ചക്കരക്കല്ല്: ചക്കരക്കല്ലിൽ യുവാവിനെ കൊന്ന് ചാക്കിൽക്കെട്ടി കനാലിൽ തള്ളിയ കേസിൽ കീഴടങ്ങിയ മുഖ്യപ്രതിക്കെതിരെ പ്രകോപിതരായി ജനം. മരംമുറി തൊഴിലാളി പ്രശാന്തി നിവാസിൽ പ്രജീഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അബ്ദുൽ ഷുക്കൂറിനെ കാണാൻ വൈകീട്ട് മൂന്നോടെ കുട്ടിക്കുന്നുമെട്ടയിലും മിടാവിലോട് കൊല്ലറത്തെ വീട്ടിലുമായി നിരവധിയാളുകളാണ് തടിച്ചുകൂടിയത്.
കനത്ത സുരക്ഷയിലാണ് വൈകീട്ട് അഞ്ചോടെ ഷുക്കൂറിനെ പൊലീസ് തെളിവെടുപ്പിനായി വീട്ടിലെത്തിച്ചത്. നാട്ടുകാരും സുഹൃത്തുക്കളും പ്രതിയെ ആക്രമിക്കാൻ നിരവധി തവണ ശ്രമം നടത്തി. എന്നാൽ, പൊലീസ് വലയം തീർത്ത് രക്ഷപ്പെടുത്തുകയായിരുന്നു. അതേസമയം, പ്രജീഷിനെ കൊന്ന സ്ഥലമായ കുട്ടിക്കുന്നുമ്മൽ മെട്ടയിൽ പൊലീസ് തെളിവെടുപ്പ് നടത്തിയില്ല. നാട്ടുകാരുടെ പ്രതിഷേധം ഉണ്ടാവുമെന്ന ഭയത്താലാണ് തെളിവെടുപ്പ് നടത്താതെ പ്രതിയെ പൊലീസ് സ്റ്റേഷനിലേക്ക് തിരിച്ചുകൊണ്ടുപോയത്.
ശനിയാഴ്ച പുലർച്ച നാലിനാണ് ഷുക്കൂർ സ്റ്റേഷനിൽ കീഴടങ്ങാനെത്തിയത്. സി.ഐ എം.കെ. സത്യനാഥിെൻറ നേതൃത്വത്തിലുള്ള ചോദ്യം ചെയ്യലിൽ, കൊടുവാൾ ഉപയോഗിച്ച് പ്രജീഷിനെ കഴുത്തിെൻറ പിന്നിലിടിച്ച് കൊല്ലുകയായിരുന്നുവെന്ന് പ്രതി സമ്മതിച്ചു. തുടർന്ന് തുണിയിലും ചാക്കിലും വരിഞ്ഞുമുറുക്കിയ മൃതദേഹം സ്കൂട്ടറിൽ കെട്ടി പൊതുവാച്ചേരി മണിക്കിയിൽ അമ്പലത്തിന് സമീപത്തെ കരുണൻ പീടികക്ക് മുന്നിലുള്ള കനാലിൽ തള്ളുകയായിരുന്നു.
വൈകീട്ട് അഞ്ചിന് പ്രതിയെ മിടാവിലോട് അംഗൻവാടിക്ക് സമീപം റുബീന മൻസിലിലെ വീട്ടിൽ തെളിവെടുപ്പിന് കൊണ്ടുവന്നു. 45 മിനിറ്റോളം വീട്ടിൽ വെച്ച് പ്രതിയുടെ മൊഴി രേഖപ്പെടുത്തുകയും കൊല്ലാൻ ഉപയോഗിച്ച നീളമുള്ള കത്തികൾ വീട്ടിൽനിന്ന് കണ്ടെത്തുകയും ചെയ്തു. കൊലപ്പെടുത്തിയതിനുശേഷം ആയുധം വീട്ടിൽ കൊണ്ടുവെച്ചതാണെന്ന് പ്രതി മൊഴി നൽകി. മര ഉരുപ്പടി കേസിൽ തനിക്കെതിരെ പരാതി നൽകിയതിനാലാണ് പ്രജീഷിനെ കൊലപ്പെടുത്തിയതെന്ന് സമ്മതിച്ചു. ഞായറാഴ്ച കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.