദേഹം കനാലിൽ തള്ളിയ ശേഷം മംഗളൂരു വഴി ആന്ധ്രയിലേക്ക് കടന്ന പ്രതി പിന്നീട് ബംഗളൂരു, മൈസൂരു, കുടക് വഴി വെള്ളിയാഴ്ച ഉച്ചയോടെ ഇരിട്ടിയിലെത്തി. തുടർന്ന്, തലശ്ശേരിയിലെത്തിയ പ്രതി ശനിയാഴ്ച പുലർച്ച ചക്കരക്കല്ല് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്.
ചക്കരക്കല്ല് സി.ഐ എൻ.കെ.സത്യനാഥെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ ചോദ്യം ചെയ്യൽ തുടങ്ങി. ഒരു മണിയോടെ ഇയാളെ പൊലീസ് വാഹനത്തിൽ, പ്രാഥമിക തെളിവെടുപ്പിനും വൈദ്യ പരിശോധനക്കുംശേഷം സിറ്റി പൊലീസ് കമീഷണറുടെ ഓഫിസിൽ ഹാജരാക്കി. കമീഷണർ ആർ.ഇളങ്കോയുടെ നേതൃത്വത്തിലും ചോദ്യം ചെയ്തു. മൃതദേഹം കണ്ടെത്തിയ പൊതുവാച്ചേരി കനാൽക്കരയിലാണ് ഇയാളെ ആദ്യമെത്തിച്ചത്. കൊലക്കുപയോഗിച്ച ആയുധം, കൊല നടത്തിയ ശേഷം മൃതദേഹം കനാലിൽ തള്ളിയത് വരെയുള്ള കാര്യങ്ങൾ സംബന്ധിച്ച വിശദമായ ചോദ്യം ചെയ്യൽ പിന്നീട് നടക്കും.
വീടുനിർമാണത്തിനുവെച്ച മര ഉരുപ്പടികൾ മോഷ്ടിച്ച കേസിൽ അബ്ദുൽ ഷുക്കൂർ ഉൾപ്പെട്ട വിവരം പൊലീസിന് കൈമാറിയതിലുള്ള പ്രതികാരമാണ് പ്രജീഷിെൻറ കൊലയിലേക്ക് നയിച്ചത്. ഷുക്കൂറിനൊപ്പം പ്രശാന്തനും കൊലയിൽ പങ്കുള്ളതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മോഷണക്കേസിൽ റിമാൻഡിലായ ഷുക്കൂർ പുറത്തിറങ്ങിയ ശേഷം ഈ മാസം 19ന് രാത്രിയാണ് കൊല നടത്തിയത്. പ്രശാന്തനാണ് ഷുക്കൂറിനുവേണ്ടി പ്രജീഷിനെ വിളിച്ചുവരുത്തിയത്. പിടിഭാഗം വലുതായ കൊടുവാൾ ഉപയോഗിച്ച് തലക്കിടിച്ചാണ് കൊല നടത്തിയത്. തുടർന്ന് മൃതദേഹം തുണിയിലും ചാക്കിലുമായി ചുരുട്ടിക്കെട്ടി എട്ട് കിലോമീറ്റർ അകലെ പൊതുവാച്ചേരിയിലെ കരുണൻ പീടികക്ക് സമീപത്തെ കനാലിൽ തള്ളുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.