ചക്കരക്കല്ല്: കേരളത്തിലെ സർക്കാർ സ്കൂളുകളിൽ മികച്ച മാറ്റമാണുണ്ടായതെന്നും രാജ്യത്തിന് ആകെ അനുകരണീയമായ മാത്യകയാെണന്നും സി.പി.എം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി പറഞ്ഞു. കേവലം സർക്കാർ എയ്ഡ് മാത്രം ആശ്രയിക്കാതെ ലഭ്യമാകുന്ന എല്ലാ സ്രോതസ്സുകളിൽ നിന്നും വിഭവ സമാഹരണം നടത്തി ഒന്നുമില്ലായ്മയിൽനിന്ന് പരിവർത്തനം ചെയ്ത മുണ്ടേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ സന്ദർശിക്കുകയായിരുന്നു സിതാറാം യെച്ചൂരി. ജില്ല സെക്രട്ടറി എം.വി. ജയരാജനും മുൻ എം.പി കെ.കെ. രാഗേഷും കൂടെയുണ്ടായിരുന്നു. കെ.കെ. രാഗേഷ് ചെയർമാനായിട്ടുള്ള മുദ്രാ വിദ്യാഭ്യാസ സമിതിയാണ് രാജ്യത്തെ 23 പൊതുമേഖല കമ്പനികളിൽനിന്ന് 24 കോടി രൂപ സമാഹരിച്ച് ഏറ്റവും ആധുനിക സൗകര്യങ്ങൾ ഗ്രാമീണ വിദ്യാർഥികൾക്ക് ഒരുക്കിക്കൊടുത്തത്.
ഇതോടൊപ്പം സംസ്ഥാന സർക്കാർ 7.85 കോടി രൂപയും വിവിധ എം.പി ഫണ്ടിൽനിന്ന് അഞ്ചു കോടി രൂപയും എം.എൽ.എ ഫണ്ടിൽ നിന്ന് ഒരു കോടി രൂപയും ജനങ്ങളിൽനിന്ന് സമാഹരിച്ച 35 ലക്ഷം രൂപയും ചേർന്ന് ആകെ 40 കോടി രൂപയുടെ ആധുനിക സൗകര്യങ്ങളാണ് മുണ്ടേരിയിൽ ഒരുക്കിയത്. മികച്ച പ്ലാനേറ്ററിയം, ആയിരം പേർക്ക് ഇരിക്കാവുന്ന എ.സി ഓഡിറ്റോറിയം, മുണ്ടേരി പഞ്ചായത്തിലെ 6000 വിദ്യാർഥികൾക്ക് പ്രയോജനപ്പെടുന്ന ഡിജിറ്റൽ ലൈബ്രറി എന്നിവ ഇവിടെയുണ്ട്.
മുദ്രാ പദ്ധതിയിൽ പഞ്ചായത്തിലെ മുഴുവൻ എൽ.പി, യു.പി സ്കൂളും പരിവർത്തനം ചെയ്യുന്നുണ്ട്. കാഞ്ഞിരോട് എൽ.പി സ്കൂളിൽ 1.2 കോടി രൂപയുടെ നിർമാണോദ്ഘാടനം ഏപ്രിൽ 16ന് നിർവഹിക്കുമെന്ന് ചെയർമാൻ കെ.കെ. രാഗേഷ് അറിയിച്ചു. നൂതന വിദ്യാഭ്യാസ മാതൃക നേരിട്ട് കാണുവാൻ വന്ന സിതറാം യെച്ചൂരിക്ക് മുദ്രാ വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ ഹൃദ്യമായ സ്വീകരണം നൽകി. മുണ്ടേരി പഞ്ചായത്ത് പ്രസിഡന്‍റ് എ. അനിഷ, വൈസ് പ്രസിഡന്‍റ് എ. പങ്കജാക്ഷൻ പ്രിൻസിപ്പൽ എം. മനോജ്കുമാർ, ഹെഡ്മാസ്റ്റർ ഹരീന്ദ്രൻ, സി.പിഎം ഏരിയ സെക്രട്ടറി കെ. ബാബുരാജ്, മൗവ്വഞ്ചേരി റൂറൽ ബാങ്ക് പ്രസിഡന്‍റ് പി. ചന്ദ്രൻ, പി.പി. ബാബു, കെ. ശശി, എ. നസീർ, കോമത്ത് രമേശൻ തുടങ്ങിയവർ സ്വീകരണ പരിപാടിയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.